Meditations Reader's Blog

വിശ്വാസത്തോടെ പ്രാർത്ഥിക്കാം

മർക്കോസ് 10 : 46 – 52
ഉൾക്കാഴ്ച

ഉൾക്കണ്ണാൽ അവനെ കണ്ടു തിരിച്ചറിഞ്ഞവനാണ് ബർത്തിമേയൂസ്. ആൾക്കൂട്ടത്തിന്റെ ശകാരത്തെപ്പോലും ഗൗനിക്കാത്ത, അത്ര ആഴമായിരുന്നു അവന്റെ വിശ്വാസം. അതുകൊണ്ടാവണം, കാഴ്ചയുള്ളവർ പോലും അംഗീകരിച്ചു ഏറ്റുപറയാത്ത സത്യം, “ദാവീദിന്റെ പുത്രനായ മിശിഹാ” എന്നത്, അവൻ വിളിച്ചു പറഞ്ഞു അപേക്ഷിക്കുന്നത്.

രണ്ടു സ്വഭാവരീതിയുള്ള ഒരേ ജനക്കൂട്ടത്തെ നാം ഇവിടെ കാണുന്നു. ആദ്യം നിരുത്സാഹപ്പെടുത്തുകയും, പിന്നീട് അതേ ജനം അവനെ യേശുവിന്റെ അടുക്കലെത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നമ്മിലും ഒരുപക്ഷേ, ഈ ആൾക്കൂട്ടമനോഭാവമുണ്ട്.

തരത്തിനനുസരിച്ചു നിറം മാറും. എന്നും എപ്പോഴും ആദ്യം മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തും, ആർജ്ജവപൂർവ്വം അവർ നേടിയെടുക്കുന്നുവെന്നുകണ്ടാൽ, മയത്തിൽ കൂടെ നിൽക്കും, പ്രോത്സാഹിപ്പിക്കും. ബലഹീനരോട് കൂടെ ചേർന്നുനിന്ന, മരപ്പണിക്കാരനീശോയുടെ മനോഭാവം, അവനോട് ചേർന്ന്നിന്ന്‌ നമുക്കും സ്വായത്തമാക്കാം.

“പുറംകുപ്പായം ഉപേക്ഷിച്ചു” ഇതു അവനിലെ പുതിയ മനുഷ്യന്റെ പ്രതീകമാണ്. നാമും യേശുവിന്റെ പക്കലണയുമ്പോൾ, ഉപേക്ഷിക്കേണ്ട ചില ജീവിതരീതികളാകുന്ന പുറങ്കുപ്പായങ്ങൾ നമുക്കുണ്ട്. അതിനു നാം എന്നു തയ്യാറാകുന്നുവോ, അന്ന് അവന്റെ വിളി നമുക്ക് കേൾക്കാനാകും, അവന്റെ പാദത്തിങ്കൽ ഓടിയണയാനാകും.

“എന്തുചെയ്യണം….നി ആഗ്രഹിക്കുന്നു?” യേശുവിന്റെ ചോദ്യമിതാണ്. അവനറിയാം എല്ലാം, എങ്കിലും നമ്മിലെ ആഗ്രഹത്തിന്റെ, വിശ്വാസത്തിന്റെ ആഴമറിയാൻ അവൻ ആഗ്രഹിക്കുന്നു എന്നു സാരം. പലപ്പോഴും മനസ്സിന്റെ തുറവി നമ്മിൽ കുറവാണ്.

എല്ലാം അവൻ കണ്ടറിഞ്ഞു നൽകണം എന്ന ചിന്തമാറ്റി, ആവശ്യക്കാരനിലെ ഔദ്ധത്യം മറക്കാതിരിക്കാം. വ്യക്തിപരമായ പ്രാർത്ഥനയാണ്, ഈ തുറവിക്കുള്ള ഏകമാർഗ്ഗം.”വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” വിശ്വാസത്തിൽ നിന്നുമാണ് സൗഖ്യവും, കൂടെ രക്ഷയും കരഗതമാകുന്നത് എന്നു മരപ്പണിക്കാരനീശോ ഈ വചനങ്ങളിലൂടെ വ്യക്തമാക്കുന്നു.

ബാഹ്യമായ സൗഖ്യവും, ആന്തരീകമായ രക്ഷയുമാണ് അവൻ നൽകിയത്. “അവൻ യേശുവിനെ അനുഗമിച്ചു” ശിഷ്യത്വവിളി അവൻ സ്വീകരിച്ചു, അവന്റെ പിന്നാലെ പോയി. ഉൾക്കാഴ്ചയിൽനിന്നും ബാഹ്യമായ കാഴ്ചയിലേക്കും, അവിടെനിന്നും ജീവിതകാഴ്ചയിലേക്കും വളർന്നവനാണ് ബർത്തിമേയൂസ്.

നാം ഇനിയും വളരേണ്ട മേഖലയാണിത്. ബാഹ്യകാഴ്ചയിൽ നിന്നും നാം മറ്റുരണ്ട് കാഴ്ചകളും നേടിയെടുക്കേണ്ടിയിരിക്കുന്നു. നാം അവന്റെ ശിഷ്യത്വത്തിൽ പരാജയപ്പെടുന്നതും ഇവിടെയാണ്.

നമുക്കും അവന്റെ ചാരെയണയാം, ബാഹ്യകാഴ്ചയേക്കാളുപരി ഉൾക്കാഴ്ചയോടെ, പഴയമനുഷ്യനാകുന്ന പുറങ്കുപ്പായം ഉരിഞ്ഞുമാറ്റി, ആഴമായ വിശ്വാസത്തിന്റെ പിൻബലത്താൽ, അതിയായ ആഗ്രഹത്തോടെ, പ്രാർത്ഥനയാകുന്ന തുറവിയോടെ, യഥാർത്ഥ ശിഷ്യത്വത്തിലേക്ക്, അങ്ങനെ ജീവിതകാഴ്ചപ്പാട് മാറ്റിയെഴുതാം.. അതിനായി, പരിശ്രമിക്കാം. പ്രാർത്ഥിക്കാം.