കരുണയുള്ളവരാകാം..

മത്തായി 18 : 21 – 35
ക്ഷമയും..ദയയും..

കാര്യസ്ഥതയുടെ കണക്കിൽ പിഴവ് വന്നിട്ടും, അവൻ തന്റെ യജമാനന്റെ ഔദാര്യത്തിന് പാത്രീഭൂതനാകുന്നു. ഇതു യജമാനന്റെ കരുണയുടെ കഥയാണ്. എന്നാൽ ഈ കാരുണ്യത്തിന്റെ നിഴലിൽനിന്നുകൊണ്ടു, അപരനോട് നിഷ്കരുണം വർത്തിക്കുന്ന ഭൃത്യൻ.

നമ്മുടെ ജീവിത കടമകളുടെ കാര്യസ്ഥതയിൽ നമുക്കൊരുപാട് കുറവുകൾ വന്നിട്ടുണ്ട്. അവിടെയൊക്കെ തമ്പുരാന്റെ കരുണയുടെ കണ്ണുകൾ നമ്മുക്ക് തണലായി മാറിയിട്ടുണ്ട്. എന്നാൽ നമ്മുടെ സഹോദരങ്ങളുടെ കാര്യത്തിൽ പലപ്പോഴും ഈ വിട്ടുവീഴ്ചാമനോഭാവം നാം പുലർത്താറില്ല.

പലപ്പോഴും കാർക്കശ്യത്തിന്റെ കാര്യസ്ഥരായി നാം മാറുന്നു. “കരുണയുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർക്ക് കരുണലഭിക്കും” എന്ന അവിടുത്തെ വചനങ്ങൾ നാം മറക്കുന്നു. നാം മറ്റുള്ളവർക്ക് കൊടുക്കുന്നതെ നമുക്കും ലഭിക്കൂ എന്നുള്ള യാഥാർഥ്യം. അതുകൊണ്ടാവണം ആദ്യം കരുണ ലഭിച്ചവൻ പിന്നീട് ശിക്ഷാവിധിക്ക് വിധേയനാകുന്നത്.

ജീവിതത്തിൽ ഒരുവൻ നിസ്സഹായനായി നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ – അവന്റെ ഹൃദയം നാം കാണണം, അവന്റെ കണ്ണിലൂടെ നാം നോക്കണം, അവന്റെ നൊമ്പരം നാം മനസ്സിലാക്കണം, അവൻ പറയാതെ അവന്റെ വാക്കുകൾ ഗ്രഹിക്കണം.

ചുരുക്കത്തിൽ നാം അവനായി മാറണം. എങ്കിലേ നമ്മിലെ കാരുണ്യത്തിന്റെ കരങ്ങൾ ഉയരൂ. “മറ്റുള്ളവരിൽ നിന്നും നീ പ്രതീക്ഷിക്കുന്നത് അവനായി നീ ചെയ്യുക” യെന്നു അവൻ പറഞ്ഞതിനർത്ഥം നാം മനസ്സിലാക്കിയേ തീരൂ.

നാം എന്നും പലവുരു ചൊല്ലുന്ന പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാക്കി, ആത്മാർത്ഥതയോടെ മരപ്പണിക്കാരനീശോയോട് ചേർന്നു ഒരു തവണയെങ്കിലും ഉരുവിടാം, “ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ, ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ…..”

error: Content is protected !!