സുവിശേഷത്തിൽ അടിയുറച്ച്, അനുതാപത്തിന്റേയും മാനസാന്തരത്തിന്റേയും ഫലം പുറപ്പെടുവിക്കാം…

ലൂക്കാ 10 : 1- 12, 17 – 20
പ്രേഷിതദൗത്യത്തിന്റെ വിവിധ മാനങ്ങൾ

ഓരോ വീടുകളിലും, പ്രവേശിക്കുകയും താമസിക്കുകയും ഭക്ഷിക്കുകയും ചെയ്യുമ്പോൾ, തങ്ങൾ ദൈവരാജ്യത്തിന്റെ വേലക്കാരും, ദൈവജനത്തിന്റെ ശുശ്രൂഷകരുമാണെന്നുള്ള സ്വയഭിമാനത്തോടെ വേണം അവ ചെയ്യാനെന്നു അവൻ അവരെ ഓർമ്മിപ്പിക്കുന്നു. സ്വന്തം സുഖമന്വേഷിക്കാതെ, ഓരോന്നും ദൈവരാജ്യപ്രഘോഷണവസരമായി കണക്കാക്കണം.

തിരസ്ക്കരണയിടങ്ങളിൽ, പാദങ്ങളിലെ പൊടി തട്ടിക്കളയുന്നത്, അവരും ദൈവവുമായുള്ള വേർതിരിവിന്റേയും, അവരുടെ വിധിയുടേയും സൂചനയാണ്. തിരസ്ക്കരിക്കുന്ന നഗരങ്ങളുടെ സ്ഥിതി, വളരെ ദുസ്സഹമായിരിക്കും. ദൈവരാജ്യപ്രഘോഷണത്തെ തിരസ്ക്കരിക്കുന്നവർക്ക് ശിക്ഷയും, സ്വീകരിക്കുന്നവർക്ക് ദൈവീകപ്രതിഫലവും അവൻ വാഗ്‌ദാനം ചെയ്യുന്നു.

തുടർന്ന്, കൊറാസിൻ, ബേത്‌സയ്ദാ, കഫർണാം എന്നീ യഹൂദപട്ടണങ്ങളെ, ടയിർ, സീദോൻ എന്നീ വിജാതീയപട്ടണങ്ങളോട് താരതമ്യപ്പെടുത്തി, അവ മാനസാന്തരപ്പെടാത്തത്തിൽ കുറ്റപ്പെടുത്തുകയും, അവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

തങ്ങളുടെ ഹൃദയകാഠിന്യമകറ്റാൻ, അവൻ അവരെ ഉപദേശിക്കുന്നു. യേശു ഇവിടെ, അനുതപിക്കാത്ത പട്ടണങ്ങൾക്കുള്ള ശിക്ഷാവിധി പ്രഖ്യാപിക്കുകയല്ല, മറിച്ച്, അവരെ അനുതാപത്തിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത്. സുവിശേഷപ്രഘോഷണം എല്ലാവർക്കും വേണ്ടിയുള്ളതാണ്. അവരെ സ്വീകരിക്കുന്നവർ ദൈവികപ്രതിഫലത്തിന് അർഹരാകും.

കാരണം, അവൻ അയച്ചവരെ സ്വീകരിക്കുന്നവർ, അവനെത്തന്നെയാണ് സ്വീകരിക്കുന്നത്. അവനെ സ്വീകരിക്കുന്നവർ, അവനെ ലോകത്തിലേക്കയച്ച പിതാവായ ദൈവത്തെയാണ് സ്വീകരിക്കുന്നത്. ഇതിലൂടെയെല്ലാം, രക്ഷയുടെ സാർവത്രികമാനമാണ് അവൻ വരച്ചുകാട്ടുന്നത്.

അവന്റെ സുവിശേഷത്തിൽ അടിയുറച്ചു, അനുതാപത്തിന്റേയും മാനസാന്തരത്തിന്റേയും ഫലം പുറപ്പെടുവിച്ചു, നമുക്കും രക്ഷയുടെ കാസയിൽ നിന്നും പാനം ചെയ്യാം. അങ്ങനെ ദൈവരാജ്യമക്കളായി മാറാം.

error: Content is protected !!