Daily Saints Reader's Blog

വിശുദ്ധ ജോണ്‍ ന്യുമാന്‍ : ജനുവരി 5

ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായ സെക്കോസ്ളവോക്യായിൽ 1811-ൽ ഭക്തരായ മാതാപിതാക്കളിൽനിന്നു ജനിച്ചു. സ്വന്തം നാട്ടിൽതന്നെ സെമിനാരിയിൽ ചേർന്ന് വൈദികവിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും ആവശ്യത്തിനുമാത്രം വൈദികർ രൂപതയിലുണ്ടെന്ന കാരണത്താൽ അവിടുത്തെ മെത്രാൽ അദ്ദേഹത്തിന് പട്ടം നൽകിയില്ല.

1835-ൽ ജോൺ ന്യൂയോർക്കിലെത്തി. ഒരു ഡോളറാണ് അപ്പോൾ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത്. കരുണാനിധിയായ ഒരു വൈദികൻ ജോണിനെ സഹായിച്ചു. അദ്ദേഹം ജോണിനെ ന്യൂയോർക്ക് മെത്രാപ്പോലീത്തായുടെ അടുക്കലേയ്ക്കാനയിക്കുകയും വേണ്ട പരിശോധനകൾ നടത്തിയശേഷം മെത്രാൻ അദ്ദേഹത്തെ പുരോഹിതനായി അഭിഷേചിക്കുകയും ചെയ്തു.

നയാഗ്രാ പ്രദേശങ്ങളിൽ ഫാദർ ജോൺ ത്യാഗപൂർവ്വം സേവനം ചെയ്തു. അവിടെ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും കാൽനടയായി വളരെയേറെ യാത്രചെയ്ത് തന്റെ ആത്മീയ മക്കളെ സന്ദർശിച്ചിരുന്നു.1852-ൽ ഫാദർ ജോണിനെ ഫിലാഡൾഫിയ മെത്രാനാക്കി.

മെത്രാനായതിനുശേഷം കത്തോലിക്കാ സ്കൂളുകളും വേദോപദേശ ക്ലാസ്സുകളും അദ്ദേഹം ക്രമപ്പെടുത്തി. നാല്പതുമണി ആരാധന ആദ്യമായി അദ്ദേഹം അമേരിക്കയിൽ ആരംഭിച്ചു. രോഗികളോട് താൽപര്യവും ദരിദ്രരോട് തുണയും പാപികളോട് സ്നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

1860-ൽ ക്ലേശകരമായ ജോലികൾകൊണ്ട് ക്ഷീണിതനായി ഫിലാഡെൽഫിയായിലെ റോഡിൽക്കൂടി നടക്കുമ്പോൾ ജോൺ പെട്ടെന്ന് ബോധംകെട്ടു വീണ് വഴിയിൽവച്ചുതന്നെ മരണമടഞ്ഞു.