ക്രിസ്‌തുവിന്‌ സാക്ഷ്യം വഹിക്കുന്നവരാകാം

ലൂക്കാ 12 : 1 – 9
നിർഭയസാക്ഷ്യം.

പ്രതികൂലസാഹചര്യങ്ങളിൽ എടുക്കേണ്ട നിലപാടുകൾ വളരെ വ്യക്തമായി അവൻ അവരെ പഠിപ്പിക്കുന്നു.അവൻ അവരെ “സ്നേഹിതരെന്നാണ്” വിളിക്കുന്നത്. ശിഷ്യരേക്കാൾ കൂടുതൽ അടുപ്പം ഗുരുവുമായി സ്നേഹിതർക്കുണ്ടാകും.

നമ്മുടെ ഹൃദയരഹസ്യങ്ങൾപോലും അടുത്തറിയുന്നവരാണ് നമ്മുടെ ഉറ്റസ്നേഹിതർ. ഗുരുവിന്റെ ഹൃദയത്തോട് ചേർന്നുനില്കുന്നവരും അവന്റെ ഹൃദയരഹസ്യങ്ങൾ അറിയുന്നവരുമാണ് ശിഷ്യർ എന്നാണിതിനർത്ഥം. ആയതിനാൽ ഗുരുവിന് കിട്ടുന്നതിനേക്കാൾ വലിയ സ്വീകാര്യതയൊന്നും ശിഷ്യർ പ്രതീക്ഷിക്കേണ്ടതില്ല.

ഒരുപക്ഷേ അവനോടുള്ള വിശ്വസ്തതയിൽ മരിക്കേണ്ടി വന്നേക്കാം. “സ്നേഹിതർക്കുവേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്നു” ജീവിതംകൊണ്ട് കാണിച്ചു തന്നവനാണ് ഗുരു. അവന്റെ അതേ പാത പിന്തുടരേണ്ടവരാണ് യഥാർത്ഥശിഷ്യർ.

എല്ലാം അറിയുന്നവന്റെ മുമ്പിൽ നമ്മെ സമർപ്പിച്ചാൽ മാത്രംമതി. മറ്റുള്ളവരുടെ മുമ്പിൽ നാം വിലകെട്ടവരായാലും, അവന്റെ മുമ്പിൽ ആരും, ഒന്നും നിസ്സാരമല്ല. ഒന്നേ വേണ്ടൂ… അവന്റെ കരുതലിന്റെ കരങ്ങളിൽ നിന്നെ ഭരമേൽപ്പിക്കുക,നിന്റെ ചുവടുകളിൽ അവന്റെ കരം പിടിക്കുക അത്രമാത്രം. നിന്റെ ഉള്ളിൽ ജനിക്കേണ്ടത് ദൈവഭയമാണ്. കാരണം വിധി അവന്റെ മാത്രമാണ്. മനുഷ്യരുടെ മുമ്പിലല്ല, ആ വിധിയിലാണ് നീ നീതികണ്ടത്തേണ്ടത്.

ഈ ലോകത്തിലുള്ള ഒന്നിനേയും ഭയപ്പെടേണ്ടതില്ല. കാരണം അവയെല്ലാം അവന്റെ സൃഷ്ടിയാണ്. സൃഷ്ടികളെയല്ല, അവയെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന സ്രഷ്ടാവിനെയാണ് ഭയപ്പെടേണ്ടത്. വിധി അവന്റെ കരങ്ങളിലാണ്‌.

പരിശുദ്ധാത്മാവിനെതിരായ ദൂഷണം ക്ഷമിക്കാനാവാത്തതാണെന്നു അവൻ പഠിപ്പിക്കുന്നു. കാരണം സാക്ഷ്യത്തെ സ്ഥിരീകരിക്കുന്നത് ആത്മാവാണ്. യേശുവിന്റെ ജ്ഞാനസ്നാനവേളയിലും, പന്തക്കുസ്താവേളയിലും അതു സ്പഷ്ടമായ സത്യമാണ്. ആയതിനാൽ ആത്മാവിനാൽ, ആത്മാവിൽനിറഞ്ഞു സാക്ഷ്യം നൽകണം.

നമ്മിൽ ആത്മാവ് വസിക്കുന്നെങ്കിൽ, ഈ ആത്മാവുതന്നെ നമ്മെ നയിച്ചുകൊള്ളും. നമ്മുടെ സാക്ഷ്യത്തിൽ തടസ്സങ്ങൾ ഒന്നും ഉണ്ടാകില്ല എന്നല്ല ഇതിനർത്ഥം. മറിച്ച് ഏതു പ്രതിസന്ധികളേയും തരണം ചെയ്യാൻ കഴിയുന്ന കരുത്തായി, കൃപയായി ആത്മാവ് നമ്മെ മാറ്റും എന്നാണ്. അവൻ കുടിച്ച പാനപാത്രം ശിഷ്യർക്ക് മാറ്റാനാവില്ല.

അവൻ അതിനെ ദൈവഹിതമായി കണ്ടതുപോലെ, അതിൽനിന്നും നുകരാനെ കഴിയൂ. ദൈവത്തെമാത്രം ഭയപ്പെടാനും, എന്നാൽ നിർഭയമായി ഈ ലോകത്തിൽ അവന് സാക്ഷ്യം വഹിക്കാനും നമുക്കാവട്ടെ. നമ്മുടെ ജീവിതസാക്ഷ്യത്തെ ആത്മാവ് സ്ഥിരീകരിക്കട്ടെ. അവനുവേണ്ടി പരിഹാസമേറ്റാലും മരിക്കേണ്ടിവന്നാലും, ജീവിതസാക്ഷ്യം വെടിയാതെ, അവന്റെ കരുതലിന്റെ കാവലിൽ അഭയം തേടാം.

മരപ്പണിക്കാരനീശോയുടെ ആലയാണ് നമ്മുടെ അഭയകേന്ദ്രം, ജീവിതസാക്ഷ്യത്തിനു മൂർച്ചകൂട്ടാൻ ഈ ആലയിൽ, അവന്റെ കരങ്ങളിൽ നമുക്ക് പണിയപ്പെടാം… ആത്മാവിൽ ഉരുക്കി വാർക്കപ്പെടാം….

error: Content is protected !!