കാറ്റലോണിയയിലെ വിക്കിൽ 1591-ല്‍ ആണ് വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് ജനിച്ചത്. വിശുദ്ധന് 6 വയസ്സുള്ളപ്പോള്‍ തന്നെ, അദ്ദേഹം തന്റെ മാതാപിതാക്കളോട് താന്‍ ഒരു സന്യാസിയാകുവാന്‍ പോകുന്ന കാര്യം അറിയിച്ചിരുന്നു.
മാത്രമല്ല അദ്ദേഹം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെ വലിയ തോതില്‍തന്നെ അനുകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം മൈക്കല്‍ ഒരു വ്യാപാരിയുടെ സഹായിയായി കുറച്ചുകാലം ജോലിചെയ്തു. ഭക്തിയോടും, വിശ്വാസത്തോടും കൂടിയ ജീവിതമായിരുന്നു വിശുദ്ധന്‍ തുടര്‍ന്നിരുന്നത്.
1603-ല്‍ അദ്ദേഹം ബാഴ്സിലോണയിലെ ട്രിനിറ്റാരിയന്‍ ഫ്രിയാര്‍സ് സഭയില്‍ ചേരുകയും, 1607-ല്‍ സര്‍ഗോസയിലെ വിശുദ്ധ ലാംബെര്‍ട്ടിന്റെ ആശ്രമത്തില്‍ വെച്ച് സന്യാസവൃതം സ്വീകരിക്കുകയും ചെയ്തു. അതിനു ശേഷം അധികം താമസിയാതെ തന്നെ മൈക്കല്‍ ട്രിനിറ്റാറിയാന്‍ സഭയുടെ നവീകരിച്ച വിഭാഗത്തില്‍ ചേരുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും വിശുദ്ധന് അതിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു.
തുടര്‍ന്ന് വിശുദ്ധന്‍ മാഡ്രിഡിലെ നോവീഷ്യെറ്റിലേക്കയക്കപ്പെട്ടു. സെവില്ലേയിലും, സലാമാന്‍കായിലുമായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍, പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, രണ്ടു പ്രാവശ്യം വല്ലഡോളിഡിലെ ആശ്രമത്തിലെ സുപ്പീരിയര്‍ ആയി സേവനം ചെയ്യുകയും ചെയ്തു.
വിശുദ്ധ കുര്‍ബ്ബാനയോടുള്ള മൈക്കലിന്റെ ഭക്തിയും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്ന വേളയില്‍ അദ്ദേഹത്തിനുണ്ടാവാറുള്ള ആത്മീയ ഉണര്‍വ് മൂലം ഒരു വിശുദ്ധനായിട്ട് തന്നെയായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ മൈക്കലിനെ പരിഗണിച്ചിരുന്നത്.
1625 ഏപ്രില്‍ 10 ന് തന്റെ 35-മത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1779 മെയ് 24-ന് പോപ്പ് പയസ് ആറാമൻ മൈക്കൽ ഡി സാൻക്റ്റിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു 1862-ല്‍ പിയൂസ് ഒമ്പതാമന്‍ പാപ്പാ മൈക്കല്‍ ഡി സാന്‍ക്റ്റിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഏപ്രിൽ 10 ന് വിശുദ്ധ മൈക്കൽ ഡി സാൻക്റ്റിസിൻറെ തിരുനാൾ ആഘോഷിക്കുന്നു.