മത്തായി 7 : 7 – 11
പിതാവിന്റെ സ്നേഹ ഔദാര്യം.
മറ്റുള്ളവരിൽനിന്നും നാം പ്രതീക്ഷിക്കുന്നതൊക്കെ, അവർക്ക് ചെയ്തു കൊടുക്കണം. അതും അവർ ഇങ്ങോട്ട് ചോദിക്കാതെയാകുമ്പോൾ അതിൽ എത്രയോ നന്മയുണ്ട്. ദൈവത്തോടുള്ള നമ്മുടെ പ്രാർത്ഥനയുടെ മറുപടിയാണ് അവിടുത്തെ ഉദാരത നിറഞ്ഞ സ്നേഹവും പരിഗണനയും.
ചോദിക്കുക, അന്വേഷിക്കുക, മുട്ടുക ഇവ മൂന്നും നമ്മുടെ പ്രാർത്ഥനയുടെ മൂന്ന് തലങ്ങളാണ്. ലഭിക്കുമെന്ന വിശ്വാസത്തോടെ ചോദിക്കുക. കണ്ടെത്താനാകും എന്ന ഉറച്ച ബോധ്യത്തോടെ അന്വേഷിക്കുക. തുറന്ന് കിട്ടും എന്നുള്ള ആത്മവിശ്വാസത്തോടെ മുട്ടുക.
പരിമിത സ്നേഹമുള്ള ഇടങ്ങളിൽ പോലും ചോദിക്കുന്നത് ലഭിക്കുന്നുവെങ്കിൽ, അനന്തസ്നേഹമായ അവിടുന്ന് എത്ര അധികമായി നമുക്ക് നൽകും. നമ്മോട് ഏറെ കരുണ കാണിക്കുന്ന ആ സ്നേഹപിതാവിന്റെ മക്കളായി തീരുക എന്നതാണ് പരമപ്രധാനം. മക്കളായാൽ ചോദിക്കുന്നത് നിരസിക്കാൻ പിതാവിനാകില്ലല്ലോ.
കൂടാതെ, നമുക്ക് അഹിതമായത് ഒരിക്കലും അപരനോട് ചെയ്യാൻ ഇടവരരുത്. കരുണയും സ്നേഹവും ക്ഷമയും നമ്മിൽ വളർന്നാൽ നാം അവിടുത്തെ മക്കളാകും. അവിടുന്ന് നമുക്ക് നൽകുന്ന സുവർണ്ണ നിയമവും ഇതുതന്നെ. ദൈവകരുണയുടെ പാരമ്യത ഇതിൽ അടങ്ങിയിരിക്കുന്നു.