1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ഒരു സമ്പന്ന ഹിന്ദു കുടുംബത്തിലാണ് നീലകണ്ഠൻ പിള്ള ജനിച്ചത്. അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യസ്തനായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി.
തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശു ക്രിസ്തുവിനെ കുറിച്ച് അറിഞ്ഞത്.
തെക്കൻ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാ വൈദികനിൽ നിന്ന് 1745 മേയ് 17-ന് അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. മാമ്മോദീസ സ്വീകരിച്ചപ്പോൾ, പിള്ള മലയാളത്തിൽ ലാസർ അല്ലെങ്കിൽ ദേവസഹായം എന്ന പേര് തിരഞ്ഞെടുത്തു.
തുടർന്ന് നാലു കൊല്ലം ജയിലിൽ കിടക്കേണ്ടി വന്ന ദേവസഹായം പിള്ള 1752 ജനുവരി 14 ന് സഹായംപിള്ള രക്തസാക്ഷിത്വം വരിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങളെ സംബന്ധിച്ച നിവേദനവുമായി റോം സന്ദർശിച്ച പാറേമ്മാക്കൽ തോമ്മാക്കത്തനാരും കരിയാറ്റിൽ മല്പാനും, ദേവസഹായം പിള്ളയെ വിശുദ്ധനായി നാമകരണം ചെയ്യണമെന്ന്, നാമകരണത്തിന്റെ ചുമതലക്കാരനായ മാറെപോഷ്കി എന്ന കർദ്ദിനാളിന് അപേക്ഷിച്ചതായി 1785-ൽ എഴുതിയ വർത്തമാനപ്പുസ്തകം എന്ന പ്രഖ്യാത യാത്രാവിവരണഗ്രന്ഥത്തിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാർ രേഖപ്പെടുത്തിയിട്ടുണ്ട്.
2004-ൽ, ഭാരതത്തിലെ മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു.
2012 ഡിസംബർ 2-ന് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2022 മെയ് 15 ന് ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ജനുവരി 14 നാണ് വിശുദ്ധ ദേവസഹായം പിള്ളയുടെ ആഘോഷിക്കുന്നത്.