യോഹന്നാൻ 20 : 24 – 29
വിശ്വാസടിസ്ഥാനം അടയാളങ്ങളാണോ?
തോമാശ്ലീഹാ അത്ര ആഴമുള്ള വിശ്വാസിയായിരുന്നോ? എങ്കിൽ സംശയിച്ചതെന്തിന്?നമുക്ക് വിശ്വാസം പകർന്നുതന്നു എന്ന അർത്ഥത്തിലാണ്, അദ്ദേഹം നമ്മുടെ വിശ്വാസപിതാവായത്. വിശ്വാസത്തിൽ സംശയമല്ലാ തോമസിന് ഉണ്ടായത്, മറിച്ച് താൻ ഏറെ സ്നേഹിക്കുന്നവനെ കാണാനുള്ള അതിയായ ആഗ്രഹമായിരുന്നു.
അല്ലായിരുന്നെങ്കിൽ പിന്നീട് അവനെ പ്രഘോഷിച്ചു വീര മൃത്യുവരിക്കില്ലായിരുന്നു. സഹശിഷ്യർ ഉത്ഥിതനെ കണ്ടത് വിവരിക്കുന്നുണ്ടെങ്കിലും അതിലേറെ പിടിവാശിയോടെ അവൻ കാത്തിരുന്നു,ഉത്ഥിതദർശനത്തിനായി.
ഇങ്ങനെ ചിന്തിച്ചാൽ തോമായുടെ വാശിയിൽ ഒരു അസ്വാഭാവികതയും കണ്ടെത്താൻ കഴിയില്ല,അതു ന്യായവും യുക്തവുമാണ്.അതുകൊണ്ടാവണം അവന്റെ സാന്നിധ്യത്തിൽ ഉത്ഥിതൻ പിന്നീട് പ്രത്യക്ഷനായത്.ഇവിടെ തോമാശ്ലീഹാ നമ്മെ പഠിപ്പിക്കുന്നത്, ദൈവാനുഭവത്തിന്റെ, വിശ്വാസജീവിതത്തിന്റെ ബാലപാഠമാണ്. കൊച്ചുകുട്ടികളുടെ നിഷ്കളങ്ക വാശിയോടെ അവനെ കാത്തിരിക്കുക.
എന്നാൽ ഇതിന്റെ മറുവശം ചിന്തിക്കുമ്പോൾ,യേശു ഒരിക്കലും തോമായുടെ അടയാളങ്ങളിലൂടെയുള്ള വിശ്വാസത്തിന്റെ ഏറ്റുപറച്ചിലിനെ അംഗീകരിക്കുന്നില്ല എന്നു വ്യക്തമാണ്.കാരണം അവൻ പറഞ്ഞതു ഇപ്രകാരമാണ്,”കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ”.
കാണാതെ വിശ്വസിക്കാനുള്ള വിളിയും ഭാഗ്യവും ഇന്ന് നമുക്കാണ് കരഗതമായിരിക്കുന്നത്.അനുഭവസ്ഥനിൽനിന്നും ലഭിച്ച അറിവിനാൽ അവനിൽ വിശ്വസിച്ചു ഏറ്റുപറയാൻ നമുക്കാവട്ടെ.അങ്ങനെ നമ്മളും ഭാഗ്യവാന്മാരാകട്ടെ.
തോമാ അവിശ്വാസിയായിരുന്നില്ല,കാരണം അങ്ങനെയുള്ള ഒരാളിൽനിന്നും ഇത്ര തീവ്രമായ ഒരു വിശ്വാസപ്രഖ്യാപനം ഉണ്ടാവില്ല, “എന്റെ കർത്താവേ…എന്റെ ദൈവമേ”.ഉള്ളിലുള്ളത് കൂടുതൽ ആഴപ്പെട്ടത്തിനാലാകണം, തന്റെ ജീവിതത്തിന്റെ “കർത്താവും ദൈവവുമായി “അവനെ അപ്പോൾത്തന്നെ ഏറ്റുപറഞ്ഞത്. അവന്റെ മറ്റു ശിഷ്യന്മാരും ‘കണ്ടു ‘തന്നെയാണ് വിശ്വസിച്ചത് എന്ന സത്യം ഇവിടെ വിസ്മരിക്കാനാവില്ല.
കാരണം”ഞങ്ങൾ കർത്താവിനെ കണ്ടു”എന്നാണ് അവർ തോമ്മായോട് പറയുന്നത്. അതുകൊണ്ടുതന്നെ തോമ്മാക്കും അതിനുള്ള അവകാശമുണ്ട് എന്നുവേണം കരുതാൻ. അല്ലെങ്കിൽ വിശ്വാസപകർച്ചയിൽ മറ്റുള്ളവരുടെ അത്ര തീവ്രത അവനെ കാണാത്ത തോമസിന് ഉണ്ടാകണമെന്ന് നിർബന്ധമില്ല. അതു മറ്റൊരുതരത്തിൽ ഒരു ശ്ലൈഹിക ആധികാരികതകൂടിയാണ്.
അല്ലെങ്കിൽ, തങ്ങൾ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞതുമാണ് പങ്കുവെക്കുന്നത് എന്ന ശിഷ്യരുടെ വാക്കുകൾ നിരർത്ഥകമാകും. നമുക്കും തോമായുടെ വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം.
നമ്മുടെ ജീവിതത്തിന്റെ കർത്താവും ദൈവവുമായി അവനെ ഏറ്റുപറയാം. ദൈവാനുഭവത്തിനായി തീവ്രമായി ആഗ്രഹിച്ചു കാത്തിരിക്കാം. അങ്ങനെ കർത്താവിൽ ‘വിശ്വാസത്തിൻ ഭാഗ്യവാന്മാർ ‘ആകാം.ഏവർക്കും ദുക്റാന തിരുന്നാൾ മംഗളങ്ങൾ.