കാറ്റലോനിയായിലെ പെനിയഫോര്‍ട്ട് എന്ന കൊട്ടാരത്തിലാണ് റെയ്മണ്ട് ജനിച്ചത്. ആരഗണ്‍ ചക്രവര്‍ത്തിയുടെ ബന്ധുവായിരുന്നു. ബാര്‍സിലോണ കലാശാലയില്‍ പതിനഞ്ചുവര്‍ഷം കാനോന്‍ നിയമം പഠിപ്പിച്ചശേഷം ഇറ്റലിയിലെ ബൊളോഞ്ഞയില്‍നിന്നു ഡോക്ടറേറ്റു നേടി.
അതിനുശേഷമാണ് 1222-ല്‍ ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്‌സില്‍ ചേര്‍ന്നത്. കൂടാതെ, വി. പീറ്റര്‍ നൊളാസ്‌കോയോടു ചേര്‍ന്ന് “ഓര്‍ഡര്‍ ഓഫ് ഔവര്‍ ലേഡി ഓഫ് മേഴ്‌സി” സ്ഥാപിക്കുകയും ചെയ്തു.
1230-ല്‍ പോപ്പ് ഗ്രിഗറി IX റെയ്മണ്ടിനെ റോമില്‍ വിളിച്ചുവരുത്തി തന്റെ ചാപ്ലൈനാക്കി. കൂടാതെ, നൂറ്റാണ്ടുകളായി ക്രോഡീകരിക്കാതെ കിടന്ന സഭയുടെ ഡിക്രികളെല്ലാം തരംതിരിച്ച്, സംഗ്രഹിച്ച് ക്രോഡീകരിച്ചത് റെയ്മണ്ടാണ്.
1917-ല്‍ കാനോന്‍ നിയമത്തിന്റെ നവീകരിച്ച പതിപ്പ് ഇറങ്ങുന്നതുവരെ പ്രാബല്യത്തിലിരുന്നത് ഈ പതിപ്പാണ്. തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ട് റെയ്മണ്ട് തരഗോണയിലെ ആര്‍ച്ച്ബിഷപ്പ് സ്ഥാനവും ഒഴിഞ്ഞ് സ്‌പെയിനിലേക്ക് തിരിച്ചുപോയി. എന്നാല്‍, 1238-ല്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയുടെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
ആ സമയത്ത് ഡൊമിനിക്കന്‍ സഭയുടെ നിയമാവലി അദ്ദേഹം പരിഷ്‌കരിച്ചു. കൂടാതെ പൗരസ്ത്യഭാഷകള്‍ പഠിപ്പിക്കാനായി ബാര്‍സിലോണയിലും ടൂണിയിലും സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു. റെയ്മണ്ട് 1275-ൽ ബാഴ്‌സലോണയിൽ 100-ആം വയസ്സിൽ മരിച്ചു. 1601-ൽ പോപ്പ് ക്ലെമൻ്റ് എട്ടാമൻ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.