Pope's Message Reader's Blog

തിരുഹൃദയം ജീവജലത്തിൻ്റെ അരുവികൾ ചൊരിയുന്നത് തുടരും…

ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

‘ഡിലെക്സിറ്റ്‌ നോസ്’‌ (Dilexit nos)- ൻ്റെ കാലികപ്രസക്തി!

28000 വാക്കുകളും 220 ഖണ്ഡികകളും 227 അടിക്കുറിപ്പുകളും ഉള്ള ‘ഡിലെക്സിറ്റ്‌ നോസ്’ (Dilexit Nos / അവൻ നമ്മെ സ്നേഹിച്ചു) എന്ന ചാക്രീയ ലേഖനത്തിന് നാല് അദ്ധ്യായങ്ങളും ചെറിയൊരു ഉപസംഹാരവുമാണുള്ളത്. തിരുഹൃദയഭക്തിയെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ഈ ചക്രീയലേഖനത്തെ വി. കുർബാനയെക്കുറിച്ചുള്ള ചക്രീയലേഖനം എന്ന് വിളിക്കാനാകും.

കാരണം വി. കുർബാനയിൽ പങ്കുകൊണ്ടുകൊണ്ടും, വി. കുർബാന സ്വീകരിച്ചുകൊണ്ടും, വ്യാഴാഴ്ചകളിൽ വി. കുർബാനക്കുമുൻപിൽ ഒരു മണിക്കൂർ ആരാധനാ നടത്തിക്കൊണ്ടും തിരുഹൃദയഭക്തി തുടരണമെന്നും പ്രോത്സാഹിപ്പിക്കണമെന്നുമാണ് ഫ്രാൻസിസ് മാർപ്പാപ്പ പറയുന്നത്. ഒരു കെട്ടിടത്തെ മുഴുവൻ താങ്ങിനിർത്തുന്ന അടിസ്ഥാനശില പോലെ ശക്തമായ ഒരു “സ്പിരിച്വൽ മാസ്റ്റർ പീസ്” (spiritual master piece) എന്ന് വിളിക്കാവുന്ന ഈ ചാക്രീയ ലേഖനം അടിസ്ഥാനപരമായി സ്നേഹത്തെക്കുറിച്ചുള്ള ചാക്രീയ ലേഖനമാണ്.

“സഭാഘടനകളിലും സിദ്ധാന്തങ്ങളിലും തളക്കപ്പെട്ട ഇന്നത്തെ സഭാ സംവിധാനത്തിൽ” പകച്ചുനിൽക്കുന്ന നാം “ദൈവം ഹൃദയമുള്ളവനാണെന്ന്” അറിയണമെന്ന് മാർപ്പാപ്പ ഓർമ്മിപ്പിക്കുന്നു. “അദ്ധ്യാൽമികതയെ അത്യധികമായി ബൗദ്ധികവൽക്കരിക്കുന്നതിലെ അപകടം” ചൂണ്ടിക്കാണിക്കാനും ഈ ചക്രീയലേഖനം ശ്രമിക്കുന്നു.

“ലോകത്തിന് ഹൃദയം നഷ്ടപ്പെട്ടു” എന്ന് പറയുന്നിടത്ത് “യുദ്ധത്തിൽ മക്കളെയും കൊച്ചുമക്കളെയും നഷ്ടപ്പെട്ടു കരയുന്ന മുതിർന്ന സ്ത്രീകളുടെ അവസ്ഥ” മാർപ്പാപ്പ വിവരിക്കുന്നുണ്ട്. ഈ ചക്രീയലേഖനത്തിന്റെ കാലികപ്രസക്തി ഫ്രാൻസിസ് മാർപ്പാപ്പയുടെ തനതായ അവതരണരീതിയിലും ഈ ചാക്രീയ ലേഖനമെഴുതിയ സന്ദർഭത്തിലും ഇതിന്റെ ഉള്ളടക്കത്തിലും മാർപ്പാപ്പ എടുത്തുപറയുന്ന ഉദാഹരണങ്ങളിലും പ്രകടമാണ്.

അവതരണരീതിയും കാലിക പ്രസക്തിയും കാലികപ്രസക്തമായ അവതരണരീതിയാണ് “ഡെലീക്സിറ്റ്‌ നോസ്‌”- ൽ മാർപ്പാപ്പ അവലംപിച്ചിരിക്കുന്നത്. തന്റെ സ്വന്തം ജീവിതാനുഭവത്തിൽ നിന്നും വിവരിക്കുന്ന രീതി “ഡിലെക്സിറ്റ്‌ നോസ്‌”-ൽ മാർപ്പാപ്പ സ്വീകരിച്ചു. ഉദാഹരണത്തിന് കാർണിവലിനു മുത്തശ്ശി കുമളിച്ച “അകം പൊള്ളയായ” പപ്പടം പോലുള്ള പലഹാരം ഉണ്ടാക്കിയ കഥ പറഞ്ഞുകൊണ്ട് നുണയുടെ പൊള്ളത്തരം മാർപ്പാപ്പ വിശദീകരിക്കുകയും വ്യക്തമാക്കയും ചെയ്തു.

അതുപോലെ ഒന്നാമത്തെ അധ്യായത്തിന് പ്രചോദകമായത് 2022-ൽ അറുപത്തി ആറാമത്തെ വയസിൽ താരതമ്യേന ചെറുപ്പത്തിലേ മരിച്ച ഡീഗോ ഫേറസ് (Diego Fares) എന്ന ഒരു ഈശോസഭക്കാരൻ സുഹൃത്തിന്റെ പ്രസിദ്ധീകരിക്കാത്ത കുറിപ്പുകളാണെന്ന് മാർപ്പാപ്പ പറയുന്നതും അവതരണത്തിലെ തനിമയും സുതാര്യതയും വിളിച്ചോതുന്നു.

താത്വിക പഠനത്തിന്റെ വെളിച്ചത്തിലല്ല ജീവിക്കുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഫ്രാൻസിസ് മാർപ്പാപ്പ ഈ ചാക്രീയ ലേഖനം ഏഴുതിയിരിക്കുന്നത്. ചാക്രീയ ലേഖനങ്ങളുടെ ഇതുവരെയുള്ള ശൈലിക്കും സ്വഭാവത്തിനും വ്യത്യസ്തമായി വിശ്വസാഹിത്യത്തിൽനിന്നുമുള്ള ഉദാഹരണങ്ങളും “ഡിലെക്സിറ്റ്‌ നോസ്‌-“ൽ കാണാനാകും.

ഉദാഹരണത്തിന് ഹൃദയങ്ങളുടെ സഹവസിക്കൽ വിശദീകരിക്കാൻ ഡോസ്റ്റോവിസ്കിയുടെ “ചെകുത്താൻമാർ” എന്ന നോവലിലെ ‘നോക്കോളായ് സ്റ്റേവറോജിൻ’ എന്ന കഥാപാത്രത്തെക്കുറിച്ചു റൊമാനൊ ഗുവാർഡിനി പറയുന്നത് മാർപ്പാപ്പ ഉദ്ധരിക്കയാണ്. “നോക്കോളായ് സ്റ്റേവറോജിൻ ഹൃദയ ശൂന്യനായതുകൊണ്ട് തിന്മയുടെ അവതാരമാണ്. അവന് ഹൃദയമില്ല. അവന്റെ മനസ് ശൂന്യവും തണുത്തുറഞ്ഞതും ആണ്. അവൻ ആരുടെ അടുത്തും പോകാറില്ല. അവന്റെ അടുത്ത് ആർക്കും വരാനും ആകില്ല.

“സഭയിൽ അധുനീകരണതിന്റെ തിരി കൊളുത്തിയ വാഴ്ത്തപ്പെട്ട റൊമാനൊ ഗുവാർഡിനിയുടെ “ഡോസ്റ്റോവിസ്കിയുടെ കൃതികളിലെ മതാൽമകത” എന്ന പുസ്തകത്തിൽ നിന്നുമാണ് മാർപ്പാപ്പ ഉദ്ധരിക്കുന്നത്. “ഹൃദയത്തിലൂടെയേ ഒരു മനുഷ്യന്റെ സമീപത്തു എത്താനാകൂ” എന്ന കാലികപ്രസക്തമായ സന്ദേശമാണ് അതുവഴി നൽകാൻ മാർപ്പാപ്പ ഉദ്ദേശിക്കുന്നത്.

തത്വശാസ്ത്രത്തിൽ നിന്നുമുള്ള ദർശനങ്ങളും “ഡിലെക്സിറ്റ്‌ നോസ്‌”-ന്റെ അവതരണത്തിൽ ദൃശ്യമാണ്. ഉദാഹരണത്തിന് എല്ലാ മണ്ഡലങ്ങളിലും ഹൃദയത്തിനുള്ള പ്രാധാന്യം എടുത്തു പറയുന്നിടത്ത് “തത്വശാസ്ത്രത്തിന്റെ തുടക്കത്തിന് വികാരങ്ങളും മാനസികാവസ്ഥയും അടിസ്ഥാനഘടകമാണെന്ന്” പറയുന്ന ആധുനിക ജർമ്മൻ ദാർശനികനായ മാർട്ടിൻ ഹെയ്‌ഡഗ്ഗറെ മാർപ്പാപ്പ ഉദ്ധരിക്കുന്നു. “ദൈവത്തിന് ഹൃദയം തുറക്കാൻ അതിധിമന്ദിരം ആവശ്യമാകുന്ന ദൗർഭാഗ്യത്തെക്കുറിച്ചു” ഹൈഡഗ്ഗർ പറയുന്നതും മാർപ്പാപ്പ ഉദ്ധരിക്കുന്നു.

കാൾ റാണർ, ജോൺ ഹെൻറി ന്യുമാൻ തുടങ്ങിയ പ്രശസ്തരായ ദൈവശാസ്ത്രജ്ഞർ തിരുഹൃദയഭക്തിയെക്കുറിച്ചും ഹൃദയത്തിന്റെ ഭാഷയായ സ്നേഹത്തെക്കുറിച്ചും പ്രതിപാദിക്കുന്നത് ഉദ്ധരിച്ചും വി. ബൊനവഞ്ചർ, ഇഗ്‌നേഷ്യസ് ലയോള തുടങ്ങിയ വിശുദ്ധർ അദ്ധ്യാൽമികജീവിതത്തിൽ ഹൃദയത്തിന്റെ പ്രാധാന്യം വിവരിക്കുന്നത് വിശദീകരിച്ചും പതിവ് ചക്രീയലേഖനങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതുവഴി “ഡിലെക്സിറ്റ്‌ നോസ്‌” തന്നതും കാലികപ്രസക്തവും ആണ്.

പഴയ നിയമത്തിൽ നിന്നും പുതിയ നിയമത്തിൽനിന്നുമുള്ള ഉദ്ധരണികൾക്കു പുറമെ ഹ്രുദയപരിവർത്തനത്തെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ സൂചിപ്പിക്കുന്നതും
സഭാപിതാക്കന്മാരായ ബേസിലും അബ്രോസും ജോൺ ഡാമെഷീനും ക്രിസ്തുവിന്റെ സ്നേഹത്തെ വിവരിക്കുന്നതും വിശദീകരിച്ചും വിവിധ സൂനഹദോസുകളുടെ പ്രമാണരേഖകളിൽനിന്നും ഉദ്ധരിച്ചും ഈ ചാക്രീയ ലേഖനത്തിന്റെ അവതരണരീതി ശാസ്ത്രീയമാക്കാനും മാർപ്പാപ്പ ശ്രദ്ധിച്ചു.

ഫ്രാൻസിസ്‌ മാർപ്പാപ്പയുടെ “ലൗദാത്തോ സീ” (laudato si), പത്താം പിയൂസ് മാർപ്പാപ്പയുടെ “ഹൌറിയെന്തിസ് അക്വാസ് (haurietis aquas), ആറാം പിയൂസ് മാർപ്പാപ്പയുടെ “കോൺസ്റ്റിട്യുസിയോൺ അവ്ട്ടോരെം ഫിദേയി” (Constitution Autorem Fidei), (1794), ലെയോ പന്ത്രണ്ടാമൻ മാർപ്പാപ്പയുടെ “അന്നും സാക്‌റും” (Annum sacrum) തുടങ്ങിയ ചാക്രീയ ലേഖനങ്ങളുടെയും ത്രെന്തോസ്‌, എഫേസൂസ്‌, രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ തുടങ്ങിയ സൂന്നഹദോസുകളുടെയും ആശയപരമായ അടിത്തറയും ഉറപ്പുവരുത്തിയാണ് മാർപ്പാപ്പ “ഹൃദയമുള്ള ദൈവത്തെക്കുറിച്ചും” “ഹൃദയം നഷ്ടപ്പെട്ട ലോകത്തെക്കുറിച്ചും” എഴുതുന്നത്.

അതായത് വിശ്വാസിക്കും അവിശ്വാസിക്കും ദാർശികനും സാഹിത്യകാരനും പാരമ്പര്യ വാദിക്കും ആധുനീകരണവാദിക്കും ഒരുപോലെ മനസിലാകുന്ന അവതരണരീതിയും ഭാഷയുമാണ് “ഡിലെക്സിറ്റ്‌ നോസ്”-ൽ മാർപ്പാപ്പ ഉപയോഗിക്കുന്നത്. മാർപ്പാപ്പയുടെ വ്യക്തിപരമായ ജീവിതാനുഭവങ്ങളും അദ്ധ്യാൽമികതയും ദൈവശാസ്ത്രവും ബോധ്യവും പ്രതീക്ഷയും പരാമർശിച്ചുകൊണ്ടുള്ള ചക്രീയലേഖനം ആണിത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ ആദ്യത്തെ മൂന്ന് ചാക്രീയലേഖനങ്ങളിൽ നിന്നും വ്യത്യസ്തമായി സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ ഈ ചാക്രീയലേഖനത്തിൽ കാര്യമായി പ്രതിപാദിക്കുന്നില്ല.

മാർപ്പാപ്പ വ്യക്തമാക്കുന്നതുപ്പോലെ “മനുഷ്യർക്ക് ഹൃദയമില്ല” എന്നതാണ് ഇന്നത്തെ പ്രശ്നം; ഹൃദയമുണ്ടാകണം. സ്‌നേഹതിന്റെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും കരുണയുടെയും പ്രതീകമാണ് ഹൃദയം. ഈശോയുടെ തിരുഹൃദയം ദൈവത്തിന്റെ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമാണ്. ആ ദിവ്യഹൃദയത്തോടുള്ള ഭക്തി കാലികപ്രസക്തം തന്നെ.

സന്ദർഭവും കാലികപ്രസക്തിയും

സിൻഡിനെക്കുറിച്ചുള്ള സിനഡ് അവസാനിക്കുന്നതിന് നാലു ദിവസങ്ങൾക്ക് മുൻപ്, 2024 ഒക്ടോബർ 25 ബുധനാഴ്ചയാണ് ദൈവികവും മാനുഷികവുമായ ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച്‌ “ഡിലെക്സിറ്റ്‌ നോസ്‌” എന്ന ചാക്രീയ ലേഖനം ഫ്രാൻസിസ് മാർപ്പാപ്പ പ്രസിദ്ധീകരിക്കുന്നത്. സിൻഡിനെക്കുറിച്ചുള്ള സിനഡ് സഭാസങ്കല്പത്തിൽ തന്നെ മാറ്റം സൃഷ്ടിച്ചു.

ഇതുവരെ സഭ ഹയരാർക്കിയാണ്; സഭ ഹയരാർക്കിക്കലും ആണ്. സിനോടൽ രീതിയനുസരിച്ചു സഭ ഹയരാർക്കിയാണ്; എന്നാൽ സഭ ഹയരാർക്കികൽ അല്ല. വിപ്ലവകരവും ആധുനികവുമായ സിനഡിന്റെ കാഴ്ചപ്പാടുകൾക്ക് മുൻപിൽ തിരുഹൃദയഭക്തിയും അതുപോലുള്ള ഭക്തകൃത്യങ്ങളും പ്രസക്തമാണെന്നുള്ള ഓർമ്മപ്പെത്തലാണ് ഈ ചാക്രീയലേഖനം.

അതായത് ഫ്രാൻസിസ് മാർപ്പാപ്പയുടെ “ഡിലെക്സിറ്റ്‌ നോസ്‌” എന്ന ചാക്രീയലേഖനത്തിന്റെ കാലികപ്രസക്തി ഇത് പ്രസിദ്ധീകരിച്ച സന്ദർഭം വ്യക്തമാക്കുണ്ട്. കിഴക്കൻ ഫ്രാൻസിലെ പാർ ലെ മോണിയാൽ (Paray-le-moniyal) എന്ന സ്ഥലത്തെ വിസിറ്റേഷൻ കോൺവെന്റിൽ ജീവിച്ച ഫ്രഞ്ച് കന്യാസ്‌തിയായ മാർഗരറ്റ് മരിയ ആലക്കോക്കിന് 1673 ഡിസംബർ 27-നും 1675 ജൂണിലും ലഭിച്ച ദർശനത്തിന്റെ 350 -മത്തെ വാർഷികം ആഘോഷിക്കുന്ന ഈയവസരത്തിൽ (2025 ജൂൺ 27 നാണ് വാർഷികാഘോഷം അവസാനിക്കുന്നത്.)

വി. മരിയ ആലക്കോക്കിന് ദർശനത്തിലൂടെ വെളിപ്പെടുത്തിയ തിരുഹൃദയ രഹസ്യത്തെക്കുറിച്ചും തിരുഹൃദയത്തിന്റെ സ്നേഹത്തെക്കുറിച്ചും തിരുഹൃദയ ഭക്തിയെക്കുറിച്ചും എഴുതിയ ചാക്രീയലേഖനമാണിത്. വി. മരിയ അലക്കോക്കിനെ ആദരിക്കയും തിരുഹൃദയഭക്തി പ്രോത്സാഹിപ്പിക്കയും ഈ ചാക്രീയലേഖനത്തിന്റെ ഉദ്ദേശ്യങ്ങളിൽപെടും.

2013 ജൂൺ 29 -നു പ്രസിദ്ധീകരിച്ച “ലൂമൻ ഫിദെയി” (lumen fidei /വിശ്വാസത്തിന്റെ വെളിച്ചം) എന്ന വിശ്വാസത്തെക്കുറിച്ചും 2015 മെയ് 24- നു പൂർത്തീകരിച്ചു ജൂൺ 28 നു പ്രസിദ്ധീകരിച്ച “ലൗദാത്തോ സീ” (laudato si /അങ്ങേക്ക് സ്തുതി) എന്ന പ്രകൃതിയുടെയും കാലാവസ്ഥയുടേയും സംരക്ഷണത്തെക്കുറിച്ചും

2021 October 1 -നു വി. ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനത്തിൽ എല്ലാ സംസ്കാരങ്ങളെയും സമൂഹങ്ങളെയും വംശങ്ങളെയും ആധുനിക സംരംഭങ്ങളേയും ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന എട്ട് അധ്യായങ്ങളുള്ള “ഫ്രത്തെലി ടുത്തി” (frateli tutti/എല്ലാവരും സഹോദരങ്ങൾ) എന്ന പ്രക്രുതിയോടും സർവ ജീവജാലങ്ങളോടും അതിർത്തികളില്ലാത്ത സാഹോദര്യക്കുറിച്ചും മാർപ്പാപ്പ എഴുതിയവ “ഡിലെക്സിറ്റ്‌ നോസ്‌” -ന്റെ മുന്നോടികളാണ്.

അവഗണിക്കപ്പെട്ടവരും പുറംതള്ളപ്പെട്ടവരും ദരിദ്രരും സഹോദരങ്ങളാണെന്ന് മാർപ്പാപ്പ വ്യക്തമാക്കുന്നു. ഉറവിടം, രാജ്യം, മതം, സംസ്കാരം തുടങ്ങിയ അതിർത്തികളില്ലാത്ത സാഹോദര്യവും എല്ലാവരോടും സൗഹൃദവും പുലർത്താനുള്ള തന്റെ മുൻ ചക്രീയലേഖനങ്ങളിലൂടെയുള്ള ആഹ്വാനം പ്രയോഗികമാക്കാനുള്ള കർമ്മപദ്ധതിയാണ് “”അവന് നമ്മെ സ്നേഹിച്ചു” (Dilexit നൊസ്) എന്ന ഇപ്പോഴത്തെ ചാക്രീയ ലേഖനം.

യുദ്ധം ലോകത്തെ ഭീതിയുടെ ഭീകരതയിൽ തളർത്തുന്ന വേളയിലാണ് “അവൻ നമ്മെ സ്നേഹിച്ചു ” എന്ന ചക്രീയലേഖനം പ്രസിദ്ധീകരിക്കുന്നത്; പ്രത്യേകിച്ച് ഉക്രൈൻ-റഷ്യ യുദ്ധവും മധ്യപൂർവേഷ്യയിലെ യുദ്ധവും.

അഭയാർഥിപ്രവാഹം കുത്തൊഴുക്ക് പോലെയാണ് ഈ കാലഘട്ടത്തിൽ; പ്രത്യേകിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും. മതതീവ്രവാദം തീവ്രവും ഭീകരവുമായിക്കൊണ്ടിരിക്കുന്ന കാല്ഘട്ടമാണിത്. ക്രൈസ്തവ ദേവാലയങ്ങളിലെ അക്രമവും (ഫ്രാൻസ്) ബോമ്പുപൊട്ടലും (ശ്രീലങ്ക) ക്രിസ്തുമസ്സ് ചന്തകളിലേക്ക് വാഹനമോടിച്ചുകയറ്റി ആളുകളെ കൂട്ടക്കുരുതി നടത്തുന്നതും (ജർമനി) ആവർത്തിക്കുന്ന കാലഘട്ടം.

ക്രൈസ്തവമതപീഠനം (നൈജീരിയ) വർദ്ധിക്കുന്ന കാലഘട്ടമാണിത്. യുറോപ്പിൽ തകർന്നുകൊണ്ടിരിക്കുന്ന ഭക്തകൃത്യങ്ങളും ഭക്താഭ്യാസങ്ങളും ഇന്നത്തെ വിവിധങ്ങളായ പ്രശ്നങ്ങളുടെയും വളർന്നുവരുന്ന വിശ്വാസനിസ്സംഗതയുടെയും പശ്ചാത്തലത്തിൽ ‘ദൈവത്തിന്റെ സ്നേഹം അറിയുക, അനുഭവിക്കുക, പ്രചരിപ്പിക്കുക, പ്രഘോഷിക്കുക:’ അതാണ് “ഡിലെക്സിറ്റ്‌ നോസ്‌” -ന്റെ സന്ദേശം.

ഉള്ളടക്കവും കാലിക പ്രസക്തിയും

കാലികപ്രസക്തമായ ഉള്ളടക്കമാണ് “ഡിലെക്സിറ്റ്‌ നോസ്‌”-ലേത്. തന്റെ പൊന്തിഫിക്കേറ്റിന്റെ പതിനൊന്നാമത്തെ വർഷം പ്രസിദ്ധീകരിച്ച “അവൻ നമ്മെ സ്നേഹിച്ചു” എന്ന ഈ ചക്രീയലേഖനത്തിന്റെ പേര് വി. പൗലോസ് സ്ലീഹായുടെ റോമാക്കാർക്കുള്ള ലേഖനം എട്ടാം അദ്ധ്യായം മുപ്പത്തി ഏഴാം വാക്യത്തിൽ അടിസ്ഥിതമാണ്.

“സ്നേഹത്തിന്റെ സന്തോഷം” (amoris letitia) എന്ന സിനഡാനന്തര അപ്പസ്തോലിക ലേഖനത്തിലും സുവിശേഷപ്രഘോഷണത്തെക്കുറിച്ചുള്ള “സുവിശേഷത്തിന്റെ സന്തോഷം” (evangelii gaudium) എന്ന മാർപ്പാപ്പയുടെ ആദ്യത്തെ അപ്പസ്തോലിക ലേഖനത്തിലും പ്രകടമായ ഹൃദയത്തിനുള്ള പ്രാധാന്യമാണ് “ഡിലെക്സിറ്റ്‌ നോസ്‌” -ലും വ്യക്തമാകുന്നത്.

“അവൻ നമ്മെ സ്നേഹിച്ചു”, (റോമാ 8:37) ” ഞാൻ നിങ്ങളെ സ്നേഹിച്ചു” (യോഹ 15:9,12), “ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു” (യോഹ 15:15) തുടങ്ങിയ ഈശോയുടെ വാക്കുകളെ “ദൈവം നമ്മെ സ്നേഹിച്ചു”, “”ദൈവം സ്നേഹമാണ്”, “ദൈവത്തിന്റെ സ്നേഹം അറിയുകയും അതിൽ വിശ്വസിക്കയും ചെയ്തിരിക്കുന്നു” (1 യോഹ 4:10,16) തുടങ്ങിയ യോഹന്നാൻ ശ്ലീഹായുടെ ലേഖനത്തിൽ നിന്നുമുള്ള വാക്യങ്ങളും ഈ ചക്രീയലേഖനത്തിന്റെ അന്തസക്ത വ്യക്തമാക്കുന്നു.

ഹ്രുദയത്തിൽ സ്നേഹമുണ്ടെങ്കിൽ നമ്മൾക്കു ആയിരിക്കേണ്ടപോലെ ആയിരിക്കാനാകും (21). രാജ്യങ്ങൾ തമ്മിലുള്ള ഇന്നത്തെ യുദ്ധങ്ങൾ കാണുമ്പോൾ ‘ലോകത്തിന് ഹൃദയം നഷ്ടപ്പെട്ടു’ എന്ന് തോന്നുന്നു(22). ‘ലോകം ഹൃദയശൂന്യമായി.’ “എനിക്ക് ഹ്രുദയമുണ്ടൊ?” എന്ന ചോദ്യം ഇന്ന് പ്രസക്തമാണ് (23).

”ഞാൻ എന്റെ ഹൃദയമാണ് ” എന്ന് പറയാനാകും; കാരണം മറ്റുള്ളവരുമായി എന്നെ ബന്ധിപ്പിക്കുന്ന എന്റെ അദ്ധ്യാൽമിക വക്തിതം (identity) എന്റെ ഹൃദയമാണ്. ഹൃദയത്തെ കൃത്രിമം കാണിക്കാനാകില്ല (14). തത്വശാസ്ത്രവും ദൈവശാസ്ത്രവും അതിന്റെ ‘സിന്തസിസ്’ (synthesis) ഹൃദയത്തിലാണ് കണ്ടെത്തുന്നത്. biology, anthrology, psychology തുടങ്ങിയ ശാസ്ത്രങ്ങളിലും ഹൃദയത്തിന്റെ പ്രാധാന്യം എടുത്തുപറയാനാകും.

ക്രിസ്തുവിന് മുൻപുള്ള യുക്‌തിവാദത്തിലും പോസ്റ്റ് ക്രിസ്ത്യൻ ആശയവാദത്തിലും ഭൗതികവാദത്തിലും നരവംശ ശാസ്ത്രത്തിലും പ്രധാന തത്വശാസ്ത്ര പാരമ്പര്യങ്ങളിലും ഹൃദയം അവഗണിക്കപ്പെട്ടു എന്ന കാര്യം മാർപ്പാപ്പ ചൂണ്ടിക്കാണിക്കുന്നു; അവർ ന്യായത്തിനും സ്വാതന്ത്ര്യത്തിനും ഇഷ്ടത്തിനും പ്രാധാന്യം കൊടുത്തു. വ്യക്തിവാദത്തിന് പ്രാധാന്യം നൽകി.

ബുദ്ധിയും യുക്തിയും അടിസ്ഥിതപ്പെടുത്തിയുള്ള വ്യവസ്ഥിതി രൂപപ്പെടു ത്തുക സുരക്ഷിതമെന്നു കരുതി. സ്നേഹത്തിന് മാത്രമേ നമ്മെ മറ്റുള്ളവരുമായി ഐക്യപ്പെടുത്താൻ സാധിക്കൂ (10). ഹൃദയത്തിന് മൂല്യച്യുതി ഉണ്ടായാൽ ഹൃദയത്തിൽ നിന്നും സംസാരിക്കുന്നതിലും ഹൃദയപൂർവം പ്രവർത്തിക്കുന്നതിലും ഹൃദയത്തോട്‌ സംസാരിക്കുന്നതിലും ഹൃദയത്തെ സുഖപ്പെടുത്തുന്നതിലും മൂല്യച്യുതി ഉണ്ടാകും.

ഹൃദയത്തിന് സ്ഥാനം കൊടുക്കാതിരിക്കുന്നത് നമ്മുടെ തന്നെ കണ്ടുമുട്ടലിന്റെ സമ്പന്നത നഷ്ടപ്പെടുത്തും. (11) ഹൃദയത്തോട് സംസാരിക്കാനും ഹൃദയപൂർവം ഇടപെടാനും കഴിയുമ്പോൾ ഹൃദയത്തെ സുഖപ്പെടുത്താനും കഴിയും. അവസാനം വരെ നിലനിൽക്കുന്നത് സ്നേഹം മാത്രം.

ഉപസംഹാരം

“അവൻ നമ്മെ സ്നേഹിച്ചു” എന്ന ചാക്രീയ ലേഖനത്തിന്റെ ഉപസംഹാരത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നത് “ഡിലേസ്‌കിറ്റ് നോസ്” തന്റെ മുൻകാല മൂന്ന് സോഷ്യൽ എൻസൈക്ലിക്കലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

ഫ്രാൻസിസ് മാർപ്പാപ്പയുടെ നാലു ചാക്രീയ ലേഖനങ്ങളും വായിക്കുന്നവർക്ക് അത് ബോധ്യമാകും. ക്രിസ്തുവിന്റെ സ്നേഹത്തിന് മതമൗലികവാദത്തിൽ നിന്നും കാലഹരണപ്പെട്ട ഘടനകളിൽ നിന്നും നമ്മെ മോചിപ്പിക്കാൻ കഴിയുമെന്ന തന്റെ ബോധ്യം അദ്ദേഹം പ്രകടിപ്പിക്കുന്നു. യേശുവിന്റെ വിശുദ്ധ ഹൃദയത്തോട് പ്രാർത്ഥിക്കാനും സാഹോദര്യത്തിന്റെയും നീതിയുടെയും ലോകം കെട്ടിപ്പടുക്കാനുള്ള അഭ്യർത്ഥനയോടെയാണ് ഫ്രാൻസിസ് മാർപാപ്പ ഈ ചക്രീയലേഖനം അവസാനിപ്പിക്കുന്നത്.

ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഡിംഗ്, റോബോട്ടിക്‌സ് എന്നിവയുടെ ഇന്നത്തെ ലോകത്ത് യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി വിഷയമാക്കിയ ചക്രീയലേഖനം ഫ്രാൻസിസ് മാർപാപ്പയുടെ സവിശേഷമായ കാലികബോധം വെളിവാക്കുന്നു. കാരണം AI – യുടെ ലോകവും കടന്നുപോകുമെന്നും ആൽമബോധത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും പ്രാധാന്യം ആളുകൾ തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദൈവസ്നേഹവും സഹജീവികളോടുള്ള സ്നേഹവും വിളമ്പരം ചെയ്ത് ഫ്രാൻസിസ് മാർപാപ്പയുടെ നാല് ചാക്രീയ ലേഖനങ്ങളും നിലവിലെ സാമൂഹികവും മാനുഷികവുമായ സാഹചര്യത്തെ അഭിസംബോധന ചെയ്യുന്നു.

അരക്ഷിതാവസ്ഥയും ഭീതിയും എല്ലാ മണ്ഡലങ്ങളിലും നിറയുന്ന ഈ കാലഘട്ടത്തിൽ മനുഷ്യന് പ്രതീക്ഷ നൽകാനും അവനെ ശാന്തനാക്കാനും ”അവന് നമ്മെ സ്നേഹിച്ചു ‘ എന്ന ചക്രീയലേഖനത്തിന് സാധിക്കും. ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ, “തിരുഹൃദയം ജീവജലത്തിന്റെ അരുവികൾ ചൊരിയുന്നത് തുടരും. നീതിയും ഐക്യദാർഢ്യവും സാഹോദര്യവും ഉള്ള ഒരു ലോകത്തിലേക്ക് ഒരുമിച്ച് സഞ്ചരിക്കാൻ നമ്മെ തിരുഹൃദയം പ്രചോദിപ്പിക്കും”.