തപസ്സുകാലം: ദൈവത്തിലാശ്രയിച്ച് ഒന്നു ജീവിച്ചു നോക്കാനുള്ള ക്ഷണമാണത്…

ഷിൻ്റോ മറയൂർ

തപസ്സുകാലത്തിലാണു നമ്മൾ. യേശു തൻ്റെ പരസ്യജീവിതം ആരംഭിക്കുന്നതിനു മുമ്പ് ജ്ഞാനസ്നാനം സ്വീകരിച്ചതിനു ശേഷം മരുഭൂമിയിൽ നാല്പതു ദിനരാത്രങ്ങൾ പാർത്തതിൻ്റെ ഓർമയിലാണ് നാം ഇക്കാലം ആചരിക്കുന്നത്. ഒപ്പം, ഈ ഉത്ഥാനപ്പുലരിക്കുവേണ്ടിയുള്ള ഒരുക്കം എന്ന നിലയിലും നാമതിനെ കാണുന്നു.

എന്തിനാവും യേശു മരുഭൂമിയിലേക്കു പോയതും നാല്പതു ദിവസം അവിടെ കഴിഞ്ഞതും? ഈ ചോദ്യം തപസ്സുകാലാചരണത്തിൻ്റെ ഹൃദയം കണ്ടെത്താൻ ചിലപ്പോൾ സഹായിച്ചേക്കും. യഥാർഥത്തിൽ ബൃഹത്തായ ഒരു ക്യാൻവാസിൽ വരച്ച ഒരു വലിയ രചനയുടെ ഒരു ഫോക്കസ്ഡ് ചിത്രം മാത്രമാണ് അതെന്നും അതിലേക്കു

മാത്രമായി ശ്രദ്ധിക്കുമ്പോൾ പ്രധാനപ്പെട്ട വിശദാംശങ്ങൾ നമുക്കു നഷ്ടമാകുന്നുണ്ടെന്നും തോന്നുന്നു. അതുകൊണ്ടാണ്, എന്തിനാവും യേശു മരുഭൂമിയിലേക്കു പോയതെന്ന ചോദ്യം ധ്യാനമാവശ്യപ്പെടുന്നത്.

നാല്പത് എന്ന സംഖ്യക്ക് പഴയ നിയമ പുസ്തകത്തിൽ വലുതായ പ്രധാന്യമുണ്ട്. നോഹയുടെ നാളുകളിൽ പെയ്ത മഴയുടെ കാലം, മോശ പത്തു കല്പനയ്ക്കായി കാത്തിരുന്ന കാലം, ഇസ്രായേൽ ജനം കാനാൻ ദേശത്തിലേക്കു പ്രവേശിക്കും മുമ്പ് മരുഭൂമിയിലൂടെ അലഞ്ഞ കാലം, ഏലിയ കർത്താവിൻ്റെ മലയിലേക്കെത്താൻ നടന്ന കാലം എന്നിങ്ങനെ നാല്പതിൻ്റെ കണക്കുകൾ എണ്ണിപ്പറയാൻ പലതുണ്ട്.

ഇവയൊക്കെയും ദൈവത്തെ മുഖാമുഖം കാണുന്ന സന്ദർഭങ്ങളായിരുന്നു താനും. എങ്കിലും ഇസ്രായേൽ ജനം മരുഭൂമിയിലൂടെ നടന്ന നാല്പതു വർഷത്തിനു പറയാൻ കഥകൾ ഏറെയുള്ളതുകൊണ്ട് അതു പരിഗണിക്കുന്നതാവും കൂടുതൽ ഉചിതമെന്നു തോന്നുന്നു.


ഇസ്രയേൽ, മരുഭൂമിയിലായിരുന്ന നാല്പതു വർഷങ്ങൾ ദൈവത്തിൻ്റെ പരിപാലനയിൽ മാത്രം ആശ്രയിച്ചു ജീവിച്ച നാളുകളായിരുന്നു. ചെങ്കടലിൽ അവർ സ്വീകരിച്ച ജ്ഞാനസ്നാനത്തിൻ്റെ ആദ്യാനുഭത്തിനുശേഷവും അവർ ദൈവത്തിനെതിരെ ഹൃദയം കഠിനമാക്കുകയും പിറുപിറുക്കുകയും ആ സ്നേഹത്തെ ചോദ്യം ചെയ്യുകയും പേരറിയാത്ത ദേവന്മാരിലേക്കു തിരിയാൻ പ്രേരിതരാവുകയുമൊക്കെ ചെയ്യുന്നുണ്ട്.

അത്രമേൽ അടുത്തു വന്നിട്ടും പൊതിഞ്ഞു പിടിച്ചിട്ടും ദൈവത്തിൻ്റെ നാമം ഉരുവിടാൻ അവർ ഭയന്നു; ദൈവിക സാന്നിധ്യത്തിൻ്റെ അടയാളങ്ങൾക്കു മുമ്പിലൊക്കെ അവർ മരണപ്പെടാനുള്ള സാധ്യത കണ്ടു പേടിച്ചു. ഒടുവിൽ കാനാനിലേക്ക് എത്തുമ്പോഴും അവർ ദൈവാശ്രയജീവിതത്തിൻ്റെ ശരിയായ അർഥം മനസ്സിലാക്കിയിരുന്നില്ല.

കർത്താവിൻ്റെ വചനത്തിലാണ് ആനന്ദം എന്നൊക്കെ സങ്കീർത്തനം പാടുമ്പോഴും ദൈവത്തിൽ ചാരി ജീവിക്കാനുള്ള ശേഷി അത്രയും വർഷത്തെ അനുഭവത്തിനു ശേഷവും അവർ സ്വന്തമാക്കിയില്ല.


യേശു മരുഭൂമിയിൽ കഴിഞ്ഞ നാല്പതു ദിനങ്ങൾ ഇസ്രയേലിൻ്റെ നാല്പതു വർഷത്തിൻ്റെ ഓർമയായിരുന്നു. ഇസ്രായേൽ ജനവും യേശുവിനെപ്പോലെ അപ്പത്തിനും അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള പ്രലോഭനം നേരിട്ടിരുന്നു. മോശയുൾപ്പെടെ അതിൽ തോറ്റുപോവുകയും ചെയ്തു.

ദൈവത്തിൽ വിശ്വസിച്ചും ആശ്രയിച്ചും ഒരു ജീവിതം സാധ്യമാണോ എന്ന ചോദ്യത്തിന് നാല്പതു വർഷത്തെ അനുഭവങ്ങൾക്കു പറയാൻ ബലമുള്ള ഒരു ‘അതേ’ ഉണ്ടായിരുന്നില്ല. പക്ഷേ, അതു സാധ്യമാണ് എന്ന് യേശു സാക്ഷ്യപ്പെടുത്തിയ ഇടമായിരുന്നു മരുഭൂമിയിലെ ദിനങ്ങൾ.

ദൈവമെന്ന ഉറവയിൽ നിന്നു മാത്രം കുടിച്ച്, ദൈവമെന്ന വൃക്ഷത്തിൻ്റെ തണലിലുറങ്ങി, ദൈവമെന്ന പുതപ്പു പുതച്ച് യേശു കഴിഞ്ഞ നാളുകളായിരുന്നു ആ ദിനരാത്രങ്ങൾ. ആകാശത്തിലെ പക്ഷികളെ ദൈവം പോറ്റുന്നു എന്നു പറഞ്ഞതിൽ അവൻ്റെ അനുഭവ നേരുണ്ടായിരുന്നു. നിങ്ങളറിയാത്ത ഭക്ഷണം എനിക്കുണ്ട് എന്ന് ശിഷ്യന്മാരോടു പറഞ്ഞത് അപ്പനെന്ന അപ്പം ഭക്ഷിച്ച നാളിലെ ഓർമയിൽ നിന്നാവണം.


ആദ്യം ചോദിച്ച ചേദ്യത്തിന് ഇപ്പോൾ നമുക്കു വ്യക്തത കിട്ടുന്നുണ്ട്. എന്തിനാണ് യേശു മരുഭൂമിയിലേക്കു പോയതെന്നു ചോദിച്ചാൽ രണ്ടു കാരണങ്ങൾ പറയാം:
1-ദൈവത്തിലാശ്രയിച്ചുള്ള ജീവിതം സാധ്യമാണെന്നു സ്വയം ബോധ്യപ്പെടാൻ.
2-ഇസ്രായേലിൻ്റെ പരാജയങ്ങളെ തിരുത്തി എഴുതാൻ.

അങ്ങനെയെങ്കിൽ അവൻ്റെ മരുഭൂമിദിനങ്ങളുടെ സ്മരണയിൽ നിന്നുകൊണ്ട് നാമാചരിക്കുന്ന തപസ്സുകാലത്തിൻ്റെ ദർശനമെന്താവണം?അതു കഴിയുമ്പോൾ ബാക്കിയാവേണ്ട ബോധ്യമെന്താവണം?


ദൈവത്തിലാശ്രയിച്ച് ഒന്നു ജീവിച്ചു നോക്കാനുള്ള ക്ഷണമാണത്. ഇതുവരെ രുചിച്ച അപ്പത്തെക്കാൾ സ്വാദുള്ള അപ്പനെ രുചിയറിയാനുള്ള നേരമാണത്. പട്ടിണി കിടക്കലും മാംസവർജനവും കൊണ്ട് അത് സാധ്യമാവുമോ എന്നു സംശയമുണ്ട്. ഉടലിൻ്റെയും മനസ്സിൻ്റെയും കൊതികളെക്കാൾ ആത്മാവിൻ്റെ വിശപ്പ് തിരിച്ചറിയുകയും അതു ശമിപ്പിക്കുന്ന അന്നവും കുടിനീരും തേടാൻ മരുഭൂമിയിലേക്കു പോയേ മതിയാവൂ.

ദൈവാശ്രയ ജീവിതത്തിൻ്റെ അർഥം ക്രിസ്തു അറിഞ്ഞ അതേ ആഴത്തിൽ ബോധ്യപ്പെട്ടാലേ അവൻ വിളിച്ചപോലെ ‘അബ്ബാ’ എന്നു വിളിക്കാൻ നമുക്കാവൂ. യേശു വെല്ലുവിളിക്കുന്നു, അവൻ്റെ അപ്പനെ വിളിക്കാൻ. പ്രാർഥിക്കാം: ദൈവമേ, വാക്കിൻ്റെ ആഴമറിഞ്ഞ് നിന്നെ അപ്പാ എന്നു വിളിക്കാൻ ഞാൻ ആശിക്കട്ടെ, ആമേൻ.

error: Content is protected !!