ഈ നോമ്പുകാലം, ഹൃദയവിശുദ്ധീകരണത്തിന്റെ നാളുകളാക്കി മാറ്റാം….

ലൂക്കാ 11 : 33 – 41
ഹൃദയം പ്രകാശിക്കട്ടെ

അവനാകുന്ന പ്രകാശത്തെ, ലോകം മുഴുവനും നൽകുന്ന ഉപകരണമായി, ശിഷ്യർ മാറണം. കണ്ണ് ശരീരത്തിന്റെ വിളക്കാണെങ്കിൽ, അവൻ ലോകമാകുന്ന ശരീരത്തിന്റെ കണ്ണാണ്. അവനെ തിരിച്ചറിഞ്ഞു, അവൻ വന്നു ആവസിക്കുന്നവർ, അവന്റെ പ്രകാശത്തിൽ നടക്കും.

അവൻ നൽകുന്ന പ്രകാശം, അവന്റെ തിരുവചനങ്ങളാണ്. ചുരുക്കത്തിൽ, അവന്റെ തിരുവചനങ്ങളും പ്രബോധനങ്ങളും, അവന്റെ ശിഷ്യർ, ലോകമെങ്ങും പ്രചരിപ്പിക്കണം എന്നുസാരം. നല്ലത് മാത്രം കാണുന്ന, നന്മനിറഞ്ഞ കണ്ണുകൾ നമുക്കുണ്ടെങ്കിൽ, നാം മുഴുവനായും നന്നായി എന്നാണർത്ഥം. കാരണം, കാഴ്ചയും അതിൽനിന്നും ഉരുവാകുന്ന കാഴ്ചപ്പാടുകളുമാണ്, നാമെന്ന വ്യക്തിയെ നയിക്കുന്നത്.

ശാരീരിക ശുദ്ധിയോടൊപ്പം, ആത്മീയ വിശുദ്ധിയും നാം ആർജ്ജിക്കണമെന്നു, അവൻ തുടർന്ന് പഠിപ്പിക്കുന്നു. എന്തും, ആരേയും ചൂഷണം ചെയ്തു സ്വന്തമാക്കുന്ന, ദുഷിച്ച അത്യാഗ്രഹചിന്തയും, ആർത്തിയും അവസാനിപ്പിക്കാൻ, അവൻ നമ്മോട് ആവശ്യപ്പെടുന്നു.

ഹൃദയപരിശുദ്ധിയാണ് ദൈവം നോക്കുന്നത്. പുറമെ നല്ലത് ചെയ്‌തും, എന്നാൽ, അകമേ ദുഷ്ടതയും കാപട്യവും പുലർത്തരുതെന്ന്, അവൻ നമ്മെ ഉപദേശിക്കുന്നു. ദൈവം നമ്മോട് ആവശ്യപ്പെടുന്നത്, ഹൃദയപരിശുദ്ധിയാണ്. കാരണം, അവിടുന്ന് നമ്മുടെ ഉള്ളും ഉള്ളവയും കാണുന്നവനാണ്, അറിയുന്നവനാണ്.

നമ്മുടെ ഉള്ളിലുള്ളവയെ ദാനം ചെയ്യാൻ അവൻ ആവശ്യപ്പെടുന്നു. നമ്മുടെ ഉള്ള് നന്മനിറഞ്ഞതെങ്കിൽ, അവിടെ ദാനവും, കരുണയും, സ്നേഹവും, ആത്മാവിന്റെ എല്ലാ പുണ്യങ്ങളും, ദാനങ്ങളും, വരങ്ങളും, ഫലങ്ങളും നിറഞ്ഞിരിക്കും. ഇതാണ് നമ്മുടെ സമ്പത്ത്. അത് സഹോദങ്ങൾക്കായി വിൽക്കുകയെന്നാൽ, അവരുടെ ആവശ്യങ്ങൾക്ക് നേരെ, നാം കണ്ണടക്കരുത് എന്നാണ് അർത്ഥമാക്കുന്നത്.

അങ്ങനെ നമ്മിലെ ഔദാര്യ മനോഭാവം, ആത്മീയവിശുദ്ധിക്ക് കളമൊരുക്കുന്നു. നമ്മുടെ ഹൃദയം ശുദ്ധമെങ്കിൽ, മറ്റെല്ലാ വിശുദ്ധികളും താനേ നമ്മിൽ വന്നുകൊള്ളും. ഹൃദയം ശുദ്ധമെങ്കിൽ, ഭക്തി നമ്മിൽ തനിയെ രൂപപ്പെട്ടുകൊള്ളും.

ഈ നോമ്പുകാലം, ഹൃദയവിശുദ്ധീകരണത്തിന്റെ നാളുകളാക്കി മാറ്റാം. നാഥന്റെ കരുണനിറഞ്ഞ കണ്ണുകൾക്കായി പ്രാർത്ഥിക്കാം.

error: Content is protected !!