സ്‌പെയിനിലെ കാറ്റലോണിയയിൽ ആണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. സ്‌പെയിനിലെ അന്നത്തെ സാമൂഹികാന്തരീക്ഷവും അടിമകളുടെ ജീവിതവും ബാലനായ റെയ്മണ്ടിനെ വേദനിപ്പിച്ചിരുന്നു.
അടിമകളുടെ മോചനത്തിനു വേണ്ടി എപ്പോഴും പ്രാര്‍ഥിച്ചിരുന്ന ആ ബാലന്‍ തന്റെ വിദ്യാഭ്യാസ കാലത്തിനു ശേഷം ഒരു പുരോഹിതനാകാനാണ് ആഗ്രഹിച്ചിരുന്നത്. മകനെ ഒരു അഭിഭാഷകനാക്കാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ പിതാവിനു മകന്റെ ഈ തീരുമാനത്തോട് യോജിപ്പുണ്ടായിരുന്നില്ല.
റെയ്മണ്ടിനെ ഒരു കുടുംബ തോട്ടത്തിന്റെ പൂര്‍ണ ചുമതല നല്‍കി അദ്ദേഹം അങ്ങോട്ട് അയച്ചു. അവിടെ ആടുകളെ നോക്കിയും ജോലിക്കാര്‍ക്കു മേല്‍നോട്ടം കൊടുത്തും ജീവിക്കുമ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലും ഒരു കുറവും അവന്‍ വരുത്തിയില്ല.
റെയ്മണ്ടിന്റെ വഴിയേ അവനെ സ്വതന്ത്രനാക്കി വിടാന്‍ പിതാവ് തീരുമാനിക്കുന്നതു വരെ അദ്ദേഹം അവിടെ കഴിഞ്ഞു. കാരുണ്യ മാതാവിന്റെ സഭയിലാണ് റെയ്ണ്ട് ചേര്‍ന്നത്. വിശുദ്ധനായിരുന്ന പീറ്റര്‍ നൊളാസ്‌കോയായിരുന്നു റെയ്മണ്ടിന്റെ ആധ്യാത്മിക ഗുരു.
റെയ്മണ്ടിന്റെ ഭക്തിയും വിശ്വാസവും സഭയിലെ മറ്റ് പുരോഹിതരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു. അള്‍ജിയേഴ്‌സില്‍ അടിമകളെ സ്വതന്ത്രനാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. നിരവധി പേരെ അദ്ദേഹം മാനസാന്തരപ്പെടുത്തി യേശുവിന്റെ വഴിയിലേക്ക് കൊണ്ടുവന്നു.
ജനങ്ങള്‍ക്ക് അദ്ദേഹ ത്തോട് വല്ലാത്തൊരു അടുപ്പമുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. അവരുടെ വേദനകളില്‍ ആശ്വാസമായി റെയ്ണ്ട് എപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. മുസ്‌ലിം മതസ്ഥരെ മാനസാന്തരപ്പെടുത്തി ക്രിസ്ത്യാനികളാക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിനു ശത്രുക്കള്‍ ഏറെയുണ്ടായി.
രണ്ടു തവണ കൊലപാതകശ്രമങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു. ഭരണാധികാരികള്‍ അദ്ദേഹത്തെ തടവിലാക്കി പീഡിപ്പിച്ചു. തെരുവുകളില്‍ പൊതുജനമധ്യത്തില്‍ കൊണ്ടുചെന്ന് പരസ്യമായി പീഡിപ്പിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ മുസ്‌ലിംകളെ തെറ്റിധരിപ്പിച്ച് യേശുവിലേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നു എന്നാരോപിച്ച് അദ്ദേഹത്തിന്റെ ചുണ്ടുകള്‍ക്കിടയിലൂടെ താഴ് കുത്തിക്കയറ്റി അവര്‍ പൂട്ടിടുക പോലും ചെയ്തു. എട്ടു വര്‍ഷത്തോളം അദ്ദേഹം തടവില്‍കഴിഞ്ഞു.
യേശുവിന്റെ നാമത്തില്‍ ഒരു രക്തസാക്ഷിയാകാന്‍ റെയ്മണ്ട് ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി അദ്ദേഹം പ്രാര്‍ഥിക്കുക പോലും ചെയ്തു. പക്ഷേ, ദൈവം മറ്റൊന്നായിരുന്നു തീരുമാനിച്ചിരുന്നത്.
തനിക്കു കാവല്‍ നിന്നിരുന്ന സൈനികരെ യേശുവിനെ കുറിച്ച് പഠിപ്പിച്ച് അവരെയും അദ്ദേഹം മാനസാന്തരപ്പെടുത്തി. വി. പീറ്റര്‍ നൊളാസ്‌കോ വന്‍തുക ജാമ്യമായി നല്‍കി റെയ്മണ്ടിനെ തടവില്‍ നിന്നു മോചിപ്പിച്ചു.
രക്തസാക്ഷിയാകാന്‍ സാധിക്കാതിരുന്നത് അദ്ദേഹത്തെ വിഷമിപ്പിച്ചു. തിരികെ സ്‌പെയിനി ലെത്തിയ റെയ്മണ്ടിനെ കര്‍ദിനാള്‍ പദവി നല്‍കിയാണ് സഭ വരവേറ്റത്. തൊട്ടുപിന്നാലെ മാര്‍പാപ്പ ഗ്രിഗറി ഒന്‍പതാമന്‍ അദ്ദേഹത്തെ റോമിലേക്ക് വിളിച്ചു. എന്നാല്‍ യാത്രമധ്യേ അദ്ദേഹം രോഗബാധിതനാകുകയും വൈകാതെ , 1240 ഓഗസ്റ്റ് 31ന് മരിക്കുകയും ചെയ്തു. 1657-ൽ അലക്സാണ്ടർ ഏഴാമൻ മാർപാപ്പ റെയ്മണ്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.