അകറ്റി നിർത്തുന്നവനല്ല, അടുത്തു നിർത്തുന്നവനാണ് ദൈവം..

ലൂക്കാ 5 : 12 – 16
വിശുദ്ധി – കഠിനപ്രയത്നം അനിവാര്യം

“കർത്താവേ” എന്നുള്ള അവന്റെ ഒറ്റ വിളിയിൽ, അവന്റെ ആഴമായ വിശ്വാസം മുഴുവനും ഉൾച്ചേർന്നിരിക്കുന്നു. സമൂഹം കല്പിച്ചുനല്കിയ, തന്റെ നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകൾ പൊളിച്ചാണ്, അവൻ യേശുവിന്റെ പക്കലെത്തുന്നത്. യേശുവിന്റെ പക്കലെത്തിയാൽ, താൻ രക്ഷപെടുമെന്നു, അവന് നന്നായി അറിയാം.

കാരണം, ദൈവത്തിന്റെ സ്നേഹത്തിനും കരുണയ്ക്കും, അതിർവരമ്പുകളില്ല. അകറ്റി നിർത്തുന്നവനല്ല, അടുത്തു നിർത്തുന്നവനാണ് ദൈവമെന്ന സത്യം, അവൻ അറിഞ്ഞിരുന്നു.

പഴയനിയമപ്രകാരം, നഗരത്തിന് വെളിയിൽ പാർക്കേണ്ടവനും, കീറിയ വസ്ത്രം ധരിക്കേണ്ടവനും, മുടി ചീകാതെയും മുഖം മറച്ചും, സ്വയം അശുദ്ധനെന്നു വിളിച്ചുപറഞ്ഞു, ആളുകളെ തന്നിൽ നിന്നും അകറ്റിനിർത്തേണ്ടവനുമാണ്.

ഇങ്ങനെയുള്ള ഈ മനുഷ്യനാണ്, ധൈര്യപൂർവ്വം അവയെല്ലാം ലംഘിച്ചു, കരുണയ്ക്കായി അവന്റെ മുമ്പിൽ കമിഴ്ന്നുവീണു പ്രാർത്ഥിക്കുന്നത്. വിശുദ്ധിയുടെ പടവുകൾക്കായി, നാമും ഇതുപോലെ, അവന്റെ അടുത്ത് ചെല്ലേണ്ടതുണ്ട് എന്ന സത്യം, വിസ്മരിക്കാതിരിക്കാം.

തുടർന്ന്, അവന്റെ ആഴമേറിയ വിശ്വാസത്തിനും പ്രഘോഷണത്തിനും മുന്നിൽ, അവന്റെ സൗഖ്യവചനങ്ങൾ സ്പർശനത്തിലൂടെ പ്രകടമാകുന്നു. നമ്മുടെ ജീവിതത്തിൽ, നമുക്ക് സൗഖ്യം നൽകുന്ന തൈലം, അവന്റെ തിരുവചനങ്ങളും, സ്പർശമായി കടന്നു വരുന്ന തിരുവോസ്തിയുമാണ്.

ചുരുക്കത്തിൽ, ഓരോ വിശുദ്ധ കുർബാനയും, നമുക്ക് സൗഖ്യാനുഭവമാകണം. ഇവ രണ്ടും ഓരോ വി.കുർബാനയിലുമുണ്ട്. അതു ലഭിക്കാൻ, നാം ആഴമേറിയ വിശ്വാസത്തോടേയും, ധൈര്യത്തോടേയും, അവന്റെ ബലിക്കല്ലിന് ചുവട്ടിൽ ചെന്നേ മതിയാകൂ.

നാമറിയാത്ത നമ്മിലെ പല രോഗങ്ങളും (ബാഹ്യമായി പ്രകടമായിരിക്കണം എന്നില്ല), നമ്മെ ദൈവത്തിൽനിന്നും മറ്റുള്ളവരിൽനിന്നും അകറ്റാറുണ്ട്. സൗഖ്യത്തിന്റെ ഒരു പുനഃ പ്രവേശനം നമുക്ക് അനിവാര്യമാണ്.

ഓരോ പുരോഹിതനിലൂടെയും, കുമ്പസാരമെന്ന സൗഖ്യകൂദാശ, അതിനായി നമ്മെ ക്ഷണിക്കാറുണ്ട്. ഈ രോഗി, പ്രാർത്ഥനയോടെ മുട്ടുകൾ കുത്തിയത്, തമ്പുരാന്റെ കുമ്പസാരക്കൂടിനു മുമ്പിലാണ്. ഒരുക്കത്തോടെ നമുക്കും അതിൽ പങ്കുചേരാം.

അവൻ രോഗിക്ക് നൽകിയ രണ്ട് നിർദ്ദേശങ്ങളിൽ ഒന്ന്‌, “ഇക്കാര്യം ആരോടും പറയരുത്” രണ്ട്, “പുരോഹിതനെ കണ്ട്, ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കുക”. പലപ്പോഴും നമ്മുടെ സാമൂഹികജീവിതത്തിൽ, സ്വയം ബോധ്യത്തിൽ ജീവിച്ചാൽപോലും, സമൂഹത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കേണ്ട അവസരങ്ങളുണ്ട്.

ആരേയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല എന്ന്, നമ്മുടെ മനസ്സ് സ്വയംമന്ത്രിക്കുമ്പോഴും, ചില അവസരങ്ങളിൽ, സമൂഹത്തെ ബോധിപ്പിക്കേണ്ട തെളിവുകൾ അനിവാര്യമാണ്.

അവ ചെയ്തേ മതിയാവൂ. എന്നാൽ, ഇവിടെ ഈ വെളിപ്പെടുത്തലുകൾ, യേശുവിന്റെ സ്വൈര്യജീവിതത്തെ കാര്യമായി ബാധിച്ചുവെങ്കിലും, അപരന്റെ സാമൂഹിക അംഗീകാരത്തിനായി, അവൻ അതിന് സമ്മതിക്കുന്നു. വിട്ടുവീഴ്ചകളുടെ ജീവിതം, സാമൂഹികജീവിതത്തിന് അനിവാര്യമാണെന്ന സത്യം, സ്വജീവിതത്തിലൂടെ, അവൻ നമ്മെ പഠിപ്പിക്കുന്നു.

തുടർന്ന്, തന്റെ കർമ്മനിരതമായ പ്രവൃത്തികൾക്ക്ശേഷം, പിതാവുമായി അവൻ പ്രാർത്ഥനാ നിരതനാകുന്നു. അവന്റെ പ്രവർത്തനങ്ങളുടെ ശക്തി പ്രാർത്ഥനയായിരുന്നു. ഈ നോമ്പിൽ, ഏറെ ചിന്തിക്കാം….ഏറെയല്ലെങ്കിലും, കുറച്ചേറെ മാറ്റങ്ങൾക്ക്, സ്വയം വിധേയമാക്കാം.

error: Content is protected !!