Reader's Blog Social Media

എല്ലാക്കാലത്തുമുള്ള മനുഷ്യര്‍ക്ക് ഉത്തമ മാതൃക യേശുക്രിസ്തു…

മാത്യൂ ചെമ്പുകണ്ടത്തിൽ

“എസ്സെന്‍സ് ഗ്ലോബല്‍” എന്ന സ്വതന്ത്രചിന്തകരുടെ സംഘത്തിനു നേതൃത്വം നൽകുന്ന സി രവിചന്ദ്രന്‍, “മറുനാടന്‍ മലയാളി” എഡിറ്റര്‍ ഷാജന്‍ സ്കറിയായുമായി നടത്തിയ അഭിമുഖത്തിലെ 59 സെക്കന്‍ഡ് ദൈർഘ്യമുള്ള ഒരു റീല്‍സ് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ചുള്ള രവിചന്ദ്രന്‍റെ അജ്ഞതയും തെറ്റിദ്ധാരണയുമെല്ലാം വീണ്ടും അദ്ദേഹം ആവർത്തിക്കുകയാണ് ഈ അഭിമുഖത്തിൽ. 59 സെക്കന്‍ഡിനുള്ളിൽ ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച് 5 ആനമണ്ടത്തരങ്ങളാണ് അദ്ദേഹം വിളിച്ചു പറയുന്നത്. രവിചന്ദ്രന്‍റെ വാക്കുകള്‍ നോക്കുക.

“ക്രിസ്റ്റ്യന്‍ മൂല്യങ്ങളും നിയമങ്ങളും മൊത്തം ഉള്‍ട്ടയാണ്: ക്രിസ്റ്റ്യന്‍ ദൈവമെന്നു പറയുന്നത് യേശു. യേശുവിന്‍റെ പിതാവു യേശു തന്നെയാണ്. ത്രീയകേ ദൈവം. പുള്ളി എന്തിനാണ് ജനിച്ചത് എന്തിനാണ് മരിച്ചത്? മനുഷ്യരുടെ പാപം നീക്കുവാനാണ്. പുള്ളി മരിക്കുന്നു, പുള്ളി തന്നെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. മനുഷ്യരുടെ പാപം പോയിട്ടുണ്ടാകുമെന്നു നമ്മള്‍ കരുതുന്നു, പക്ഷേ ഇപ്പോഴും പാപികളായ ഞങ്ങളെ രക്ഷിക്കണമെന്ന് അലറി വിളിക്കുകയാണ് മനുഷ്യന്‍.

പുള്ളി മൊത്തം ഹാര്‍ഡ് ഡിസ്ക് ക്ലീന്‍ ചെയ്തിട്ടാണ് പോയത്. പുള്ളിയുടെ രക്തത്തിലൂടെ മൊത്തം ക്ലീന്‍ ചെയ്തു. പക്ഷേ ഇപ്പോള്‍ ക്രിസ്റ്റ്യാനിറ്റിയുടെ അടിസ്ഥാനമെന്താണ്? പാപികളെ രക്ഷിക്കാനുള്ള ഒരിതാണ്. എന്താണ് പാപം? മനുഷ്യന്‍ പാപിയാണെന്ന് നിങ്ങളോട് ആദ്യം പറയുന്നു. ഒരു ആപ്പിളോ ഒരു സബര്‍ജല്ലിയോ കടിച്ചതാണ് ഏററവും വലിയ പാപം. ഇതു കടിച്ചതുകൊണ്ട് മനുഷ്യന്‍ ഒരു അധമബോധത്തോടെ ജീവിക്കുകയും നിരന്തരം കൈകഴുകുകയും ചെയ്യുകയാണ്”
രവിചന്ദ്രന്‍റെ വിവരക്കേടുകള്‍ നിറഞ്ഞ വാദങ്ങളെ ഓരോന്നായി പരിശോധിക്കാം.

1.ക്രിസ്റ്റ്യന്‍ മൂല്യങ്ങള്‍ എല്ലാം ഉള്‍ട്ടയാണ്
-ഇതിനുള്ള മറുപടി തികച്ചും നിഷ്പക്ഷമായിരിക്കട്ടെ എന്നു കരുതി, ക്രിസ്റ്റ്യന്‍ മൂല്യങ്ങള്‍ (Christian values) എന്തൊക്കെയാണെന്നു ഗൂഗിളിനോടു (Google) ചോദിച്ചു. ഉടനെ Google AI നല്‍കിയ മറുപടിയാണിത്. “സ്നേഹം, സന്തോഷം, സമാധാനം, വിശ്വസ്തത, ബഹുമാനം, ഉത്തരവാദിത്വം, ആത്മനിയന്ത്രണം, സത്യസന്ധത, കരുണ, നന്ദി, ദീര്‍ഘക്ഷമ, താഴ്മ” ഇതില്‍ എന്താണ് ഉള്‍ട്ടയെന്ന് രവിചന്ദ്രനോ അദ്ദേഹത്തിന്‍റെ ഫാനുകളോ വ്യക്തമാക്കാമോ? ഏതൊരു മനുഷ്യനും എക്കാലത്തും ആഗ്രഹിക്കുന്ന ഈ ഉത്കൃഷ്ഠ ഗുണങ്ങളെ ഉള്‍ട്ടയെന്നു വിളിക്കുന്നവന്‍റെ പേരാണോ യുക്തിവാദി?

2.യേശു ക്രിസ്തു ദൈവമെന്നു പറയുന്നു!
-യേശുക്രിസ്തു ദൈവമെന്നു പറയുന്നു എന്നത് ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാന ബോധ്യം തന്നെയാണ്. യേശുവിനെ ദൈവമെന്നു വിളിക്കുമ്പോളതന്നെ ഓരോ മനുഷ്യനെയും തന്‍റെ ദൈവപ്രകൃതിയിലും ദൈവികജീവനിലും പങ്കാളിയാക്കുവാനാണ് ദൈവം മനുഷ്യനായത് (2 പത്രോസ് 1:4) എന്നതും ഉൾക്കൊള്ളുന്നതാണ് ക്രൈസ്തവ വിശ്വാസം. അതായത് തന്‍റെ ദൈവത്വത്തില്‍ ഓരോ മനുഷ്യനെയും പങ്കുകാരനാക്കി അവരെയും തൻ്റെ ദൈവികതയിലേക്ക് ഉയര്‍ത്തുക എന്നതായിരുന്നു യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ ലക്ഷ്യം.

ഈ വസ്തുത ഒരു ക്രിസ്തുവിശ്വാസിയില്‍ സൃഷ്ടിക്കുന്ന ആത്മാഭിമാനം (self esteem ) എത്രയോ ഉന്നതമായിരിക്കും! മനുഷ്യത്വത്തിന്‍റെ മൂല്യം എത്രമേല്‍ ഉയര്‍ന്നതാണെന്ന് മനസ്സിലാക്കുവാനും ഗര്‍ഭസ്ഥ ശിശുവിന്‍റെ ഉള്‍പ്പെടെ ഓരോ മനുഷ്യജീവന്‍റെയും അവകാശങ്ങളെ സംരക്ഷിക്കാനും അംഗീകരിക്കാനും ആദരിക്കാനും ക്രൈസ്തവസഭയെയും അതിലൂടെ ലോകത്തെയും പ്രബോധിപ്പിച്ചത് ദൈവം മനുഷ്യനായി എന്ന വിശ്വാസയാഥാര്‍ത്ഥ്യമാണ്.

3.യേശുവിന്‍റെ പിതാവു യേശു തന്നെയാണ്. ത്രീയകേ ദൈവം.
-യേശുവിന്‍റെ പിതാവ് യേശു തന്നെയാണ് എന്നു രവിചന്ദ്രന്‍ പറയുന്നു.ബൈബിള്‍ വിഷയങ്ങളിലും പ്രത്യേകിച്ച് ത്രിത്വവിശ്വാസത്തെ സംബന്ധിച്ചു ക്രൈസ്തവ സഭ എന്താണ് പഠിപ്പിക്കുന്നത് എന്നതിലുമുള്ള അദ്ദേഹത്തിന്‍റെ അജ്ഞതയാണ് ഇവിടെ വെളിപ്പെടുന്നത്. “യേശുക്രിസ്തുവും പിതാവും രണ്ട് വ്യക്തികളാണെന്ന്” ബൈബിള്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു, സഭ ഇക്കാര്യം പഠിപ്പിക്കുന്നു.

“നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിൻ്റെയും ദൈവവുമായവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ” (2 കൊരി 1:3).”സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിൻ്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ” (എഫേസ്യര്‍ 1:3). യേശുക്രിസ്തുവും പിതാവും രണ്ട് വ്യക്തികളാണെന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു.


“ദൈവികവ്യക്തികള്‍ അന്യേന്യം വ്യതിരക്തരാണ്. ദൈവം ഏകനാണ്, എങ്കിലും ഏകാന്തനല്ല. ക്രൈസ്തവര്‍ വിശ്വസിക്കുന്നത് മൂന്നു ദൈവങ്ങളിലല്ല, മൂന്നു വ്യക്തികളായ ഏകദൈവത്തില്‍ ഏകസത്തയോടുകൂടിയ ത്രിത്വത്തിലാണ്” (രണ്ടാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂന്നഹദോസ്, എഡി 553). “പുത്രന്‍ ആയിരിക്കുന്നവന്‍ പിതാവല്ല, പിതാവായിരിക്കുന്നവന്‍ പുത്രനല്ല, പിതാവോ പുത്രനോ ആയിരക്കുന്നവന്‍ പരിശുദ്ധാത്മാവല്ല” (തൊളേദോ കൗണ്‍സില്‍ (സ്പെയിന്‍) എഡി 657). ഈ വിഷയത്തെ കൂടുതല്‍ പഠിക്കാന്‍ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം -സി.സി.സി – പാരഗ്രാഫ് 253, 254, 255,256 എന്നിവ വായിക്കുക.

4.പുള്ളി തന്നെ (യേശുക്രിസ്തു തന്നെ) ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.
-യേശുക്രിസ്തു തന്നെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു എന്നല്ല ബൈബിൾ പഠിപ്പിക്കുന്നത്. “യേശുക്രിസ്തുവിനെ ദൈവം ഉയിര്‍പ്പിച്ചു” എന്നാണ് ബൈബിള്‍ വിവരിക്കുന്നത്.
യേശുക്രിസ്തുവിന്‍റെ ശിഷ്യനായ പത്രോസ് പന്തക്കുസ്താ ദിനം പ്രസംഗിച്ചതു നോക്കുക: “ജീവൻ്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്ഷികളാണ്” (അപ്പസ്തൊല പ്രവൃത്തി 3:15).
“ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ടു ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും” (റോമ 10:9) 1 കൊരി 6:14, റോമ 8:34 എന്നീ വാക്യങ്ങളും യേശുക്രിസ്തുവിനെ ദൈവം ഉയിര്‍പ്പിച്ചു എന്ന് വ്യക്തമാക്കുന്നു.

5.മനുഷ്യരുടെ പാപം പോയിട്ടുണ്ടാകുമെന്നു നമ്മള്‍ കരുതുന്നു, പക്ഷേ ഇപ്പോഴും പാപികളായ ഞങ്ങളെ രക്ഷിക്കണമെന്ന് അലറി വിളിക്കുകയാണ് മനുഷ്യന്‍.
-യേശു ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. (1 തിമോത്തി 1:15). ഇപ്രകാരം വിശ്വസിക്കുന്ന വ്യക്തിക്ക് ആ വിശ്വാസത്താല്‍ പാപമോചനം ലഭിക്കും (റോമ 3:23, 25). ഇത് അടിസ്ഥാനപരമായ ക്രൈസ്തവ വിശ്വാസമാണ്. എന്നാല്‍ ഈ യാഥാര്‍ത്ഥത്തെ ഓരോ വ്യക്തിക്കും അംഗീകരിക്കാനും നിരാകരിക്കാനുമുള്ള സ്വാതന്ത്ര്യവും ദൈവവചനം നല്‍കുന്നു. “അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തൻ്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ 3:16). ഇത് ഓരോ മനുഷ്യന്‍റെയും സ്വതന്ത്രമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം അനുഭവേദ്യമാകുന്ന ആത്മീയയാഥാര്‍ത്ഥ്യമാണ്.


തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഭൂമിയില്‍ സംഭവിക്കുമെന്നും അതിലൂടെ ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാമെന്നുമുള്ള ഇടത്, കമ്യൂണിസ്റ്റ്, പുരോഗമന ദിവാസ്വപ്നക്കാരെക്കാളും എന്തുകൊണ്ടും ഉന്നതമാണ് “യേശുക്രിസ്തുവിനെ സ്വീകരിച്ച് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കളാകുവാന്‍ അധികാരമുണ്ട്” എന്ന വിശ്വാസം. വാനരപൂര്‍വ്വികനില്‍ പിതൃത്വം തേടുന്ന ആധുനിക സ്വതന്ത്രചിന്താഗതിക്കാരേക്കാളും സര്‍വ്വാത്മനാ ഉന്നതമായ ദര്‍ശനമാണ് യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ ഒരു വ്യക്തിക്കും ദൈവമകന്‍/ മകള്‍ ആകുവാന്‍ സാധിക്കുമെന്ന അടിസ്ഥാന സുവിശേഷ ദര്‍ശനം.

6.എന്താണ് പാപം എന്ന ചോദ്യം ചോദിച്ച് രവിചന്ദ്രൻ തൻ്റെ അജ്ഞത വലിയവായില്‍ ചില കാര്യങ്ങൾ പറയുന്നു. എന്നാൽ പാപത്തെ സംബന്ധിച്ചു എന്താണ് ക്രൈസ്തവ വിശ്വാസം എന്നു നോക്കാം.
-“എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി” (റോമ 3:23) എന്നത് മനുഷ്യനെ സംബന്ധിച്ച് തിരുവചനം പ്രഖ്യാപിക്കുന്ന വസ്തുതയാണ്. സകല മനുഷ്യരും പാപികളാണെന്നും എന്താണ് പാപമെന്നും ബൈബിള്‍ പഠിപ്പിക്കുന്നത് മനസ്സിലാക്കേണ്ടതുണ്ട്.


സ്വാര്‍ത്ഥതയാണ് (selfishness) എല്ലാ പാപത്തിന്‍റെയും അടിസ്ഥാനവും ഉത്ഭവകേന്ദ്രവും. സ്വാര്‍ത്ഥതയിൽ നിന്നാണ് ഞാനെന്ന ചിന്ത രൂപംകൊള്ളുന്നത്. അഹംഭാവം പാപത്തിന്‍റെ പ്രത്യക്ഷ ലക്ഷണമാണ്. ഇതില്‍നിന്നാണ് സകല തിന്മയും ഉണ്ടാകുന്നത്. അതിനാല്‍ യേശുക്രിസ്തു പഠിപ്പിക്കുന്നു ദിവസേന സ്വയം പരിത്യാഗം ‘deny yourself” (മത്തായി 16:24) പരിശീലിക്കുവാന്‍. സ്വാര്‍ത്ഥതയും അഹംഭാവവും ഇല്ലാത്തവരായി മനുഷ്യരില്‍ ആരെങ്കിലുമുണ്ടോ? ആരും കാണില്ല. സകല മനുഷ്യരും പാപികളാണ് എന്ന ബൈബിള്‍ പ്രസ്താവനയ്ക്ക് ഇതിലേറെ തെളിവ് ആവശ്യമുണ്ടോ?

ദിവസേന സ്വയംപരിത്യാഗം പരിശീലിക്കുന്നതിലൂടെ സ്വാര്‍ത്ഥയില്‍നിന്ന് വിമുക്തരാകാന്‍ കഴിയുമെന്ന ആഴമേറിയ ആത്മീയദര്‍ശനമാണ് പാപത്തെ സംബന്ധിച്ച് പഠിക്കുമ്പോള്‍ അടിസ്ഥാനപരമായി മനസ്സിലാകുന്നത്. “യേശുക്രിസ്തുവിന്‍റെ മനോഭാവം” സ്വയം ശൂന്യവല്‍ക്കരണത്തിന്‍റേതായിരുന്നു. ഞാനെന്ന ഭാവമില്ലാതെ ദൈവമായിരുന്നവന്‍ താഴ്മധരിച്ച് ഭൂമിയില്‍ സാധാരണ മനുഷ്യനായി, മനുഷ്യത്വത്തിന്‍റെ പരിമിതികള്‍ക്ക് സ്വയം വിധേയനായി ജീവിച്ചു.

സ്വാര്‍ത്ഥത ലവലേശമില്ലാതെ കുരിശുമരണത്തിനായി സ്വയം സമര്‍പ്പിച്ചു. “ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിന് ഉണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ” (ഫിലി 2:4,5). പാപത്തില്‍നിന്ന് രക്ഷനേടുവാന്‍ ദിവസേന സ്വയത്തെ കീഴടക്കുകയും അതിലൂടെ സ്വാര്‍ത്ഥത വെടിയുകയും ചെയ്യുക എന്നതാണ് ദൈനംദിനമുള്ള ക്രൈസ്തവജീവിത ദര്‍ശനം.


സ്വയത്തെ നിരാകരിക്കുകയും സ്വന്തം കാര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ കാര്യങ്ങള്‍കൂടി പരിഗണിക്കണമെന്നതും ലോകത്തിന്‍റെ നിലനില്‍പ്പിന് അവശ്യംവേണ്ട സദ്ഗുണമാണ്. ഇതിന് മാതൃകയായിരുന്നു യേശുക്രിസ്തു. “എക്കാലത്തുമുള്ള മനുഷ്യര്‍ക്ക് പിന്‍പറ്റുവാന്‍ സാധിക്കുന്ന ഉത്തമോദാഹരണമാണ് യേശുക്രിസ്തു” (1 പത്രോസ് 2:21). യേശുക്രിസ്തു മുന്നോട്ടുവച്ച മൂല്യങ്ങള്‍ ഉള്‍ട്ടയാണെന്ന രവിചന്ദ്രന്‍റെ വാദം തികച്ചും പരിതാപകരമാണ്.

ലോകരാജ്യങ്ങളും പാപത്തിനെതിരേ!
“പാപം നിയമലംഘനമാണ്” (1 യോഹ 3:4), ”എല്ലാ അധര്‍മ്മവും അനീതിയും പാപമാണ്” (1 യോഹ 5:17). നിയമലംഘനം നടത്തിയാല്‍, അനീതിയും അധര്‍മ്മവും പ്രവര്‍ത്തിച്ചാല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ശിക്ഷയുണ്ട്. അതായത് പാപമെന്നത് ശിക്ഷാര്‍ഹമായ കാര്യമാണ്. ഇത് ക്രൈസ്തവസഭയുടെ സൃഷ്ടിയല്ല. മനുഷ്യന്‍റെ യഥാര്‍ത്ഥ അവസ്ഥ പാപബന്ധിതമാണ്. അതിനാല്‍ അക്രമങ്ങളും അനീതികളും സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഉണ്ടാകുന്നു. പാപത്തിനെതിരേയുള്ള ക്രൈസ്തവ നിലപാടുകള്‍ മനുഷ്യവംശത്തിന്‍റെ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുന്ന ഘടകംകൂടിയാണ്.

ആദിമാതാപിതാക്കള്‍ ഒരു ആപ്പിളോ ഒരു സബര്‍ജല്ലിയോ കടിച്ചതാണ് ഏറ്റവും വലിയ പാപമെന്നത് രവിചന്ദ്രന്‍റെ അജ്ഞതയില്‍നിന്ന് ഉണ്ടായ വ്യാഖ്യാനം മാത്രമാണ്. ഇവിടെ സംഭവിച്ച “അനുസരണക്കേടിനെയാണ് പാപമായി” ദൈവവചനം (റോമ 5;19) വിവക്ഷിക്കുന്നത്. പാപചിന്തയില്‍ മനുഷ്യന്‍ എന്നെന്നേക്കും ഒരു അധമബോധത്തോടെ ജീവിക്കുക എന്നന്നതല്ല, പാപങ്ങള്‍ ഏറ്റുപറയുന്നതിലൂടെ (confession) പാപമോചനം സാധ്യമാണെന്ന സദ്വാര്‍ത്തയാണ് സുവിശേഷത്തിന്‍റെ ആധാരശില.

പാപമോചനം സാധിച്ചു എന്ന ആത്മവിശ്വാസത്തോടെ വിജയകരവും ആനന്ദകരവുമായ ജീവിതമാണ് ക്രൈസ്തവികത മുന്നോട്ടുവയ്ക്കുന്നത്. ഈ മഹത്തായ ജീവിതം സി രവിചന്ദ്രന്‍ ഉള്‍പ്പെടെ സകല യുക്തിവാദി, നാസിതിക, നിരീശ്വരവാദികള്‍ക്കും സാധ്യമാണെന്നതുമാണ് സുവിശേഷത്തിന്‍റെ കാതലായ സന്ദേശം.