ലൂക്കാ 13 : 1 – 5
മാനസാന്തരം.
മാനസാന്തരത്തിന്റെ ആവശ്യകതയാണ് ഈ വചനഭാഗത്തിലൂടെ യേശു വ്യക്തമാക്കുന്നത്. പാപത്തിന്റെ പരിണിതഫലങ്ങളാണ് ജീവിതദുരന്തങ്ങൾ എന്ന വികലമായ കാഴ്ചപ്പാടിനെ അവൻ തിരുത്തിക്കുറിക്കുന്നു. അവ മുൻകാലപാപങ്ങളുടെ ഫലമാണ് എന്നതിൽ അവൻ വിശ്വസിക്കുന്നില്ല.
തെറ്റുകൾ മനുഷ്യസഹജമെങ്കിലും, അത് തിരിച്ചറിഞ്ഞുള്ള മാനസാന്തരം ദൈവീകമായ ഒരു പ്രവൃത്തിയാണ്. നാശത്തിൽനിന്നും രക്ഷനേടാനുള്ള ഏക മാർഗ്ഗം. എല്ലാമനുഷ്യരും പാപികളാണ്. അവിടുത്തെ ശിക്ഷാവിധിക്ക് അർഹരുമാണ്. എന്നാൽ, രക്ഷ നേടാനുള്ള ഏകമാർഗ്ഗം മനസ്സിന്റെ മാറ്റമാണ് എന്ന് തിരിച്ചറിഞ്ഞു, സ്വയം തിരുത്തുന്നവൻ രക്ഷ കരഗതമാക്കും.
മറ്റൊന്നുകൂടിയുണ്ട്, അപകടങ്ങളിലും ദുരിതങ്ങളിലും പെടുന്നവർ, അതിലൊന്നും പെടാത്തവരേക്കാൾ പാപികളാണ് എന്ന് ഒരുക്കലും അർത്ഥമില്ല. അവിടുന്ന് എപ്പോഴും നമ്മുടെ മനസ്സ് വായിക്കുന്നവനാണ്. പാപങ്ങളെ പഴിച്ചു, സ്വയം നശിക്കാതെ, സ്വയം തിരുത്തി ജീവനിൽ പ്രവേശിക്കാൻ നമുക്കാവട്ടെ.
തെറ്റുകൾ മാനുഷീകമെങ്കിലും, അതിൽ തുടരാതെ, മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചു, രക്ഷ നേടാൻ നമുക്ക് കഴിയട്ടെ. ദുരിതങ്ങളേയും ദുരന്തങ്ങളേയും പഴിക്കാതെ, ജീവിതപരിവർത്തനത്തിന്റെ ചുവടുകൾ വെയ്ക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.