16 ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 3 ജീവൻ; വയനാട് ജില്ലയിൽ വൻ ജനരോഷം…

16 ദിവസത്തിനിടെ 3 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ വയനാട് ജില്ലയിൽ വൻ ജനരോഷം. വന്യജീവി ആക്രമണത്തിൽനിന്നു കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകകൾക്കും വനം വകുപ്പിനുമെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

വന്യജീവി ആക്രമണം, പ്രകൃതിദുരന്തം, അപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വയനാട്ടുകാർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നു പലതവണ വാഗ്ദാനം നൽകിയെങ്കിലും നടപ്പാകാതിരുന്നതിന്റെ ഇര കൂടിയാണ് കുറുവദ്വീപിനടുത്ത് കാട്ടാന ചവിട്ടിക്കൊന്ന വെള്ളച്ചാലിൽ പോൾ.

കടുവ ആക്രമിച്ചു ഗുരുതര പരുക്കേറ്റു ചികിത്സ തേടിയെത്തിയ പുതുശേരി തോമസിന്റെ അനുഭവം ഇനിയൊരാൾക്കും ഉണ്ടാകില്ലെന്ന് അധികൃതർ വാഗ്ദാനം ചെയ്തെങ്കിലും പോളിനും കൃത്യസമയത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കാനായില്ല.

ചാലിഗദ്ദയിൽ കർഷകൻ അജീഷിനെ കാട്ടാന ആക്രമിച്ചു കൊന്നതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് വയനാടൻ ജനത മറ്റൊരു ദുരന്തവാർത്ത നേരിടേണ്ടിവന്നത്. ഇന്ന് ജില്ലയിൽ എൽഡിഎഫ്, യുഡിഎഫ്, ബിജെപി എന്നീ സംഘടനകളുടെ ഹർത്താലാണ്.

വയനാടൻ ജനതയുടെ പ്രതിഷേധം ആളിക്കത്തിയതോടെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. ഉന്നതല യോഗം ചേരാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്.

ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ ഉന്നതല യോ​ഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും.

error: Content is protected !!