ലൂക്കാ 24 : 44 – 49
ശിഷ്യത്വവും സാക്ഷ്യവും
പ്രവചനങ്ങളുടെ പൂർത്തീകരണമാണ് താനെന്ന്, അവൻ വീണ്ടും വെളിപ്പെടുത്തുന്നു. ഉത്ഥിതനേയും അവന്റെ രക്ഷാപ്രവൃത്തിയേയും തിരിച്ചറിയാൻ, തുറവിയുള്ള മനസ്സ് വേണമെന്ന് അവൻ ആവശ്യപ്പെടുന്നു.
തന്റെ സഹനവും മരണവും ഉയിർപ്പും, ഒഴിവാക്കാനാവാത്ത വഴികളാണെന്നും, അതിലൂടെ പൂർത്തിയാകേണ്ടതാണ് തന്റെ ദൗത്യമെന്നും അവൻ അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു. കാരണം, അനുതാപപൂർണ്ണമായ പാപമോചനം, ഇതിലൂടെ മാത്രമേ മനുഷ്യകുലത്തിന് സംജാതമാകൂ.
അനുതാപത്തിന്റെ ഈ പ്രഘോഷണ ദൗത്യം തുടരാൻ, സഹായകനായി പരിശുദ്ധാത്മാവിനെ അവൻ വാഗ്‌ദാനം ചെയ്യുന്നു. ഇവക്കെല്ലാം സാക്ഷികളായവരോ, അവന്റെ ശിഷ്യഗണങ്ങളും. എന്നാൽ, അവർ മാത്രമല്ല, പ്രഘോഷണമേഖലയിൽ, അവനെ ഏറ്റുപറയുന്ന ഏവരും അവന്റെ സാക്ഷികളാണ്.
പരിശുദ്ധാത്മ ശക്തിയാൽ, വാക്കിലും പ്രവൃത്തിയിലും അവന് സാക്ഷ്യം വഹിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന നാം, ഈ നോമ്പിൻ കാലത്ത്, അവന്റെ പീഡാനുഭവ മരണോത്ഥാനനുഭവങ്ങളിൽ ഉൾച്ചേർന്നു, അവന്റെ യഥാർത്ഥ ശിഷ്യരും, ഉറച്ച സാക്ഷികളുമാകാം.