ദൈവസ്നേഹത്തിൽ വളരാം…

യോഹന്നാൻ 12:1-11
സ്നേഹപരിമളം.

അത്താഴം സ്നേഹത്തിൻ്റെ വിരുന്നാണ്. പങ്കുവയ്ക്കലിൻ്റെ ഇടമാണ്. അതിനാലാണ് ‘അഗാപ്പേ’ എന്നു പോലും അതറിയപ്പെടുന്നത്. ഈ വിരുന്നിൻ്റെ വേളയിലാണ് വിലയേറിയ നാർദീൻ സുഗന്ധദ്രവ്യവുമായി മറിയം കടന്നു വരുന്നത്. തൈലത്തിൻ്റെ പരിമളത്താൽ വീടു നിറഞ്ഞു എന്ന് സുവിശേഷകൻ പറയുമ്പോൾ, സ്നേഹ പരിമളം എന്നാണ് നാം കാണേണ്ടത്. കൃതജ്ഞതയുടെ, ജീവൻ്റെ തന്നെ പരിമളം.

ഒരു കുടുംബത്തിലേയ്ക്ക് യേശു കടന്നുവന്നാൽ അവിടെയുണ്ടാകുന്ന അനുഭവമാണത്. ഈ നന്മ അനുഭവിച്ചറിയുമ്പോഴാണ് നാം ദൈവസ്നേഹത്തിൽ വളരുക. എങ്കിലും കാകദൃഷ്ടികൾ അന്യമല്ല എവിടെയും. യൂദാസ് അതിനുദാഹരണമാണ്.

അവന് പാവങ്ങളോടുള്ള ആകുലതയോ, അനുകമ്പയോ അല്ല, പണത്തോടുള്ള അത്യാർത്തിയാണ്. സ്നേഹത്തെ, സത്യത്തെ, നീതിയെ അവൻ മറക്കുന്നു. ഈ അവഗണന അവനെ മരണത്തിൻ ചുവടുകളിലേയ്ക്ക് നയിക്കുന്നു. ഈ തിന്മയുടെ ശക്തിയെ പോലും യേശു മാറ്റിമറിയ്ക്കുന്നു, ഈ തൈലം നീയെൻ്റെ സംസ്കാരത്തിനായി കരുതി വയ്ക്കുക എന്നു പറയുന്നതിലൂടെ.

മറിയത്തിൻ്റെ സ്നേഹവും ആ കുടുംബത്തിലെ ഐക്യവും നിലനിൽക്കെത്തന്നെ അവിടേയ്ക്ക് എത്തി നോക്കുന്ന ചില കൂർമ്മ ബുദ്ധികളെയും, തിന്മയുടെ ശക്തികളെയും ഒരുമിപ്പിയ്ക്കുന്ന സ്നേഹദീപമായി, നിറചൈതന്യമായി മരപ്പണിക്കാരനീശോ നിലകൊള്ളുന്നു.

നമ്മുടെ ഭവനങ്ങളിലേയ്ക്ക് നമുക്ക് യേശുവിനെ ക്ഷണിക്കാം, സ്നേഹത്തിൻ്റെ, സന്തോഷത്തിൻ്റെ, ഐശ്വര്യത്തിൻ്റെ പരിമളം നമ്മുടെ കുടുംബങ്ങളിലും നിറയട്ടെ.

error: Content is protected !!