കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവർണർ

കാലിക്കറ്റ്, സംസ്‌കൃത എന്നീ സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ്‌ ഗവർണറുടെ നടപടി.

സേർച്ച് കമ്മിറ്റിയിൽ ഒറ്റപ്പേര് മാത്രം വന്നതാണ് സംസ്‌കൃത വിസിക്ക് വിനയായത്. സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉണ്ടായതാണ് കാലിക്കറ്റ് വിസിക്ക് പ്രശ്നമായത്. ഇക്കഴിഞ്ഞ 24-ാം തീയതിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നാല് വി സിമാരുടെ ഹിയറിങ് രാജ്ഭവനിൽ വച്ച് നടന്നത്.

യോഗത്തിൽ ഡിജിറ്റൽ സർവകലാശാല സജി ഗോപിനാഥ് നേരിട്ടും കാലിക്കറ്റ് -സംസ്കൃത വിസി മാർക്ക് വേണ്ടി അഭിഭാഷകരും ഹാജരായി. കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർ സ്ഥാനത്ത് തുടരാൻ അർഹരല്ലെന്നും നടപടിയെടുക്കുമെന്നും ചാൻസലർ നേരത്തെ പറഞ്ഞിരുന്നു.

അതേസമയംസ ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിൽ യുജിസി അഭിപ്രായം തേടിയിട്ടുണ്ട്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷാ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.

error: Content is protected !!