നിയുക്ത കർദിനാളായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ, കല്ദായസഭയുടെ നിസിബിസിന്റെ സ്ഥാനീയആർച്ചുബിഷപ്പായി നിയമിച്ചു. വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ സേവനം ചെയ്തു വരികയാണ് മോൺസിഞ്ഞോർ കൂവക്കാട്.
പൗരസ്ത്യസഭയുടെ അതിപുരാതനമായ ഒരു മെത്രാപ്പോലീത്തൻ പ്രാദേശിക സഭയാണ് നിസിബിസ്. നെസ്തോറിയൻ സഭയെന്നും, ഇതിനെ പൗരാണികമായ വിളിക്കാറുണ്ട്. ഇന്നത്തെ തുർക്കി നഗരമായ നുസൈബിനുമായി സംയോജിക്കുന്ന പ്രദേശമാണ് നിസിബിസ്.
ജോർജ് കൂവക്കാടിൻ്റെ ആർച്ചുബിഷപ് പദവി പ്രഖ്യാപനം 2024 ഒക്ടോബർ 25 വൈകുന്നേരം 3.30ന് അതിരൂപതാകേന്ദ്രത്തിലെ ചാപ്പലിൽ അതിരൂപതാ മെത്രാപ്പോലീത്താ അഭി. മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു.
വത്തിക്കാനിൽ ഉച്ചയ്ക്കു പന്ത്രണ്ടിനുള്ള ആഞ്ചലൂസ് പ്രാർഥനയുടെ അവസരത്തിൽ നടന്ന പ്രഖ്യാപനത്തിൻ്റെ അതേസമയത്തുതന്നെയാണ് ഇവിടെ പ്രഖ്യാപനം നടത്തപ്പെട്ടത്. പ്രഖ്യാപനത്തിനുമുമ്പുള്ള പ്രാർഥനാശുശ്രൂഷയ്ക്ക് അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ നേതൃത്വം നൽകി.
അതിരൂപതാ മെത്രാപ്പോലീത്താ അഭി. മാർ ജോസഫ് പെരുന്തോട്ടം, പാലാ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് കല്ലറാങ്ങാട്ട് എന്നിവർ ആർച്ചുബിഷപ് പദവിയെക്കുറിച്ചു വിശദീകരണങ്ങൾ നൽകി.
നിയുക്തകർദിനാളും മെത്രാപ്പോലീത്തായായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത മോൺ. ജോർജ് കൂവക്കാട് മറുപടിപ്രസംഗം നടത്തി. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ നന്ദി രേഖപ്പെടുത്തി.