ലൂക്കാ 8 : 42 – 48
അശുദ്ധതയുടെ അതിർവരമ്പുകൾ
സമൂഹത്തിലെ അശുദ്ധതയുടെ ഭ്രഷ്ട്, വിശ്വാസ ബലത്താൽ ഛേദിച്ച ഒരു രക്തസ്രാവക്കാരിയുടെ ജീവിതമാണ് വചനസാരം. താൻ സ്പർശിച്ചത് അവൻ പോലും അറിയരുതെന്ന് അവൾ പേടിമൂലം ആഗ്രഹിച്ചു. വിശ്വാസ സ്പർശം അത്ഭുതങ്ങൾക്ക് വഴിമാറി. സൗഖ്യം വിശ്വാസപ്രഖ്യാപനത്തിന് ഇടം നൽകി. ദൈവീകശക്തി പ്രവർത്തനനിരതമായി.
അവളുടെ ഉറച്ച വിശ്വാസവും ദൈവീകശക്തിയും അസാധ്യതയെ സാധ്യതയാക്കി മാറ്റി. യേശു അവളുടെ വിശ്വാസം അറിഞ്ഞു, അവൾക്കുവേണ്ടി പ്രവർത്തിച്ചു. അവന്റെ അനുവാദം കൂടാതെ സൗഖ്യം നേടിയിട്ടും അവൻ അവളെ ശകാരിക്കുന്നില്ല, അഭിനന്ദിക്കുന്നു, ജീവിതസാക്ഷ്യത്തിനായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ക്ഷണിക്കുന്നു.
അശുദ്ധിയുടെ ഗണത്തിൽനിന്നും വിശുദ്ധിയുടെ ഗണത്തിലേക്ക് അവളെ ഉയർത്തി. കൂടാതെ ജീവിതസമാധാനം നൽകി അവളെ അവൻ പറഞ്ഞയയ്ക്കുന്നു. നമ്മുടെ ജീവിതത്തിന്റെ വിശ്വാസതലങ്ങളേയും മനസ്സമാധാനമേഖലകളേയും പരിശോധിക്കാം. വളർച്ചയുടെ മേഖലകളിൽ നാഥന്റെ ദൈവീകശക്തി നമ്മിൽ പ്രവർത്തിക്കട്ടെ.