ജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണം: സർക്കാരിനെതിരെ താമരശ്ശേരി ബിഷപ്പ്

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണം. ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തവർ സ്ഥാനത്ത് തുടരരുത്.

വന്യജീവി ആക്രമണത്തിൽ ആളുകൾ തുടർച്ചയായി മരണപ്പെടുമ്പോഴും സർക്കാരിന് ഒരനക്കവുമില്ലെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ. ഈ പ്രതിസന്ധി ഇന്നലെ തുടങ്ങിയതല്ല, വര്‍ഷങ്ങളായുണ്ട്. മലയോര മേഖലയിൽ‌ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്.

മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളില്‍ പറഞ്ഞയക്കും? കൃഷിയിടത്തില്‍ എന്ത് ധൈര്യത്തില്‍ ജോലി ചെയ്യാന്‍ കഴിയുമെന്നും ബിഷപ്പ്.

‘പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ. കടലാക്രമണം ഉണ്ടായാല്‍ ആ ഭാഗത്ത് കടല്‍ ഭിത്തികെട്ടി സംരക്ഷിക്കും. റോഡ് അപകടമുണ്ടായാല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കും.

കര്‍ഷകര്‍ ഇത്തരം ബുദ്ധിമുട്ടിലേക്ക് എത്തുമ്പോള്‍ നഗരത്തിലുള്ളവര്‍ക്ക് ആ വിഷമം മനസിലാവില്ല. ഞങ്ങളുടെ ആവശ്യം ഇതാണ്, ഞങ്ങളെ സംരക്ഷിക്കണം. ജീവിക്കാനുള്ള അവകാശമുണ്ട്, അത് ഞങ്ങള്‍ക്ക് നടത്തിത്തരണം’ എന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

error: Content is protected !!