വയനാട്ടിലെ ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി മാര്‍ ജോസഫ് പാംപ്ലാനി

കുറുവാ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വയനാട്ടില്‍ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും. വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതിൽ നിർമിച്ച് വനവും ജനവാസമേഖലയും വേർതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകരോട് അനുഭാവം പുലര്‍ത്തുന്ന രീതിയില്‍ പ്രതികരിക്കുന്നവരോട് മാത്രമേ കര്‍ഷകരും അനുഭാവപൂര്‍വം പ്രതികരിക്കൂ. ജീവന്‍ അപകടത്തിലാകുന്ന ഒരു ജനതയ്ക്ക് പ്രതിഷേധിക്കാന്‍ കിട്ടുന്ന ഏക അവസരം തിരഞ്ഞെടുപ്പ് തന്നെയാണ്. അതുകൊണ്ട് കര്‍ഷകദ്രോഹപരമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് കരുതുന്നത്. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!