ക്രൈസ്തവരായ നമ്മേ സംബന്ധിച്ചിടത്തോളം ഓരോ നോമ്പ് കാലവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ്. നോമ്പ്കാലത്ത് നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഓരോ വര്‍ഷവും നോമ്പ് കാലം അടുക്കുമ്പോള്‍ നമ്മള്‍ ഈ പഴയ ചോദ്യത്തിനുത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു.
പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളും നോമ്പ് കാലത്ത് സ്വീകരിക്കുവാന്‍ നാം ഒരുങ്ങാറുണ്ട്. ആഗോളസഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ നോമ്പ്കാലത്ത് നാം ചെയ്യേണ്ട വിവിധ കാര്യങ്ങളെ പറ്റി വ്യത്യസ്ഥ പ്രസംഗങ്ങളില്‍ നല്‍കിയിട്ടുള്ള 10 നിര്‍ദേശങ്ങളാണ് ഇനി നാം ധ്യാനിക്കുന്നത്.
1-അലസതയുടെ അടിമത്വത്തില്‍ നിന്നും മോചിതനാവുക.
“നോമ്പ് കാലം കൂടുതൽ ആത്മീയ വളർച്ചയുടെ ഒരു കാലമാണ്, നമ്മള്‍ ഓരോരുത്തരിലും മാറ്റങ്ങളും മനപരിവര്‍ത്തനവും ഉളവാക്കുന്ന ഒരു വഴിത്തിരിവിന്റെ കാലം. നമ്മള്‍ കൂടുതൽ നന്മയുള്ളവരാകേണ്ടിയിരിക്കുന്നു, നന്മയ്ക്കു വേണ്ടി നാം നമ്മെ തന്നെ മാറ്റേണ്ടിയിരിക്കുന്നു. നമ്മുടെ പഴയ ചിട്ടകളേയും അലസതയെയും നമ്മളെ കുടുക്കിയിരിക്കുന്ന തിന്മയുടെ കുടിലതകളേയും ഉപേക്ഷിക്കുവാന്‍ ഈ നോമ്പുകാലത്ത് നമുക്ക് കഴിയണം.”
(2014-ലെ പ്രസംഗത്തില്‍ നിന്നും)
2-സ്വയം വേദന നല്‍കുന്ന സഹനങ്ങളെ സ്വീകരിക്കുക.
“സ്വയം ഇല്ലാതാക്കുവാനും സഹനം അനുഭവിക്കുവാനും പറ്റിയ ഒരു കാലഘട്ടമാണ് നോമ്പ് കാലം; ശരിയായ ദാരിദ്ര്യം വേദനയുളവാക്കുന്നതാണ് എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. ദാരിദ്ര്യം സ്വീകരിച്ച് കൊണ്ട് മറ്റുള്ളവരെ സഹായിക്കുവാന്‍ കഴിയുന്ന എന്ത് പ്രവര്‍ത്തി നമുക്ക് ചെയ്യുവാന്‍ സാധിക്കും എന്ന് നാം സ്വയം ചോദിക്കണം.”
3-നിസ്സംഗതയുള്ളവരായിരിക്കരുത്.
“ദൈവത്തോടും നമ്മുടെ അയല്‍ക്കാരോടും നിസ്സംഗത പുലര്‍ത്തുക എന്നത് ക്രൈസ്തവരായ നമ്മളെ സംബന്ധിച്ചിടത്തോളം വലിയ ഒരു പ്രലോഭനമാണ്. നോമ്പ് കാലത്ത് നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ നമ്മളെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ ദൈവത്തിന്റെ സ്വരം ശ്രവിക്കുവാൻ നാം തയ്യാറാവണം. നമ്മുടെ ലോകത്തോട് ദൈവം നിസ്സംഗത കാണിച്ചില്ല; അതുപോലെ നാമും നിസംഗത പുലര്‍ത്താന്‍ പാടില്ല”.
4-നമ്മുടെ ഹൃദയം ദൈവത്തിന്റെ ഹൃദയം പോലെ ആക്കിതീര്‍ക്കണമേയെന്ന് പ്രാര്‍ത്ഥിക്കുക.
“യേശുവിന്റെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥന വഴി നമുക്ക് കരുണയും ഉദാരമനസ്കതയും, നിറഞ്ഞ ഒരു ഹൃദയം ലഭിക്കും. സഹോദരീ സഹോദരന്‍മാരെ, ഈ നോമ്പ് കാലത്ത് നമുക്കെല്ലാവര്‍ക്കും ദൈവത്തോട് ഇപ്രകാരം അപേക്ഷിക്കാം: ഞങ്ങളുടെ ഹൃദയം അങ്ങയുടെ ഹൃദയം പോലെ രൂപാന്തരപ്പെടുത്തേണമേ. ”
(2015-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും)
5-കൂദാശകളില്‍ പങ്കെടുക്കുക.
“യേശുവിനു സദൃശ്യരായി നാം മാറുവാന്‍ നമ്മെത്തന്നെ അവിടുത്തേക്ക് സമര്‍പ്പിക്കുവാന്‍ പറ്റിയ സമയമാണ് നോമ്പ് കാലം. ദൈവവചനം ശ്രവിക്കുകയും കൂദാശകളില്‍ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും, ദിവ്യകാരുണ്യ സ്വീകരിക്കുകയും ചെയ്യുന്നതു വഴിയാണ് ഇത് സംഭവിക്കുന്നത്. ഇവിടെ നമ്മള്‍ സ്വീകരിക്കുന്നതെന്തോ അതായി നമ്മള്‍ മാറുന്നു: അതായത് യേശുവിന്റെ ശരീരമായി നാം മാറപ്പെടുന്നു.”
6-പ്രാര്‍ത്ഥനയില്‍ വ്യാപൃതരായിരിക്കുക.
“ഓരോ നിമിഷവും നമ്മളെ വേദനിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്യുന്ന നിരവധി മുറിവുകള്‍ ഉണ്ട്. അത്തരം അവസരങ്ങളില്‍ പ്രാര്‍ത്ഥനയാകുന്ന സമുദ്രത്തിലേക്ക് എടുത്ത് ചാടുവാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. ദൈവീക സ്നേഹത്തിന്റെ സമുദ്രമാണ് പ്രാര്‍ത്ഥന. ഇവിടെ ദൈവത്തിന്റെ അനന്തമായ സ്നേഹത്തെ അനുഭവിക്കുവാന്‍ നമുക്ക് സാധിക്കുന്നു. പ്രാര്‍ത്ഥനയുടെ സമയമാണ് നോമ്പ് കാലം.
കൂടുതല്‍ താല്‍പ്പര്യത്തോടെ സുദീര്‍ഘമായി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. അതുപോലെ നമ്മുടെ സഹോദരന്‍മാരുടെ ആവശ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയം; ദാരിദ്ര്യത്തിന്റെയും, സഹനത്തിന്റേയും നിരവധി സാഹചര്യങ്ങളില്‍ ദൈവത്തിന്റെ തിരുമുമ്പാകെ പ്രാര്‍ത്ഥന വഴി മാധ്യസ്ഥം വഹിക്കേണ്ട സമയം. ഇങ്ങനെയെല്ലാം നോമ്പ് കാലത്തെ വിശേഷിപ്പിക്കാം”.
(2014 മാര്‍ച്ച് 5-ലെ പ്രസംഗത്തില്‍ നിന്നും).
- ത്യാഗപൂര്‍ണ്ണമായ ഉപവാസത്തിന് തയാറാകുക.
“നമ്മുടെ ഉപവാസം ‘നമുക്ക് ഇഷ്ടപ്പെട്ടരീതിയില്‍’ ത്യാഗങ്ങള്‍ ഇല്ലാത്ത, പേരിനു മാത്രമുള്ള ഉപവാസമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഉപവാസം നമ്മുടെ സുഖ സൗകര്യങ്ങളെ ചോദ്യം ചെയ്യുകയാണെങ്കില്‍ ആ ഉപവാസം കൊണ്ട് ഏറെ ഗുണമുണ്ട്.
നാം എടുക്കുന്ന ഉപവാസം മറ്റുള്ളവരുടെ ക്ഷേമത്തിനു കാരണമാവുകയാണെങ്കില്‍ അത് ഏറെ ഫലവത്തായിരിക്കും. തന്റെ സഹോദരനെ സഹായിക്കുകയും പരിചരിക്കുകയും ചെയ്ത ഒരു ‘നല്ല സമരിയാക്കാരനെ’ പോലെ നമ്മുക്ക് ഉപവസിക്കാം.”
(2014 മാര്‍ച്ച് 5-ലെ പ്രസംഗത്തില്‍ നിന്നും).
8-ദാനധര്‍മ്മത്തില്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തുക.
“എന്തും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു സംസ്കാരം നിലനിൽക്കുന്ന ഇക്കാലത്ത് ദാനധര്‍മ്മങ്ങള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമേ അല്ലാതായി മാറിയിരിക്കുന്നു. ഓരോന്നിനും അതിന്റെതായ അളവ്കോലുണ്ട്. ‘കൈവശം വെക്കുവാനുള്ള ത്വരയില്‍ നിന്നും, നമുക്കുള്ളത് നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ നിന്നും നാം മോചിതരാകേണ്ടിയിരിക്കുന്നു.
ദാനധര്‍മ്മ പ്രവര്‍ത്തികള്‍ സ്വതന്ത്രമായി നല്‍കുന്നതിന്റെ സന്തോഷം അനുഭവിക്കുവാന്‍ നമ്മളെ പ്രാപ്തരാക്കുന്നു. ഈ നോമ്പുകാലത്ത് ദാനധര്‍മ്മത്തില്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തുക”.
9-പാവങ്ങളെ സഹായിക്കുക.
“ദരിദ്രരിലും പുറന്തള്ളപ്പെട്ടവരിലും നമുക്ക് ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കുവാന്‍ കഴിയും; ദരിദ്രരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതു വഴി, നമ്മള്‍ യേശുവിനെ സഹായിക്കുകയും സേവിക്കുകയുമാണ് ചെയ്യുന്നത്. അനാഥത്വത്തിനും നിരാശ്രയത്വത്തിനും കാരണമാകുന്ന വിവേചനത്തിന്നും മറ്റ് ദുരാചാരങ്ങള്‍ക്കും അറുതി വരുത്തുവാനായിരിക്കണം നമ്മുടെ പരിശ്രമങ്ങള്‍.
ആര്‍ഭാടം, സമ്പത്ത് എന്നിവ നമ്മുടെ മനസ്സിലെ പ്രതിഷ്ഠകള്‍ ആകുമ്പോള്‍ അവ നമ്മില്‍ മേല്‍ക്കോയ്മ നേടുന്നു. അതിനാല്‍ ഈ നോമ്പ്കാലത്ത് നീതി, സമത്വം, ലാളിത്യം, പങ്ക് വെക്കല്‍ എന്നിവ വഴിയായി ജീവിതത്തില്‍ പരിവര്‍ത്തനം നടത്തേണ്ടത് ആവശ്യമാണ്.”
10-സുവിശേഷം പ്രഘോഷിക്കുക.
“കാരുണ്യത്തിന്റെയും പ്രത്യാശയുടെയും പ്രതീക്ഷയുടേയും സുവിശേഷപ്രഘോഷകരാകുവാന്‍ ദൈവം ഈ നോമ്പുകാലത്ത് നമ്മോട് ആവശ്യപ്പെടുന്നു. സുവിശേഷമാകുന്ന സദ്‌വാര്‍ത്ത പ്രഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്, ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന നിധി പങ്ക് വെക്കുന്നതും, നുറുങ്ങിയ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതും ഇരുട്ടില്‍ ജീവിക്കുന്ന
സഹോദരീ സഹോദരന്‍മാര്‍ക്ക് പ്രതീക്ഷയാകുന്ന വെളിച്ചം നല്‍കുന്നതുമാണ്. ഇത് അതീവ ആനന്ദം നല്‍കുന്ന ഒരനുഭവമാണ്. പുത്തന്‍ പ്രതീക്ഷ പകരുന്ന സുവിശേഷപ്രഘോഷകരാകുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നു”.
ഫ്രാന്‍സിസ് പാപ്പാ പലപ്പോഴായി മുന്നോട്ട് വെച്ച ഈ നോമ്പ്കാല ആശയങ്ങള്‍ എത്ര മഹനീയമാണ് ! നമ്മുടെ മാനുഷിക പരിമിതികള്‍ക്കുളില്‍ ചെയ്യാവുന്ന ഏതാനും കാര്യങ്ങളാണ് മാര്‍പാപ്പ ഇവിടെ പങ്കുവെച്ചിട്ടുള്ളത്. ദൈവസ്നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കി കൊണ്ട് അവിടുത്തെ ഇഷ്ട്ടത്തിന് ചേര്‍ന്ന വിധം ജീവിക്കാന്‍ ഈ നോമ്പ്കാലത്ത് നമ്മുക്ക് പരിശ്രമിക്കാം. ഒരുപാട് ദൈവാനുഭവങ്ങള്‍ നിറഞ്ഞ ഒരു നോമ്പ്കാലം എല്ലാവര്‍ക്കും ആശംസിക്കുന്നു!