വിവർത്തനം: ജിൽസ ജോയ്
കുറച്ചു വർഷങ്ങൾക്ക് മുൻപ്, നല്ല തിരക്കുള്ള ഒരു ദിവസം ന്യൂയോർക്ക് നഗരത്തിൽ ഞാനൊരു ബസ്സിനുള്ളിൽ പെട്ടുപോയി. ട്രാഫിക്ക് ബ്ലോക്കിനുള്ളിൽ പെട്ട് വാഹനങ്ങൾ അനങ്ങാൻ പറ്റാതെ കിടക്കുന്നു. തണുത്തു വിറച്ചും ക്ഷീണിച്ചും കുറേ ആളുകൾ ദേഷ്യമുഖഭാവത്തോടെ, ലോകത്തോട് തന്നെ അരിശമാണെന്ന പോലെ അക്ഷമരായി ഇരിക്കുന്നു.
മനപ്പൂർവമല്ലാത്ത ഒരു തള്ളിന്റെ പേരിൽ രണ്ട് പേർ ഒരു ബഹളം ഇപ്പോൾ കഴിഞ്ഞതേയുള്ളു. ഗർഭിണിയായ ഒരു യുവതി ബസ്സിൽ കയറി. ഒന്ന് എണീറ്റ് സീറ്റ് കൊടുക്കാൻ പോലും ആർക്കും തോന്നുന്നില്ല. വായുവിൽ പോലും വെറുപ്പ് തങ്ങി നിൽക്കുന്നത് പോലെ.. മനസ്സലിവൊക്കെ എങ്ങോ പോയിമറഞ്ഞു. പെട്ടെന്ന് ഇന്റർകോമിൽ ഡ്രൈവറുടെ ശബ്ദം മുഴങ്ങി.
“പ്രിയരേ, നിങ്ങളുടെ ഈ ദിവസം ഒട്ടും നല്ലതല്ലായിരുന്നെന്നും നിങ്ങളെല്ലാരും നല്ല ദേഷ്യത്തിലാണെന്നും എനിക്കറിയാം. കാലാവസ്ഥയുടെയോ ട്രാഫിക്കിന്റെയോ കാര്യത്തിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. പക്ഷേ ഒന്ന് ചെയ്യാൻ എനിക്ക് പറ്റും.
നിങ്ങൾ ഓരോരുത്തരും ഇറങ്ങുമ്പോൾ ഞാൻ കൈ തരും. നിങ്ങൾ ഇറങ്ങിപോകുമ്പോൾ നിങ്ങളുടെ പ്രശ്നങ്ങളും ദേഷ്യവുമെല്ലാം എന്റെ ഉള്ളംകയ്യിൽ വെച്ചിട്ട് പോവുക. ഓക്കേ? ഇന്ന് രാത്രി വീട്ടിലേക്ക് നിങ്ങൾ ഈ പ്രശ്നങ്ങൾ കണ്ടുപോകരുത്.
അതെല്ലാം എനിക്ക് വിട്ടേക്കുക. പോകുന്ന വഴിക്ക് ഹഡ്സൺ നദി എത്തുമ്പോൾ ഞാൻ ജനൽപ്പാളി തുറന്ന് എല്ലാം കളഞ്ഞോളാം”..
അതുവരെ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പെട്ടെന്ന് മാറി.
ആരുടെയോ പിടിയിൽ നിന്ന് മോചനം കിട്ടിയെന്ന പോലെ ആളുകൾ ചിരിക്കാൻ തുടങ്ങി. നിനച്ചിരിക്കാതെ വന്ന സന്തോഷത്തിൽ മുഖങ്ങൾ തെളിഞ്ഞു. ഇത്രയും നേരം, തനിക്ക് ചുറ്റും ആളുകളുണ്ടെന്ന് ഭാവിക്കുക പോലുംചെയ്യാതെ ഏതോ ഇടുങ്ങിയ ലോകത്ത് ആയിരുന്നവർ പരസ്പരം നോക്കി, ഈ ആള് സീരിയസായി പറയുവാണോ എന്ന് ചോദിച്ചു കൊണ്ട് ഹൃദയം തുറന്നു ചിരിച്ചു.
അതെ, ആ മനുഷ്യൻ സീരിയസ് ആയി തന്നെയാ പറഞ്ഞത്.
അടുത്ത സ്റ്റോപ്പിൽ ആളുകൾ ഇറങ്ങുമ്പോൾ, പറഞ്ഞിരുന്നത് പോലെ ഡ്രൈവർ തന്റെ കൈ നീട്ടി, ഉള്ളംകൈ തുറന്നുപിടിച്ചു നിന്നു. ഇറങ്ങുന്ന ഓരോരുത്തരും തങ്ങളുടെ കൈകൾ ഡ്രൈവറുടെ കൈക്ക് മുകളിൽ ആയി പിടിച്ച് എന്തോ അതിലേക്ക് ഇടുന്നതായി ഭാവിച്ചു.
കുറച്ചു പേർ ചിരിച്ചു കൊണ്ടു ചെയ്തു, കുറച്ചു പേർ കണ്ണ് നിറഞ്ഞുകൊണ്ട്..പക്ഷേ എല്ലാവരും തന്നെ ചെയ്തു. അടുത്ത സ്റ്റോപ്പിലും പിന്നെയുള്ള സ്റ്റോപ്പുകളിലും ഇത് ആവർത്തിച്ചു. എല്ലാവരുടെ പ്രശ്നങ്ങളും ഹഡ്സൺ നദിയിൽ അലിഞ്ഞുപോയി.
വല്ലാത്തൊരു ലോകത്തിലാണ് നമ്മൾ ഫ്രണ്ട്സ്. ചിലപ്പോൾ ഒരു മനുഷ്യനായി പെരുമാറാൻ വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോൾ ഒരു ചീത്ത ദിവസം.. ചിലപ്പോൾ ഒരു ചീത്ത ദിവസം ചില കൊല്ലങ്ങളിലേക്ക് നീളുന്നു. നമ്മൾ പൊരുതുന്നു. തോൽക്കുന്നു..
നിസ്സഹായരാവുന്നു. പണം, ജോലി സ്നേഹം, ആരോഗ്യം, സുഹൃത്തുക്കൾ ഇതൊക്കെ നഷ്ടപ്പെട്ടെന്ന് വരാം. ചീത്ത സ്വഭാവങ്ങൾ കയറികൂടുന്നു. വാർത്തകളിൽ എന്തൊക്കെ കാണുന്നു. നമ്മൾ ഉൾവലിയുന്നു.. ജീവിതം യാന്ത്രികമാവുന്നു.
ചിലപ്പോൾ ഇരുട്ടിലും. വെളിച്ചം വേണമെന്നുണ്ടെങ്കിലും എങ്ങനെ അങ്ങോട്ട് എത്തിപ്പെടുമെന്നറിയില്ല. ഒരുപക്ഷേ ആ വെളിച്ചം ആവേണ്ടത് നമ്മളാണെങ്കിലോ? ഇരുണ്ട സാഹചര്യങ്ങൾ കാത്തിരിക്കുന്ന ആ പ്രകാശം കൊളുത്തേണ്ടത് നമ്മളാണെങ്കിൽ?
ആ ബസ് ഡ്രൈവർ എന്നെ പഠിപ്പിച്ചത് അതാണ്. ഏത് നേരത്തും ആർക്കും ആവാം ആ പ്രകാശം. ആ മനുഷ്യൻ ഒരു ആത്മീയ നേതാവോ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറോ, ഒന്നുമല്ല, സമൂഹത്തിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന അനേകം ജീവനക്കാരിൽ ഒരാൾ. പക്ഷെ ആ മനുഷ്യന് ഉണ്ടായിരുന്ന ചെറിയ ഊർജ്ജം അയാൾ നന്നായി ഉപയോഗിച്ചു.
ജീവിതം ദുസ്സഹമാകുമ്പോൾ, ലോകത്തിലെ പ്രശ്നങ്ങൾക്ക് മുൻപിൽ ശക്തിയില്ലാതെ നോക്കി നിൽക്കേണ്ടി വരുമ്പോൾ ആലോചിക്കാം, വെളിച്ചമാകുവാൻ ഈ നിമിഷം എന്നെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും. യുദ്ധങ്ങൾ ഇല്ലാതാക്കാനോ, ആഗോള താപനം നിർത്തുവാനോ, ട്രാഫിക് സ്മൂത്താക്കാനോ എന്നെക്കൊണ്ട് പറ്റിയെന്നു വരില്ല. എങ്കിലും ചിലത് എനിക്ക് പറ്റും.
താങ്കൾ ആരാണെങ്കിലും എവിടെ ആണെങ്കിലും, സാഹചര്യം കടുത്തതാണെങ്കിലും ഞാൻ വിശ്വസിക്കുന്നു താങ്കൾക്ക് ഈ ലോകത്തെ പ്രകാശിപ്പിക്കാൻ സാധിക്കും. ഒരു കൃപയുടെ പ്രവൃത്തി വഴി നമുക്ക് അത് സാധ്യമാക്കാം…
By,എലിസബത്ത് ഗിൽബെർട്ട്.