യോഹന്നാൻ 6 : 16 – 24
ഭയമല്ല….സാന്നിധ്യമാകുന്ന കരുതൽ.
ഈശോ തന്റെ ദൈവത്വം വെളിപ്പെടുത്തിയ അത്ഭുതമാണിത്. അപ്പം വർദ്ധിപ്പിച്ച ഈശോയുടെ ശക്തിയിൽ മാത്രം വിശ്വസിച്ച ജനങ്ങൾക്ക്, ഈ അത്ഭുതം വഴി അവൻ തന്നിലെ ദൈവത്വം വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ശിഷ്യർ ഭയപ്പെടുന്നത് കൊടുങ്കാറ്റിനെ അല്ല, മറിച്ച്, വെള്ളത്തിനുമീതെ നടന്നു വന്ന യേശുവിനെ കണ്ടാണ്.
കാരണം, അവന്റെ ശിഷ്യരിൽ ഏറെപ്പേരും മുക്കുവരായിരുന്നു. കടൽ പ്രതിഭാസങ്ങൾ അവർക്ക് അന്യമായിരുന്നില്ല എന്നുസാരം. എന്നാൽ അവരിൽ ഉണ്ടായ ഭയം, ആശങ്കയ്ക്ക് ഇടം നൽകുന്നതല്ല.
സർവ്വപ്രതാപവാനായ അവിടുത്തെ വെളിപ്പെടുത്തലിൽ, ആദരവിൽ നിന്നും ബഹുമാനത്തിൽനിന്നും ഉളവായ ആശ്ചര്യമായിരുന്നു. “ഞാനാണ് ഭയപ്പെടേണ്ട” എന്നുള്ള അവന്റെ മറുപടി, താൻ ദൈവമാണെന്നുള്ള സ്വയം വെളിപ്പെടുത്തലിന്റെ ഭാഗം കൂടിയാണ്.
വചനത്തിന്റെ ആദ്യഭാഗത്ത് നാം കാണുന്നുണ്ട്, അവന്റെ ശിഷ്യന്മാർ തനിച്ചാണ് വള്ളത്തിൽ കഫർണാമിലേക്ക് പോയതെന്ന്. അതിനിടയിലാണ് അവർ പല പ്രതിസന്ധികളേയും നേരിടുന്നത്. ഒടുവിൽ അവൻ വെള്ളത്തിനുമീതെ വന്നപ്പോൾ, അവർ അവനെ വള്ളത്തിൽ കയറ്റാൻ ശ്രമിച്ചു, അപ്പോൾ അവർ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.
പലപ്പോഴും, ദൈവത്തെക്കൂടാതെയുള്ള ജീവിതയാത്രയിലാണ് നാം പല പ്രതിബന്ധങ്ങളേയും പ്രതിസന്ധികളേയും നേരിടുന്നത്. എന്നാൽ, ഒരുവേള ദൈവസാന്നിധ്യമാകുന്ന പ്രാർത്ഥനയുടെ ബലം നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഉള്ളിലെ ദൈവഭയം ഭീതിയുടേതാകാതെ, സ്നേഹാദരങ്ങളുടെ ബഹുസ്പുരണമാകട്ടെ.
ജീവിത പ്രതിസന്ധികളിൽ, ഭയമല്ല, ആത്മധൈര്യവും പ്രാർത്ഥനയിലൂടെയുള്ള ദൈവസാന്നിധ്യത്തിന്റെ പിൻബലവുമാണ് വേണ്ടത് എന്ന് തിരിച്ചറിയാം. ഒരു കൂട്ടുകാരൻ എന്നപോലെ ദൈവം നമ്മുടെ ജീവിതയാത്രയിൽ എന്നും കൂടെ ഉണ്ടാകട്ടെ. ആത്മപ്രാർത്ഥനയോടെ അവനോട് ചേർന്നും അവനെ ചേർത്തും യാത്ര തുടരാം…ലക്ഷ്യം കാണുന്നവരെ…