പ്രതിഷേധിക്കുന്ന ജനത്തോട് മാനുഷികപരിഗണന കാണിക്കണം: ബിഷപ് ജോസ് പൊരുന്നേടം

വന്യമൃഗ ആക്രമണത്തെത്തുടര്‍ന്ന് പാക്കം സ്വദേശിയായ പോള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പുല്‍പള്ളിയില്‍ അരങ്ങേറിയ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്തത് പുനപരിശോധിക്കണമെന്ന് മാനന്തവാടി രൂപതാ മെത്രാന്‍ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.

വന്യജീവി ആക്രമണം മൂലം പൊറുതി മുട്ടിയവരും ഭയചകിതരുമായ ഒരു ജനത്തിന്റെ പ്രതിഷേധപ്രകടനത്തില്‍ സംഭവിച്ച വീഴ്ചകളെ അതുണ്ടാകാനിടയായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം വിലയിരുത്തേണ്ടത്. എല്ലാം നിയമപരമായി നേരിടാമെന്നും കൈകാര്യം ചെയ്യാമെന്നും കരുതുന്നത് മൗഡ്യമാണ്.

സമരത്തില്‍ ജനമുയര്‍ത്തിയ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുകയും നേതൃത്വമില്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ പിഴവുകള്‍ക്ക് മേല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് ജനകീയ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നതുകൊണ്ടാണ്.

പ്രതിഷേധം പ്രകടിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള ഉത്സാഹം വന്യമൃഗപ്രതിസന്ധി പരിഹരിക്കുന്നതിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. രാത്രി വന്യമൃഗത്തിന്റെ ആക്രമണത്തെ ഭയപ്പെടുന്ന ഒരു ജനത പകല്‍ പോലീസിനെക്കൂടി ഭയപ്പെടേണ്ടി വരുന്നത് എത്ര പരിതാപകരമാണ്.

പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന യുവജനങ്ങളെയടക്കം നിയമക്കുരുക്കില്‍പ്പെടുത്തുന്ന നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറാന്‍ തയ്യാറാകണമെന്നും മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. കേരളാ ഗവര്‍ണര്‍ മാനന്തവാടി ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിഷപ് ജോസ് പൊരുന്നേടം.

error: Content is protected !!