കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ലെങ്കിലും യഥാര്‍ത്ഥ്യ ബോധത്തോടെ നടത്തിയ ചുവടുവെപ്പെന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാട്ടില്‍ നിന്നെത്തുന്ന വന്യമൃഗങ്ങള്‍ നാട്ടിലെത്തി മനുഷ്യരെ ആക്രമിക്കുകയും ജീവനെടുക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പര്യാപ്തമായ നിലപാടെടുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കടമയുണ്ട്.
മനുഷ്യരുടെ നിലനില്‍പ്പിനും അതിജീവനത്തിനത്തിനുമുള്ള പ്രാധാന്യം ഉള്‍ക്കൊള്ളുകയും പരിഗണിക്കുകയും ചെയ്തുകൊണ്ടാണ് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്‍ഫാം, എകെസിസി സംഘടനകളും രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക സംഘടനകളും വന നിയമ ഭേദഗതിയിലെ ആശങ്കകള്‍ പുറത്തുകൊണ്ടു വരുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും നടത്തിയ പരിശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണ്. ജനകീയ വിഷയങ്ങളില്‍ കൂട്ടായ നിലപാട് സ്വീകരിക്കുന്നതിന് നമുക്കാവണമെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു.