“ഞാനായിരിക്കുമോ തെറ്റുകാരൻ..? അവരായിരിക്കും ശരി…? ഞാൻ നരകത്തിൽ പോകേണ്ടി വരുമോ…? ഞാൻ സത്യസഭയിൽ നിന്നും അകറ്റപ്പെട്ടു പിശാചിനെയാണോ സേവിക്കുന്നത് ?” ജോൺ ചിന്തിച്ചു. ആത്മാവിൻ്റെ ഇരുണ്ട രാത്രി അതിൻ്റെ പാരമ്യത്തിലെത്തി.എല്ലാ ശാരീരിക വേദനകളെയും അതിലംഘിക്കുന്ന ആത്മീയ വേദന. “അടുത്ത ദിവസം സ്വർഗ്ഗാരോപണതിരുനാളിൽ ബലിയർപ്പിക്കാൻ അനുവാദം നൽകണേ “ജോൺ അധികാരികളോട് യാചിച്ചു.കിട്ടിയ മറുപടി “എന്റെ ജീവിതകാലത്ത് അത് ഉണ്ടാവില്ല” എന്നായിരുന്നു !! കർമ്മലീത്ത സഭയുടെ നവോത്ഥാനകൻ, നിഷ്പാദുകസഭയുടെ, സ്ഥാപകരിലൊരാൾ, സ്പാനിഷ് മിസ്റ്റിക്ക്, സഭയുടെ വേദപാരംഗതരിലൊരാൾ .. ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള കുരിശിൻ്റെ വിശുദ്ധ യോഹന്നാൻ തന്നെ ആയിരുന്നു അത് (St. John of the Cross ).
വിശുദ്ധ ആൽബർട്ട് കർമ്മലീത്ത സഭക്ക് വേണ്ടി എഴുതിയുണ്ടാക്കിയ നിയമങ്ങൾ യൂജിനിയസ് പാപ്പ 1432ൽ ലഘൂകരിച്ചത്തിനു ശേഷം കർമ്മലീത്ത സഭാസമൂഹങ്ങളിലേക്ക് ലോകാരൂപി കടന്നുകയറി. പ്രാർത്ഥനയും പരിഹാരങ്ങളുമൊക്കെ കുറഞ്ഞു വരികയും സുഖലോലുപത കൂടാനും തുടങ്ങി. ഈ കാലഘട്ടത്തിലാണ് ആവിലായിലെ അമ്മത്രേസ്സ്യയും കുരിശിന്റെ വിശുദ്ധ യോഹന്നാനും ചേർന്ന് ആവൃതികളിൽ ധ്യാനാത്മകത തിരിയെ കൊണ്ടുവരാനും കർമ്മലീത്ത സഭയെ നവീകരിക്കാനും തീരുമാനിച്ചത്. അതിന്റെ ഫലമായി കർമ്മലീത്തസഭ വിഭജിക്കപ്പെട്ട് പാദുകസഭയും നിഷ്പാദുകസഭയും ( പാദരക്ഷ ധരിക്കാത്തവർ ) ഉണ്ടായി. ആദ്യത്തെ കൂട്ടർ പഴയപടി തുടരാൻ തീരുമാനിച്ചപ്പോൾ നിഷ്പാദുകസഭക്കാർ വിശുദ്ധ ആൽബർട്ടിന്റെ നിയമം പിന്തുടർന്നു.
കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ജീവിതം ദൈവത്തോട് എത്രയും കൂടുതൽ അടുക്കാനുള്ള അശ്രാന്തപരിശ്രമം ആയിരുന്നു. ദൈവത്തെ നേടാനും ആഴത്തിൽ ഒന്നാവാനും പൂർണ്ണമായി തന്നെത്തന്നെ സമർപ്പിക്കാനും വേണ്ടി സഹനമോ അപമാനങ്ങളോ പരിത്യാഗമോ എന്തും സ്വീകരിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നു. തന്റെ ജീവിതശൈലി ആറു തത്വങ്ങളിൽ അദ്ദേഹം ഒതുക്കി. 1, വായനയിൽ നീ അന്വേഷിക്കുക, ധ്യാനത്തിൽ നീ കണ്ടെത്തുക 2, പ്രാർത്ഥനയിൽ നീ മുട്ടുക, സമാധിയിൽ നിനക്ക് ഉത്തരം ലഭിക്കും 3, നിന്റെ ശത്രു ആരാണെന്നോ മിത്രം ആരാണെന്നോ അധികം ചിന്തിക്കാതിരിക്കുക 4, എപ്പോഴും ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുക 5, ദൈവം സ്നേഹയോഗ്യനായിരിക്കുന്നതുപോലെ ദൈവത്തെ അധികമായി സ്നേഹിക്കുക 6, ദൈവം നിനക്ക് തന്നതിനെക്കുറിച്ചു മൗനമായിരിക്കുക.
ഏകാന്തതയിൽ ഉറപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു ജോൺ. ഇരുപത്തിരണ്ടാം വയസ്സുമുതൽ അദ്ദേഹം ഒറ്റപ്പെടൽ അനുഭവിച്ചു. കൃത്യമായി നിയമം അനുഷ്ഠിക്കുന്നവനും കാർക്കശ്യക്കാരനും ദൃഢചിത്തനും ആയതുകൊണ്ട് പലരും ജോണിൽ നിന്ന് അകലം പ്രാപിച്ചു നിന്നു. താൻ ആരുടേതുമല്ല എന്ന ചിന്ത ശക്തിപ്പെട്ടു. പിൽക്കാലത്തു അദ്ദേഹം അനുഭവിക്കേണ്ടിയിരുന്ന തടവറയുടെ ഏകാന്തതക്കു മുൻപിൽ പതറിപ്പോകാതിരിക്കാൻ ഈശോ ജോണിനെ പരിശീലിപ്പിക്കുകയായിരുന്നു.തൻറെ അനുഭവത്തിൽ നിന്ന് അദ്ദേഹം പറഞ്ഞു, “ഏതെങ്കിലും സൃഷ്ടിയുടെ ഉറ്റബന്ധത്തിലിരിക്കുന്ന ആത്മാവ്, അതിനു മറ്റു ധാരാളം പുണ്യങ്ങളുണ്ടായിരുന്നാലും ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യം ഒരിക്കലും നേടിയെടുക്കുകയില്ല”. ഇതാണല്ലോ ഈശോ പറഞ്ഞ ഉപേക്ഷയുടെ കാതൽ.ദൈവഹിതത്തിനെ എതിർക്കാതെ ജോൺ എപ്പോഴും കീഴടങ്ങി.
രോഗിയായി കഴിഞ്ഞിരുന്ന ഒരു വൈദികന് ജോൺ ഇങ്ങനെ എഴുതി, “എന്റെ പ്രിയ സ്നേഹിതാ, സുഖപ്പെടുകയാണെങ്കിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ആസൂത്രണം ചെയ്ത് സ്വയം ക്ഷീണിപ്പിക്കരുത്, സമയം വൃഥാവിലാക്കരുത്, പകരം ദൈവമാഗ്രഹിക്കുന്നിടത്തോളം കാലം രോഗിയായിരിക്കുന്നതിൽ സന്തോഷവാനായിരിക്കുക. ദൈവഹിതം നിറവേറ്റുക എന്നതാണ് താങ്കൾ ലക്ഷ്യം വെച്ചിരിക്കുന്നതെങ്കിൽ രോഗിയായിരിക്കുന്നതോ സൗഖ്യമായിരിക്കുന്നതോ വ്യത്യാസമില്ല. ദൈവം മഹത്വപ്പെടുന്നത് നമ്മുടെ പ്രവർത്തനമികവ് കൊണ്ടല്ല, നാം ദൈവതിരുമനസ്സിനു സ്വയം സമർപ്പിക്കപ്പെടുന്നതിനാലും തിരുഹിതത്തോടു ഐക്യപ്പെടുന്നതിനാലുമത്രെ”.സ്വയം മുറിഞ്ഞുകൊണ്ടും മുറിവുണക്കുന്നു സ്നേഹം.ജോൺ ആവിലായിൽ ആയിരിക്കെ മഠത്തിലെ ഒരു സഹോദരി പട്ടണത്തിലെ ഒരു പ്രമുഖനുമായി വൈകാരികബന്ധം പുലർത്തുന്നതറിഞ്ഞു.
അതിൽനിന്നു പിന്മാറാൻ അവൾ ആഗ്രഹിച്ചിരുന്നു. ജോണുമായുള്ള സംസാരത്തിനു ശേഷം, ആ ബന്ധം ഉപേക്ഷിച്ച് തൻറെ വ്രതവാഗ്ദാനത്തിൽ ഉറച്ചുനിൽക്കാൻ ആ സഹോദരി തീരുമാനിച്ചു. ഇതറിഞ്ഞ മറ്റേ മനുഷ്യൻ ജോണിനെ ഇരുട്ടിൽ ആക്രമിച്ചു, കുറെയേറെ മുറിവുകളും നീരും ജോണിന്റെ ശരീരത്തിലുണ്ടായി. ഏറെ വേദന സഹിച്ചെങ്കിലും ഇതിനു പിന്നിൽ ആരൊക്കെയാണെന്ന് ജോൺ ആരോടും പറഞ്ഞില്ല. ചോദിച്ചവരോടൊക്കെ, ദൈവസ്നേഹത്തിനു വേണ്ടി അൽപ്പം സഹിക്കുന്നത് നല്ലതാണെന്നു മാത്രം പറഞ്ഞു. ആ സന്യാസിനിയെയും മനുഷ്യനെയും അപമാനത്തിൽ നിന്ന് രക്ഷിച്ചു.താൻ അനുഭവിച്ച ആത്മാവിന്റെ ഇരുണ്ട രാത്രികളെ പറ്റി -ദൈവം തന്നെ കാണുന്നില്ലെന്നും ഉപേക്ഷിച്ചെന്നും കരുതുന്ന ആത്മാവിന്റെ വേദന – ജോൺ ഓഫ് ദ ക്രോസ്സ് തൻറെ കൃതികളിൽ കൂടി പറഞ്ഞിട്ടുണ്ട്. പക്ഷെ ശരീരത്തിൽ സഹിക്കേണ്ടി വന്നതും ഒട്ടും കുറവായിരുന്നില്ല.
ചെറുപ്പത്തിൽ അപ്പൻ മരിച്ചതുകൊണ്ട് നന്നേ കഷ്ടപ്പെട്ട് വളർന്ന ജോൺ വൈദികവിദ്യാർത്ഥി ആയിട്ടും കഷ്ടപ്പാടിന് കുറവൊന്നുമില്ലായിരുന്നു. കർത്താവിനോട് ചോദിച്ചു മേടിച്ചുകൊണ്ടിരുന്ന സഹനം എന്ന് പറയുന്നതാണ് ശരി. ഒരു തുണസഹോദരൻ ആവാനാണ് ജോൺ ആഗ്രഹിച്ചതെങ്കിലും അദ്ദേഹത്തിന്റെ മിടുക്കും ബുദ്ധിയും കണ്ട മേലധികാരികൾ സലമാങ്കയിലെ Carmelite College of St Andrew ൽ ഫിലോസഫിയും തിയോളജിയും പഠിക്കാനയച്ചു. ദാരിദ്ര്യാരൂപി വിട്ടുകളയാൻ ഇഷ്ടമില്ലാതിരുന്ന ജോൺ, ചാപ്പലിലെ സക്രാരി കാണാൻ കഴിയുന്ന ജനലുള്ള ഒരു കൊച്ചു മുറിയിൽ താമസിച്ചു. ഒരു പലകപ്പുറത്തു വൈക്കോലിട്ട് ഒരു മരക്കഷ്ണം തലയിണയായി ഉപയോഗിച്ച് , 3 മണിക്കൂറിൽ കുറച്ചുറങ്ങി ജോൺ അവിടെ കഴിഞ്ഞു. പക്ഷെ സുഖാലസരായി കഴിഞ്ഞിരുന്ന സഭാസമൂഹത്തിലെ മറ്റുള്ളവർക്ക് ഈ ജീവിതശൈലി ഒരു ഭീഷണിയായി.
ജോണിനെ ചാട്ടവാറിനടിച്ചു കൊണ്ടാണ് അവർ തങ്ങളുടെ വെറുപ്പ് കാണിച്ചത്. ആഴ്ചയിൽ 3 പ്രാവശ്യം, ചാട്ടവാറടിക്കായി മേലധികാരിക്ക് മുൻപിൽ ജോണിന് ഉടുപ്പഴിക്കേണ്ടി വന്നു. പക്ഷെ ദൈവസ്നേഹത്തെപ്രതി തൻറെ സഹനത്തിൽ അദ്ദേഹം ആനന്ദിച്ചു. “ദുരിതവേളകളിൽ ഒരു തവണ മാത്രം പറയുന്ന ‘ദൈവത്തിനു സ്തുതി’ ഐശ്വര്യസമൃദ്ധിയിൽ പറയുന്ന ആയിരം കൃതജ്ഞതകളെക്കാള് വിലയുള്ളതാണ്”, അദ്ദേഹം പറഞ്ഞു. പിന്നീട് വൈദികനായികഴിഞ്ഞതിനു ശേഷവും ഭീകരദുരിതങ്ങളിലൂടെയാണ് ജോൺ കടന്നുപോയത്. ജോണിന്റെ നേതൃത്വത്തിലുള്ള സഭാനവീകരണം, മുതിർന്ന സഹോദരർ വിപ്ലവവും പാഷണ്ഡതയും ആയെല്ലാമാണ് കരുതിയത്. ജോൺ സഭയെ നശിപ്പിക്കുന്നു എന്ന ആരോപണവുമായി 1577 ഡിസംബർ 2ന് രാത്രി പോലീസ് അകമ്പടിയോടെ എത്തിയ പാദുകസന്യാസികൾ ജോണിനെ വിലങ്ങു വെച്ചു കൊണ്ടുപോയി.വികാരി ജനറാളിന്റെ കൽപ്പനയും ഉണ്ടായിരുന്നു.
ആശ്രമത്തിലെത്തിയപ്പോൾ ജോണിന്റെ പരുക്കൻ വസ്ത്രങ്ങൾ മാറ്റി മൃദുലവസ്ത്രങ്ങൾ ധരിപ്പിച്ചു. ചമ്മട്ടിയടി നൽകി മുറിയിലടച്ചു. സന്ദർശനമുറിയോട് ചേർന്ന് ആദ്യകാലത്ത് കക്കൂസായി ഉപയോഗിച്ചിരുന്ന ഇടുങ്ങിയ മുറിയിലാണ് പാർപ്പിച്ചത്. ജനാലകളില്ല , ബലവത്തായ തടി കൊണ്ടുള്ള ഒരു വാതിൽ മാത്രം. മുറിക്ക് പത്തടി നീളവും ആറടി വീതിയും മാത്രം. വായിക്കാൻ സാധ്യമല്ലാത്ത വിധം ഇരുട്ട്. എന്തിന്റെയെങ്കിലും മുകളിൽ കയറിനിന്നാൽ കിട്ടുന്ന അരണ്ടവെളിച്ചത്തിൽ കഷ്ടിച്ച് വായിക്കാം. അങ്ങനെ നിന്നാണ് ജോൺ യാമപ്രാർത്ഥന ചൊല്ലിയിരുന്നത്. തറയിൽ രണ്ടു പലകക്കഷണങ്ങൾ,കല്ലുവിരിച്ച തണുത്ത തറ, ആ പലകയിൽ കിടന്നുറങ്ങണം. പഴയ രണ്ടു പുതപ്പുകൾ, മുറിയുടെ കോണിൽ ഒരു തൊട്ടി ..ഇത്രയാണുണ്ടായിരുന്നത്. മുറി സമൂഹത്തിന്റെ വിസർജ്ജനസ്ഥലത്തിനു സമീപം ആയിരുന്നതിനാൽ ദുർഗന്ധം വമിച്ചിരുന്നു. ഭക്ഷണം നാമമാത്രം.
അതിൽക്കൂടെ വിഷം തരുമെന്ന് തോന്നിയതിനാൽ ശത്രുക്കളോട് ക്ഷമിച്ചു കൊണ്ടായിരുന്നു ആ റൊട്ടിക്കഷണങ്ങൾ കഴിച്ചിരുന്നത്.എല്ലാ വെള്ളിയാഴ്ചയും ജോണിനെ പൊതുഭക്ഷണശാലയിലെക്ക് ആനയിക്കും. കഴിക്കാനുള്ള റൊട്ടിക്കഷണവും വെള്ളവും അവിടെ കൊടുക്കും. ജോൺ അവരുടെ മുൻപിൽ തറയിൽ മുട്ടിന്മേൽ നിന്ന് ഭക്ഷിക്കണം. അതിനിടയിൽ കുറ്റാരോപണങ്ങൾ, പരിഹാസങ്ങൾ, സങ്കീർത്തനം ഉരുവിട്ടുകൊണ്ട് തലങ്ങും വിലങ്ങുമുള്ള ചമ്മട്ടിയടികൾ. തിരിച്ചു മുറിയിൽ പോവുമ്പോഴേക്ക് ശരീരത്തിലെ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുന്നുണ്ടാവും. ജയിൽവാസം പല മാസങ്ങൾ നീണ്ടു. കൂദാശകൾ പരികർമ്മം ചെയ്യാൻ അനുവദിക്കാത്ത അവസ്ഥ, മോശമായ ഭക്ഷണം, ഉറക്കമില്ലായ്മ, വെളിച്ചമില്ലായ്മ, തൊട്ടി വൃത്തിയാക്കാൻ സമ്മതിക്കാത്തത് മൂലം അസഹ്യമായ ദുർഗന്ധം..
ഇതെല്ലാം ജോൺ സഹിച്ചുകൊണ്ടിരുന്നു.ജോണിന്റെ ഇരുണ്ട രാത്രികൾ അതിന്റെ പാരമ്യത്തിലെത്തുകയായിരുന്നു. ശാരീരികവേദനയേക്കാൾ രൂക്ഷമായതായിരുന്നു ആത്മീയ വേദന. തനിക്കാണോ തെറ്റുപറ്റിയതെന്ന് ജോണിന് സംശയമായി. ഉറപ്പില്ലാത്ത ആ അവസ്ഥയിൽ വേദന അടുത്ത തലത്തിലേക്ക് നീങ്ങി . ദൈവത്തിന്റെ പൂർണ്ണമായ അസാന്നിധ്യം അദ്ദേഹത്തിന് സഹിക്കാവുന്നതിലധികമായിരുന്നു. ജീവിതം നിരർത്ഥകമായി തോന്നി, പ്രാർത്ഥന അസാധ്യമായി, ‘ഏൽ ഏൽ,ലമാ സബക്താനി’ എന്നദ്ദേഹം ഒരുപാട് തവണ നിലവിളിച്ചിരിക്കണം. വേനൽക്കാലത്തും ജോണിനെ കുളിക്കാൻ സമ്മതിച്ചില്ല. മുറി ചുട്ടുപൊള്ളുന്ന അടുപ്പ് പോലെയായി. ദൈവത്തിന്റെ പക്കലേക്ക് ഹൃദയമൊന്നുയർത്താൻ കഴിയാത്ത തൻറെ ആ അവസ്ഥയെക്കുറിച്ചു പിൽക്കാലത്ത് അദ്ദേഹം എഴുതിയിരുന്നു.
അത്രയും ദുരനുഭവങ്ങൾക്ക് വിധേയനാകുമ്പോൾ ദൈവം തൻറെ നേർക്ക് നിഷ്ഠൂരത കാണിക്കുന്നെന്നും തന്നെ വെറുക്കുന്നെന്നുമാവും ആത്മാവിന് തോന്നുക.കുർബ്ബാന അർപ്പിക്കാനുള്ള സൗകര്യം പോലും ലഭിക്കാതെ അവിടെ ജോൺ കഴിഞ്ഞു. 1578ൽ അദ്ദേഹത്തിന് ഒരു പുതിയ കാവൽക്കാരനെ നിയമിച്ചു. കരുണയുള്ളവനായ അദ്ദേഹം കുറച്ചു സമയം പുറത്തിറങ്ങി വെളിച്ചം കാണാൻ അനുവദിച്ചു. ജോൺ പേനയും കടലാസും ചോദിച്ചുവാങ്ങി. അവിടെ വെച്ചാണ് വിശ്വോത്തര മിസ്റ്റിക്കൽ രചനയായ സ്നേഹഗീതയിലെ ആദ്യത്തെ മുപ്പത് പദ്യങ്ങളും മറ്റു ചില കവിതകളും എഴുതിയത്. “സ്വാർത്ഥതയെപ്രതി ഞാൻ യാതൊന്നും അന്വേഷിക്കുന്നില്ലയെന്നായപ്പോൾ സകല നന്മകളും എനിക്ക് കൈവന്നെന്നു ” സ്നേഹഗീതയിൽ അദ്ദേഹം കുറിച്ചു. ( ശൂന്യതയിൽ ദൈവത്തെ കണ്ടെത്തിയ സ്നേഹോപാസകൻ , എന്ന ഗ്രന്ഥം)15 ഓഗസ്റ് 1578 ൽ പരിശുദ്ധ അമ്മയുടെ ഒരു ദർശനത്താൽ നയിക്കപ്പെട്ട് അവിടെ നിന്ന് ( ഹാളിലെ ജനൽ വഴി പുതപ്പു കയറുപോലെ കെട്ടി )ജോൺ രക്ഷപെട്ടു.
നിഷ്പാദുകസഭാ സഹോദരർ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പ്രിയോരച്ചനാക്കി. അവിടെയിരുന്ന് ‘ആത്മീയഗീതം’ എഴുതി പൂർത്തിയാക്കി. അതിന്റെ കൂടെ മറ്റു രചനകളായ കർമ്മലമലകയറ്റം, ആത്മാവിന്റെ ഇരുണ്ട രാത്രികൾ, സ്നേഹജ്വാല തുടങ്ങിയ കൃതികൾ ‘മിസ്റ്റിക്കുകളുടെ രാജകുമാരൻ ‘ എന്ന പേര് വരെ അദ്ദേഹത്തിന് നേടിക്കൊടുത്തു. അടുത്ത 13 കൊല്ലങ്ങൾ ജോൺ സംന്യാസസഭകൾ സ്ഥാപിച്ചും ഒരുപാട് പേർക്ക് ആത്മീയ വഴികാട്ടിയായും ധ്യാനാത്മക പ്രാർത്ഥനയുടെ കൊടുമുടിയിൽ ദൈവവുമായുള്ള ആത്മാവിന്റെ ഒന്നാകൽ അനുഭവിച്ചുമൊക്കെ ചിലവഴിച്ചു. കുരിശ് വഹിച്ചു ഈശോ കാൽവരിയിലേക്ക് പോകുന്ന രൂപത്തിന് മുൻപിൽ ധ്യാനനിമഗ്നനായിരിക്കെ ഈശോ തന്നെ വിളിക്കുന്നതായി അദ്ദേഹം കേട്ടു.
“ഇതാ ഞാൻ ” അദ്ദേഹം പ്രത്യുത്തരിച്ചു. ഈശോ ചോദിച്ചു, “നീ സഹിച്ചതിനും പ്രവർത്തിച്ചതിനും ഞാൻ എന്ത് സമ്മാനമാണ് നൽകേണ്ടത്?”ജോൺ മറുപടി പറഞ്ഞു, “നിനക്ക് വേണ്ടി കൂടുതൽ സഹിക്കാനും നിന്ദിക്കപ്പെടാനും ഞാൻ ആഗ്രഹിക്കുന്നു”. അതിനു ശേഷം 1591 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി. ആരോഗ്യം വീണ്ടെടുക്കാനും വിശ്രമത്തിനുമായി ബൈസയിലുള്ള സന്യാസഭവനത്തിൽ പോണോ അതോ യുബെഡയിൽ പോണോ എന്ന് ജോണിനോട് ചോദിച്ചു. ബൈസയിലെ മഠാധിപതി ജോണിനോട് സൗഹൃദമുള്ളയാളും യുബെഡയിലെ മഠാധിപതി ജോണിനോട് വളരെ വിരോധം വെച്ചുപുലർത്തുന്നയാളുമായിരുന്നു. യൂബെഡയിൽ പോകാമെന്നായിരുന്നു ജോണിന്റെ മറുപടി.
അവിടെയെത്തിയ ജോണിന് ഏറ്റവും ചെറിയ, തണുപ്പുള്ള, വൃത്തികേടായ മുറി കിടക്കാൻ കൊടുത്തു. ജോണിനെ സന്ദർശിക്കാൻ ആരെയും അനുവദിച്ചില്ല . കുറച്ചു കാരുണ്യം കാണിച്ച രോഗിശുശ്രൂഷകനെ പോലും പ്രിയോരച്ചൻ മാറ്റി.സാധാരണ ഭക്ഷണത്തിൽ കവിഞ്ഞ് വേറൊന്നും കൊടുത്തിരുന്നില്ല. ജോണിന്റെ വലതുകാലിൽ വ്രണവും പഴുപ്പുമായി.ഓരോ വ്രണഭാഗവും മരവിപ്പിക്കാതെ മുറിച്ചുനീക്കുകയോ തുറന്നുകളയുകയോ ചെയ്തു. അവിടെയുള്ള 3 മാസത്തെ യാതനകൾക്കു ശേഷം, തൻറെ അന്ത്യമടുത്തെന്നു ജോണിന് മനസ്സിലായി. ഡിസംബർ 12 ന് രോഗീലേപനം സ്വീകരിച്ചു.വെള്ളിയാഴ്ചയായപ്പോൾ തന്നെ പരിചരിച്ചിരുന്ന സഹോദരനോട് ജോൺ പറഞ്ഞു, “ഇന്ന് അർദ്ധരാത്രിക്കു ശേഷം ഞാൻ സ്വർഗ്ഗത്തിൽ കീർത്തനങ്ങൾ ആലപിക്കയായിരിക്കും”.
ഇതറിഞ്ഞ പ്രിയോരച്ചൻ ഓടി ജോണിന്റെ അടുക്കൽ വന്നു മുട്ടിൽ നിന്നു. ഒരു ദാക്ഷിണ്യവും കൂടാതെയുള്ള തൻറെ പെരുമാറ്റത്തിന് ക്ഷമാപണം ചെയ്തു. “ഞാൻ തികഞ്ഞ സന്തോഷത്തിലാണ് പ്രിയോരച്ചാ” ജോൺ പറഞ്ഞു. “ഞാൻ അർഹിക്കുന്നതിൽ കൂടുതൽ എനിക്ക് ലഭിച്ചു”. 1591 ഡിസംബർ 14ന് ക്ലോക്കിൽ 12 അടിക്കുമ്പോൾ, ജോൺ തൻറെ അവസാനവാക്കുകൾ ഉരുവിടുകയായിടുന്നു,”ഓ ദൈവമേ , അങ്ങേ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു ” എന്ന് പറഞ്ഞുകൊണ്ട് സഹനത്തിന്റെ പാനപാത്രം അവസാനതുള്ളിയും സന്തോഷത്തോടെ സ്വീകരിച്ച് ഈശോയിൽ നിന്ന് നിത്യസമ്മാനം വാങ്ങാൻ അദ്ദേഹം യാത്രയായി.
1675 ജനുവരി 25 നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ആ ധന്യാത്മാവിനെ 1726 ഡിസംബർ 26 ന് വിശുദ്ധനായി ഉയർത്തി. പീയൂസ് പതിനൊന്നാമൻ പാപ്പയാൽ സഭയിലെ വേദപാരംഗതനായി അവരോധിക്കപ്പെട്ടു. ‘തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും’. ഈശോയെ പ്രതി സഹിക്കാനും നിന്ദിക്കപ്പെടാനും ആഗ്രഹിച്ച ആ ‘സഹനരാക്ഷസൻ’ ഈശോയുടെ മുറിവുകളുടെ ഭാഗഭാഗിത്വം കൈക്കൊണ്ട് വിശുദ്ധപദവിയിൽ വിരാജിക്കുന്നു. എല്ലാവർക്കും കുരിശിൻ്റെ വിശുദ്ധ യോഹന്നാൻ്റെ തിരുന്നാൾ ആശംസകൾ.
By, ജിൽസ ജോയ്.