സ്പെയിനിലെ കസ്റ്റീൽ പ്രവിശ്യയിലെ കലാറോഗയിൽ ഡോൺ ഫെലിക്സ് ഗുസ്മന്റേയും അസായിലെ ഹുവാനയുടേയും ഡൊമിനിക് പുത്രനായി ജനിച്ചു. ഡൊമിനിഗോ ഡി ഗുസ്മാൻ എന്നായിരുന്നു ആദ്യനാമം. 7 മുതൽ 14 വയസ്സു വരെ, അമ്മയുടെ സഹോദരനായിരുന്ന ഗുമീൽ ഡിസാൻ എന്ന പുരോഹിതന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം.
1184-ൽ പലെൻഷ്യ സർവകലാശാലയിൽ ചേർന്ന ഡൊമിനിക് പത്തുവർഷത്തെ പഠനത്തിനിടെ ദൈവശാസ്ത്രത്തിലും ലളിതകലകളിലും അവഗാഹം സമ്പാദിച്ചു. അഗസ്തീനിയൻ സന്യാസസഭയിൽ ചേർന്ന അദ്ദേഹം 1194-ൽ വൈദികപദവിയിലെത്തി.
ഓസ്മായിലെ ഭദ്രാസനപ്പള്ളിയായിൽ അവിടത്തെ മെത്രാന്റെ കീഴിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1203-ലും 1204-ലും ഡൊമിനിക് തന്റെ മേലധികാരിയായ മെത്രാൻ, ഡോൺ ഡിയഗോ ഡി അസെവെഡോയോടൊപ്പം ഡെൻമാർക്ക് സന്ദർശിച്ചു. കസ്റ്റൈലിലെ ഫെർഡിനൻഡ് എട്ടാമനു വേണ്ടിയുള്ള നയതന്ത്ര പര്യടനങ്ങളായിരുന്നു അവ.
യാത്രക്കിടയിൽ ഒരിക്കൽ തെക്കൻ ഫ്രാൻസ് സന്ദർശിച്ച ഡൊമിനിക്കിന് ലാംഗ്വഡോക് പ്രവിശ്യയിലൂടെ കടന്നുപോകേണ്ടിവന്നു. ഇക്കാലത്ത്, ‘അൽബിജഷ്യന്മാർ’ (കാത്താറുകൾ) എന്നറിയപ്പെട്ടിരുന്ന ദ്വന്ദവാദികളായ വിമതക്രിസ്തീയ വിഭാഗം ആ പ്രദേശത്താകെ പ്രചരിച്ചിരുന്നു. വ്യവസ്ഥാപിത വിശ്വാസത്തിൽ വ്യാപകമായിരുന്ന അനീതികളും അധാർമ്മികതയും അഴിമതിയും ഈ പുത്തൻ വിശ്വാസധാരയുടെ പ്രാചാരത്തെ സഹായിച്ചു.
ഈ പര്യടനത്തിനുശേഷം ഡൊമിനിക്കും ഡിയഗോ ഡി അസെവെഡൊ മെത്രാനും റോമിലെത്തിയെങ്കിലും ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പ അൽബിജൻഷ്യന്മാരെ നേരിടുന്നതിൽ സിസ്റ്റേർഷ്യൻ സന്ന്യാസിമാരെ സഹായിക്കുവാനായി അവരെ ലാംഗ്വഡോക്കിലേക്ക് മടക്കി അയച്ചു. സന്യാസികളുടെ ലളിതജീവിതമാണ് അവർ അവിടെ നയിച്ചത്.
രണ്ടു പേർ വീതം ഓരോ പ്രദേശത്തിലേക്ക് കാൽനടയായി ചെല്ലുകയും മത പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. അവർ പണം ഉപയോഗിച്ചിരുന്നില്ല. ആഹാരം ഭിക്ഷയായി സ്വീകരിച്ചു പോന്നു. ഈ കാലഘട്ടത്തിൽ ഡൊമിനിക്കിന് കന്യാമറിയത്തിന്റെ ദർശനമുണ്ടായതായി പറയപ്പെടുന്നു.
മരിയഭക്തിയുടെ ഉപകരണമായ കൊന്തയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാൻ ഡൊമിനിക്കിന് പ്രചോദനം ലഭിച്ചത് ഈ ദിവ്യദർശനത്തിൽ നിന്നാണ് എന്ന വിശ്വാസവും നിലവിലുണ്ട്. തന്റെ രൂപതയിലേക്കു മടങ്ങിപ്പോയ ഡിയഗോ ഡി അസെവെഡൊ മെത്രാൻ 1207-ലെ മരിച്ചു. തുടർന്ന് ഡൊമിനിക്കിന്റെ നേതൃത്വത്തിൽ ലാംഗ്വേഡോക്കിലെ പ്രവർത്തനങ്ങൾ തുടർന്നു.
അൽബിജൻഷ്യൻ വിശ്വാസത്തിൽ എത്തിയിരുന്നവരെ കത്തോലിക്കാസഭയിൽ തിരികെയെത്തിക്കാൻ മത പ്രഭാഷണങ്ങളും ധർമോപദേശങ്ങളും നല്കുന്ന ഒരു സഭ രൂപീകരിക്കാൻ ഡൊമിനിക് ആഗ്രഹിച്ചിരുന്നു. 1214-ൽ ലാംഗ്വേഡോക്കിലെ പ്രമുഖ്യവ്യക്തികളിൽ ഒരാൾ നൽകിയ വീട്ടിൽ അദ്ദേഹവും ഏതാനും അനുയായികളും ഒരു സമൂഹമായി ജീവിച്ചു.
1215-ൽ മൂന്നാം ലാറ്ററൻ സൂനഹദോസിൽ പങ്കെടുക്കാൻ റോമിലെത്തിയ ഡൊമിനിക് തന്റെ സമൂഹത്തെ ഒരു പുതിയ സന്യാസ സഭയായി മാറ്റാൻ ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ അനുമതി തേടി. പുത്തൻ സന്യാസസഭകൾ ചിട്ടയില്ലാതെ പെരുകുന്നത് ഇഷ്ടപ്പെടാതിരുന്ന സഭാനേതൃത്വം അനുമതി നൽകാൻ മടിച്ചു.
ഒടുവിൽ പുതിയ സമൂഹം, നിലവിലുള്ള ഏതെങ്കിലും ഒരു സന്യാസസമൂഹത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന വ്യവസ്ഥയിൽ അനുമതി നൽകി. അഗസ്റ്റീനിയൻ സമൂഹത്തിന്റെ സന്യാസ നിയമമനുസരിച്ച് ഡൊമിനിക് തന്റെ സഭ രൂപപ്പെടുത്തി. സ്ത്രീകൾക്കായി പ്രൗലിൽ ഒരു മഠവും ഇദ്ദേഹം സ്ഥാപിച്ചു.
പട്ടണപ്രദേശങ്ങളിലും വിദ്യാസമ്പന്നരുടെ ഇടയിലും മതപ്രഭാഷണം നടത്താൻ പ്രാപ്തരായിരിക്കണം തന്റെ സംഘാംഗങ്ങൾ എന്ന് ഡൊമിനിക്കിന് നിർബന്ധമുണ്ടായിരുന്നു. ധർമോപദേശം നൽകുക, സർവകലാശാലകളിൽ ചേർന്ന് അധ്യയനം നടത്തുക എന്നിവയെല്ലാം സന്ന്യാസിമാരുടെ ദിനചര്യകളിൽപ്പെട്ടിരുന്നു.
സഭയ്ക്ക് അംഗീകാരം ലഭിച്ചതിനുശേഷം ഡൊമിനിക് ലോകമെമ്പാടും സന്ന്യാസമഠങ്ങൾ സ്ഥാപിക്കുവാൻ സന്ന്യാസിമാരെ അയച്ചു. സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, കിഴക്കൻ യൂറോപ്പ്, ഗ്രീസ്, പലസ്തീൻ മുതലായ പ്രദേശങ്ങളിലെല്ലാം ഡൊമിനിക്കൻ സന്ന്യാസിമാർ എത്തിച്ചേരുകയും ക്രിസ്തീയതത്ത്വങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഡൊമിനിക്കൻ സന്ന്യാസിമാർ സാമാന്യ-സാമൂഹിക ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്നില്ല. സാമൂഹിക മേഖലയാണ് അവരുടെ മുഖ്യ പ്രവർത്തനരംഗം. അവർ ധർമോപദേശവും അധ്യാപനവും ഒരുമിച്ച് നടത്തിയിരുന്നു. ഇറ്റലിയിലെ ബൊളൊണ്യയിലാണ് ഡൊമിനിക് തന്റെ മുഖ്യ ആശ്രമം സ്ഥാപിച്ചത്
1221 മേയ് മാസത്തിൽ ബൊളോണ്യയിൽ തന്റെ സന്യാസസഭയുടെ രണ്ടാം പൊതുസമ്മേളനത്തിൽ ഡൊമിനിക് അദ്ധ്യക്ഷം വഹിച്ചു. സമ്മേളനം അവസാനിച്ചപ്പോൾ തന്റെ സുഹൃത്ത് ഉഗോളിനോ കർദ്ദിനാളിനെ സന്ദർശിക്കാൻ അദ്ദേഹം വെനീസിലേക്കു പോയി.
അവിടെവെച്ച് ഗുരുതരമായി രോഗബാധിതനായ അദ്ദേഹം താൻ ആസന്നമരണനെന്നറിഞ്ഞ് ബൊളോണ്യയിലെ സന്യാസഭവനത്തിൽ മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചു.
മടങ്ങിയെത്തിയ ഡൊമിനിക് മൂന്നാഴ്ചക്കാലം ദീർഘിച്ച രോഗപീഡ ക്ഷമയോടെ സഹിച്ച ശേഷം, 1221 ആഗസ്റ്റ് 6-ന് അന്തരിച്ചു. 1234-ൽ ഡൊമിനിക്കിനെ ഒൻപതാം ഗ്രിഗോരിയോസ് മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. ഡൊമിനിക്കിന്റെ തിരുനാൾ ആഗസ്റ്റ് എട്ടിന് ആചരിച്ചുവരുന്നു.