ആത്മാവിൻ്റെ സമ്പന്നതയാൽ ഉള്ളുനിറഞ്ഞവരാകാം

നമ്മിലെ സമ്പന്നത
ലൂക്കാ 16 : 19 – 31

ദരിദ്രനോട് കരുണകാട്ടി സ്വർഗ്ഗവും, ധനികന് കഠിനമായ നരകശിക്ഷയും വിധിക്കുന്ന ദൈവം. ഇവർ രണ്ടും, രണ്ട് വിപരീത കഥാപാത്രങ്ങളാണ്. ഇവരിലൂടെ ഇഹലോകവും പരലോകവും അവിടുന്നു വരച്ചുകാട്ടുന്നു. വളരെ ലളിതവും ഗ്രാഹ്യവുമായ രീതിയിൽ ഉള്ള വിവരണം ഏറെ ശ്രദ്ധേയമാണ്.

ധനികന്റെ ജീവിതം ഇപ്രകാരമാണ്, പട്ടുവസ്ത്രം, എല്ലാം വിലകൂടിയതും വിദേശനിർമ്മിതവും, സുഖഭക്ഷണം, ഇഷ്ടാനുസരണം സേവകർ, ഒന്നിനെക്കുറിച്ചും ആകുലതകളില്ല. ഇങ്ങനെ പോകുന്നു വിവരണം. “എല്ലാം തികഞ്ഞവൻ”, അതു ദൈവാനുഗ്രഹം എന്നൊക്കെ നാം അവനെ നോക്കി പറയും. നമ്മുടെ സാധാരണ കണ്ണുകളിൽ പണം ഉണ്ടെങ്കിൽ, സൗഭാഗ്യങ്ങൾ ഉണ്ടെങ്കിൽ, എല്ലാം തികഞ്ഞു എന്നാണ്.

മനുഷ്യൻ എപ്പോഴും ബാഹ്യസമ്പന്നത മാത്രം നോക്കുന്നവനാണ്. എന്നാൽ ദൈവം ഉള്ളിലെ സമ്പന്നത അളക്കുന്നവനാണ്. ആത്മാവിന്റെ സമ്പന്നതയാൽ ഉള്ള് നിറഞ്ഞവൻ, ജീവിതത്തിൽ പങ്കുവെക്കലിന്റെ പാഠം അന്വർത്ഥമാക്കും. ബാഹ്യമായവയിൽ മാത്രം കണ്ണുടക്കി അവയിൽ മുഴുകി ജീവിക്കുന്നവന്റെ ഉൾക്കണ്ണുകൾ, എന്നും അന്ധമായിരിക്കും.

നമ്മിലെ സമ്പന്നതയെ നാം കണ്ടെത്തണം. സമ്പത്ത് എന്നാൽ പണം മാത്രമല്ല എന്നുള്ള തിരിച്ചറിവാണ് ആദ്യം വേണ്ടത്. എപ്പോഴും ദൈവത്തോട് നാം ചോദിക്കുന്നതും ഈ ബാഹ്യസമ്പന്നതയല്ലേ? ഒരിക്കലെങ്കിലും, എന്റെ ഉള്ള് ദൈവീകപുണ്യങ്ങൾകൊണ്ടു നിറയ്ക്കാൻ നാം പ്രാർത്ഥിച്ചിട്ടുണ്ടോ?

ചോദിക്കുന്നത് കിട്ടാതെ വന്നാൽ, പിന്നീട് ദൈവത്തോട് പരാതികളും കുറ്റപ്പെടുത്തലുകളും മാത്രമായിരിക്കും മിച്ചം. പ്രതിഷേധമെന്ന രീതിയിൽ, പിന്നെ പ്രാർത്ഥനയില്ല, പള്ളിയിൽ പോക്കില്ല, ഭക്തകൃത്യങ്ങൾ ഒന്നുമില്ല, നിരാശയോടെ ജീവിതം അവസാനിപ്പിക്കാൻവരെ തീരുമാനിക്കും.

ലാസ്സറിനെപ്പോലെ, എന്തെങ്കിലും രോഗപീഡയുണ്ടെങ്കിൽ, പിന്നെ പറയുകയുംവേണ്ട, അവ ദൈവശാപമായി കരുതി നാം സ്വയം പഴിക്കും. ഇതാണ് നമ്മുടെ ഇഹലോകവാസജീവിതം.

പണമെന്ന ഏകസമ്പത്തിലല്ലാ, അതിലേറെ നന്മകൾകൊണ്ടു സമ്പന്നരാണ് നാം. മറ്റുള്ളവരുടെ വേദനയിൽ നമ്മുടെ കണ്ണ് നനഞ്ഞാൽ, നമുക്കുള്ളവയിൽ നിന്നും അപരനുമായി പങ്കുവെച്ചാൽ, കൊടുക്കാനൊന്നുമില്ലെങ്കിലും അവരെ നോക്കി ഒന്നു പുഞ്ചിരിച്ചാൽ, ഒരു ചെറു തലോടലിലൂടെ മറ്റുള്ളവർക്ക് ആശ്വാസമേകാൻ കഴിഞ്ഞാൽ, നാം നന്മകൾകൊണ്ടു അതിസമ്പന്നരാണ്.

മറ്റൊരുതരത്തിൽ പറഞ്ഞാൽ, സമ്പന്നത നേടാനുതകുന്ന ഒരുപാട് കഴിവുകൾകൊണ്ട് നാം സമ്പന്നരാണ്. എന്നാൽ അവയെ സ്വയം കുഴിച്ചുമൂടാതെ, കണ്ടെത്തി പരിപോഷിപ്പിക്കണം എന്നുമാത്രം. എപ്പോഴും ഇല്ലായ്മയുടെ കണക്ക് നിരത്താനാണ് നമുക്കിഷ്ടം. ഒരിക്കലും നമ്മിലെ ഉണ്മയെ കണ്ടെത്താൻ ശ്രമിക്കില്ല.

നമ്മിലെ ചിന്തകളുടെ അതിർവരമ്പുകളെ മുറിച്ചുമാറ്റാം.ഉള്ളിലെ നന്മയുടെ സമ്പന്നത ഒഴുകിയിറങ്ങട്ടെ അയൽപറമ്പുകളിലേക്കും. നമുക്കുള്ളതിൽ സംതൃപ്തി കണ്ടെത്താൻ കഴിഞ്ഞാൽ, പകലദ്ധ്വാനത്തിന്റെ ക്ഷീണം നമുക്ക് കുളിർമ്മയുടെ നിദ്ര പ്രധാനംചെയ്യും.

ഓരോ ദിവസവും ആകുലതകളില്ലാതെ, ശാന്തമായി ഉണർന്നെഴുന്നേൽക്കാൻ കഴിഞ്ഞാൽ, അതിൽകവിഞ്ഞ സമ്പന്നതയുണ്ടോ? ഇഹലോകത്തിൽ നമുക്ക് ഇത്രയും കഴിഞ്ഞാൽ, ഇതുതന്നെ പരലോകത്തിന്റെ മുന്നാസ്വാദനമായി മാറും. ഏറെ സമ്പന്നനായിരുന്നിട്ടും, ദരിദ്രനായി കാലിത്തൊഴുത്തിൽപിറന്ന ഈശോ ആയിരിക്കട്ടെ നമുക്കെന്നും മാതൃക.

error: Content is protected !!