എളിമയുള്ളവരാകാം ; ലോകൈകനാഥനെ സ്വീകരിക്കാനായി ഹൃദയ വാതിലുകൾ തുറക്കാം..

മത്തായി 21:1-17
സമാധാനരാജാവ്

വഴിയിൽ വസ്ത്രം വിരിയ്ക്കുമ്പോഴും ഒലിവു ചില്ലകൾ വീശുമ്പോഴും അവർ തങ്ങൾക്കൊരു നേതാവിനെ ഉള്ളിൽ പ്രതീക്ഷിച്ചു. അത്ഭുത പ്രവർത്തികളിലൂടെ ലോകത്തെ മുഴുവൻ മാറ്റിമറിയ്ക്കുന്ന ദിനങ്ങളെ അവർ സ്വപ്നം കണ്ടു.

അവനാകട്ടെ, ആരവങ്ങളിലൊ, ആർപ്പുവിളികളിലൊ, ഓശാന ഗീതികളിലൊ മയങ്ങി വീണില്ല, പകരം ഓശാനയുടെ അന്ത:സത്തയിലേയ്ക്ക് എത്തി നോക്കുന്നു. “നാഥാ രക്ഷിക്കണേ” എന്ന നൊമ്പരങ്ങളിലേയ്ക്ക്, മനുഷ്യ മനസിൻ്റെ ആഴങ്ങളിലേയ്ക്ക്.

തൻ്റെ രാജകീയ പ്രവേശത്തിനായി ലോകൈക രക്ഷകൻ, രാജാധിരാജൻ, തിരഞ്ഞെടുക്കുന്നത് ശക്തിയുടെയും കുതിച്ചു ചാട്ടങ്ങളുടെയും കുതിരയെയല്ല, മറിച്ച്, താഴ്മയുടെ, വിഴുപ്പുഭാണ്ഡങ്ങൾ വഹിക്കുന്നവൻ്റെ, ശാന്തതയുടെ മൃഗത്തെയാണ്.

ദൈവപുത്രൻ, യുദ്ധത്തിനു വന്നവനല്ല സമാധാനത്തിൻ്റെ വക്താവാണെന്ന് തെളിയിക്കയാണിവിടെ. “എനിക്ക് അതിനെക്കൊണ്ടാവശ്യമുണ്ട് ” എന്ന സ്വരം എളിമയുള്ള ഹ്യദയങ്ങളോടുള്ള അവൻ്റെ മന്ത്രണമാണ്. കഴുതയോളം താഴ്ത്തപ്പെടുമ്പോഴാണ് കുരിശു ചുമക്കാൻ നാമും പാകപ്പെടുക.

ക്രിസ്തുവിനെ, അവൻ്റെ സ്നേഹത്തെ ഉൾക്കൊള്ളാൻ നമ്മുടെ ഹൃദയങ്ങൾ പാകപ്പെടുക. ദൈവത്തെ ഉൾക്കൊള്ളുമ്പോൾ, അവനിൽ വസിയ്ക്കുമ്പോൾ നാമും ഒരു ദേവാലയമായിത്തീരുന്നു. ചെറിയവനെന്നോ, വലിയവനെന്നോ വ്യത്യാസമില്ലാതെ, സർവ്വരേയും ഉൾക്കൊള്ളാൻ പാകമായ ഇടം. മനുഷ്യനും ദൈവവും ഒരുമിച്ചു വസിക്കുന്ന ഇടമാകുന്നു.

ഇവിടെ കുരുത്തോലകൾ കുരിശോലകളായി അന്ത്യ അത്താഴ നാളിൽ നമ്മുടെ മേശയിൽ നിറയുന്നു. ചുംബനത്തിലൂടെ ഒറ്റിക്കൊടുക്കുന്നവനും, തന്നെ തള്ളിപ്പറഞ്ഞവനും, നെഞ്ചോളം സ്നേഹം കാത്തു സൂക്ഷിച്ചവനും ഒരേ മേശയിൽ വിരുന്നൊരുക്കിയ നാഥനാണവൻ. അവനായി വാതിൽ തുറക്കാം. സുകൃതങ്ങളുടെ പട്ടു വിരിയ്ക്കാം.

ഓശാന ഗീതികളാൽ നമ്മുടെ ഹൃദയങ്ങളിലും നമ്മുടെ കുടുംബങ്ങളിലേയ്ക്കും അവനെ വരവേൽക്കാം. ഓശാന വിളികൾക്കപ്പുറം കുരിശിൻ്റെ പാതയും ഇനി പിന്തുടരേണ്ടതുണ്ട്. നമുക്കും അവനോടൊപ്പം ചരിക്കാം. സമാധാനത്തിൻ്റെ അനുയായികളായി.

error: Content is protected !!