മർക്കോസ് 11 : 12 – 14,20 – 26
വിശ്വാസം,പ്രാർത്ഥന,ക്ഷമ.
വിശ്വാസ-അത്ഭുതത്തിനിടയിലും ദേവാലയ ശുദ്ധീകരണത്തെ വളരെ വിദഗ്ദ്ധമായി മർക്കോസ് അവതരിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിന് അടിസ്ഥാനം വിശ്വാസമാണെങ്കിൽ ,അതിനു ഹൃദയവിശുദ്ധീകരണം അനിവാര്യമാണ് എന്നു ചൂണ്ടിക്കാണിക്കുകയാണ് ഈ ദേവാലയ ശുദ്ധീകരണത്തിലൂടെ. ഈ മൂന്ന് സംഭവങ്ങളും ഒരു സാൻഡ്വിച്ച് പോലെ അവതരിപ്പിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.
അത്തിമരത്തിന്റെ സാധാരണ സ്വഭാവരീതിയനുസരിച്ചു,ഇലതൂർന്നാൽ ഫലം നിശ്ചയം എന്നാണ്. അങ്ങനെയെങ്കിൽ ഒരുപക്ഷേ ഒരു കപടതയുടെ പ്രതീകമായി അതു മാറിയില്ലേ? അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നിട്ടുപോലും അങ്ങനെ ഒരു പ്രതീതി അതു ജനിപ്പിച്ചു എന്നതാണ്.
അതിന്റെ പതനത്തിന് കാരണവും അതുതന്നെയാകാം.”കപടത”തമ്പുരാൻ പൊറുക്കാത്ത തെറ്റാണ്. നമ്മളാൽ കഴിയുന്നതെ അവൻ നമ്മിൽ നിന്നും പ്രതീക്ഷിക്കൂ. അവിടെ കബളിപ്പീരിന്റെ കപടമുഖം ആവശ്യമില്ല എന്നതാണ് സത്യം.
നാം എന്താണോ,അങ്ങനെതന്നെ അവന്റെ മുമ്പിൽ ആയിരുന്നാൽ മതി.ഈശോയുടെ വിശപ്പും ദാഹവും എന്നത്, നമ്മിൽ നിന്നുള്ള നീതിയുടെ,നന്മയുടെ ഫലങ്ങളാണ്. കാരണം, ഒരിക്കലും ഇലകൾ ഫലത്തിന് പകരമാവില്ല.നമ്മിൽ ആത്മീയഫലങ്ങൾ നിറയട്ടെ, നമ്മിലെ ഫലശൂന്യതയുടെ നഗ്നത,ഇലകൾകൊണ്ട് മറയ്ക്കാനാവില്ല.
ആത്മീയകപടതകൊണ്ടു നമ്മെ നിറയ്ക്കാതെ,മറയ്ക്കാതെ,നല്ല ഫലങ്ങൾ കായ്ച്ചു, യഥാർത്ഥ സത്തയിൽ വളരാം. ഇതിനിടയിലാണ് ദേവാലയ ശുദ്ധീകരണം നടക്കുന്നത്. ആയതിലാൽ നമ്മിലെ ആത്മീയകച്ചവടമാകുന്ന കപടതയെ അവൻ ഇവിടെ അനാവരണം ചെയ്യുന്നു എന്നുവേണം ഇതിൽനിന്നും മനസ്സിലാക്കാൻ.
അധാർമ്മികതയുടെ കച്ചവട സ്ഥലമാക്കി നമ്മുടെ ഹൃദയത്തെ മാറ്റിയിട്ട്,പുറമെ എന്തനുഷ്ഠിച്ചാലും ഒരു ഫലവും ഉണ്ടാകില്ലായെന്ന് അവൻ പഠിപ്പിക്കുന്നു. അങ്ങനെയായാൽ,”വെള്ളപൂശിയ കുഴിമാടങ്ങൾ”എന്ന അവന്റെ വാക്കുകൾ നമ്മിൽ അന്വർത്ഥമാകും.
അത്തിമരം “വേരോടെ” കരിഞ്ഞുപോയി.നമ്മിലും വേരോടെ പിഴുതെറിയേണ്ടവയെ കണ്ടെത്തി അവയെ സമൂലം മാറ്റിയേ മതിയാവൂ.അടിസ്ഥാനപരമായി നമ്മിൽ വിശ്വാസമുണ്ടോ?എങ്കിൽ ഏത് അസാധ്യതകളും സാധ്യമായി മാറും.കാരണം വിശ്വാസം എന്നത് അവനിലുള്ള ആശ്രയമാണ്.
ദൈവത്തിനൊന്നും അസാധ്യമല്ലല്ലോ.അതോടൊപ്പം നമ്മിലെ വിശ്വാസത്തോട് ചേർന്നുനിൽക്കേണ്ട രണ്ട് പിൻബലങ്ങൾ കൂടിയുണ്ട്…പ്രാർത്ഥനയും,ക്ഷമയും.ഒന്നേ വേണ്ടൂ….”വിശ്വാസത്തോടെ പ്രാർത്ഥിക്കുക, ക്ഷമയോടെ കാത്തിരിക്കുക”.ക്ഷമ എന്നത് തിരിച്ചു കിട്ടേണ്ട പുണ്യമാണ്. കാരണം, നാം ക്ഷമിച്ചാലേ നമ്മോടും ക്ഷമിക്കപ്പെടൂ എന്നു സാരം.
വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്യുന്ന നല്ല ദേവാലയങ്ങളാക്കി, നമ്മേയും ഈശോയേക്കൊണ്ട് പണിയിക്കാം….കാലവിളബം കൂടാതെ….