അഗസ്റ്റീനെര്‍കിന്‍ഡിലിൻ്റെ അത്ഭുത കഥ…

ഫാ. ജയ്‌സണ്‍ കുന്നേല്‍ എംസിബിഎസ്‌

ജര്‍മ്മനിയിലെ മ്യൂണിക്കിലുള്ള ബ്യൂഗര്‍സാല്‍ പള്ളയില്‍ (Bürgersaalkirche) പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ണീശോയുടെ അതുല്യമായ തിരുസ്വരൂപത്തിനു പറയുന്ന പേരാണ് അഗസ്റ്റീനെര്‍കിന്‍ഡില്‍ (Augustinerkindl) എന്നത്. ആഗസ്റ്റീനിയന്‍ സന്യാസശ്രമത്തില്‍ നിന്നുള്ള രൂപമായതിനാലാണ് അഗസ്റ്റീനെര്‍കിന്‍ഡില്‍ എന്നു ഈ ഉണ്ണീശോ രൂപം അറിയപ്പെടുന്നത്.

ആശ്രമം അടച്ചു പൂട്ടേണ്ട സാഹചര്യം വന്നപ്പോള്‍ നൂറു മീറ്ററോളം മാത്രം അകലുമുള്ള ബ്യൂഗര്‍സാല്‍ പള്ളയിലേക്കു 1817 ല്‍ തിരുസ്വരൂപം കൈമാറി. അന്നു മുതല്‍ മ്യൂണിക്കിലെ ജനങ്ങള്‍ക്കു ഏതു പ്രശ്‌നവുമായി സമീപിക്കാന്‍ സാധിക്കുന്ന പുണ്യ സങ്കേതമാണ് ഉണ്ണീശോയുടെ ഈ തീര്‍ത്ഥാടന കേന്ദ്രം.

ക്രിസ്തുമസ് കാലത്ത് ബ്യൂഗര്‍സാല്‍ പള്ളയില്‍ പരമ്പരാഗതമായി നടത്തി വരുന്ന ഉണ്ണീയേശു ആരാധനകളോടു (Christuskindlandachten) അനുബന്ധിച്ചാണ് ഈ തിരുസ്വരൂപം പുറത്തെടുക്കുക.

മ്യൂണിക്കിലുള്ള പുരുഷന്മാരുടെ മരിയന്‍ കൂട്ടായ്മ അഥവാ മരിയാനിഷേ മെന്നര്‍ കോണ്‍ഗ്രിഗാസിയോന്‍ (Marianische Männerkongregation) എന്ന ഭക്തസംഘടനയുടെ മ്യൂസിയത്തിലെ ചില്ലുകൂട്ടിലാണ് സാധാരണ അഗസ്റ്റീനെര്‍കിന്‍ഡില്‍ സൂക്ഷിക്കുന്നത്.( ബ്യൂഗര്‍സാല്‍ പള്ളിയുടെ അടിയിലത്തെ നിലയില്‍ വാഴ്ത്തപ്പെട്ട റൂപ്പെര്‍ട്ട് മയറിന്റെ കബറിടത്തിനു പിറകിലായാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത് )

അതുല്യമായ ഒരു കാലാസൃഷ്ടിയാണ് അഗസ്റ്റീനെര്‍കിന്‍ഡില്‍. വിലയേറിയ കസവു കൊണ്ടും (lace) ചിത്രപ്പണികളോടുകൂടിയ വസ്ത്രം കൊണ്ടും ഈ തിരുസ്വരൂപം പൊതിഞ്ഞിരിക്കുന്നു. മുത്തുകളും നിറമുള്ള ഗ്ലാസ് കല്ലുകളും വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. മെഴുകു കൊണ്ടാണ് ഈ രൂപം നിര്‍മ്മിച്ചിരിക്കുന്നത്.

ഉണ്ണീശോയുടെ തല ഇടതു വശത്തേക്ക് അല്പം ചെരിച്ചുപിടിച്ചിരിക്കുന്നു. കണ്ണുകള്‍ തുറന്നു പിടിച്ചിരിക്കുന്ന ഉണ്ണീശോ പുഞ്ചിരിയോടെയാണ് എല്ലാവരെയും സ്വാഗതം ചെയ്യുന്നത്. തിരുസ്വരൂപത്തിന്റെ മുഖത്തിന്റെ വലതു ഭാഗത്തു വ്യക്തമായ ഒരു വിള്ളല്‍ കാണാം അതിനെപ്പറ്റിയുള്ള ഒരു ഐതീഹ്യം നിലനില്‍ക്കുന്നു

1624ല്‍ അഗസ്തീനിയന്‍ സഭയില്‍പ്പെട്ട ഒരു പുരോഹിതന്റെ കൈകളില്‍ നിന്നു ഉണ്ണീശോയുടെ തിരുസ്വരൂപം അബദ്ധവശാല്‍ താഴെ വീഴാനിടയാവുകയും തലഭാഗം തകരുകയും ചെയ്തു. ഭയം നിമിത്തം ആ വൈദീകന്‍ ആശ്രമത്തിലെ ആരോടും പറയാതെ തിരുസ്വരൂപം പൊതിഞ്ഞ് അലമാരിയില്‍ സൂക്ഷിക്കുകയും പ്രാര്‍ത്ഥനയോടെ ഏതാനും മാസങ്ങള്‍ ചെലവഴിക്കുകയും ചെയ്തു.

പിറ്റേ വര്‍ഷത്തെ ക്രിസ്തുമസ് കാലത്തിനു മുമ്പ് നടന്ന സംഭവങ്ങള്‍ പുരോഹിതന്‍ ആശ്രമ ശ്രേഷ്ഠനെ അറിയിച്ചു. ഇരുവരും ചേര്‍ന്നു അലമാര തുറന്നപ്പോള്‍ പൊട്ടിത്തകര്‍ന്ന തലഭാഗം വീണ്ടും ഒന്നിച്ചിരിക്കുന്നതായി കണ്ടു. അന്നു മുതല്‍ ഉണ്ണീശോയുടെ മുഖത്തു ഒരു വിള്ളലിന്റെ വര നമുക്കു കാണാന്‍ കഴിയും.

അഗസ്റ്റീനെര്‍കിന്‍ഡിലിനെ തകര്‍ക്കുവാനോ നശിപ്പിക്കുവാനോ ആര്‍ക്കും സാധിക്കുകയില്ല. തലമുറകളായി അനേകര്‍ക്കു ആശ്വാസവും അഭയം നല്‍കുന്ന തിരുസ്വരൂപമാണ് ഈ ഉണ്ണീശോയുടെ തിരുസ്വരൂപം.

ക്രിസ്തുമസ് കാലത്തു ഡിസംബര്‍ മാസം 25 മുതല്‍ 30 വരെയും ജനുവരി ഒന്നു മുതല്‍ ആറുവരെയും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയും (ആഗസ്റ്റ് മാസം ഒഴികെ) വൈകുന്നേരം അഞ്ചു മണിക്കാണ് ഉണ്ണീയേശു ആരാധനകള്‍ (Christuskindlandachten) നടത്തുന്നത്.

error: Content is protected !!