Faith Reader's Blog

ഈ നോമ്പുകാലത്ത് ദൈവത്തോട് കൂടുതൽ അടുക്കാനുള്ള വഴി….

മത്തായി 6 : 1 – 8,16 – 18
വ്യക്തിബന്ധം

മനുഷ്യപ്രശംസക്കുവേണ്ടി ആത്മീയതയിൽ കപടത തെല്ലും ചേർക്കാൻ പാടില്ല എന്നവൻ ഈ വചനഭാഗത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ദാനധർമ്മം ചെയ്യുമ്പോൾ പ്രശംസയ്ക്കായി കാഹളം മുഴക്കിയും, പ്രാർത്ഥിക്കുമ്പോൾ മറ്റുള്ളവർ കാണുവാൻ പൊതുസ്ഥലങ്ങൾ തിരഞ്ഞെടുത്തും, ഉപവസിക്കുമ്പോൾ മുഖം വികൃതമാക്കിയും, യഹൂദർ ഈ മൂന്ന് സുകൃതങ്ങളിലും കാപട്യം ചാർത്തുന്നു.

ഇവയുടെ അനുഷ്ഠാനങ്ങളിലെ സ്വാഭാവികലക്ഷ്യം വിട്ട്, ദുരുദ്ദേശ്യപരമായി ചെയ്യുന്നു. എല്ലാ സത്പ്രവൃത്തികളും, സഹോദര നന്മയ്ക്കും ദൈവമഹത്വത്തിനുമാണെന്നുള്ള സത്യം മറക്കുന്നു. ഓരോ സത്പ്രവൃത്തിയുടേയും ഉദ്ദേശ്യശുദ്ധിയിലേക്ക് അവൻ വിരൽ ചൂണ്ടുന്നു.

ഭിക്ഷകൊടുക്കുമ്പോൾ കാഹളമരുത്, പ്രാർത്ഥന രഹസ്യാത്മകമാവുക, ഉപവാസം ദൈവതിരുമുമ്പാകെ ബാഹ്യലക്ഷണങ്ങളില്ലാതെ. ദൈവത്തിൽനിന്നുള്ള പ്രതിഫലം മാത്രം പ്രതീക്ഷിക്കുക. കാരണം, ധർമ്മദാനവും പ്രാർത്ഥനയും ഉപവാസവും നമ്മെ ദൈവത്തോട് അടുപ്പിക്കാനുള്ള ഉപാധികളാണ്. പരസ്യമായി ചെയ്യുന്ന ഓരോ കർമ്മങ്ങൾക്കും, “പ്രശംസ” പ്രതിഫലമായി ലഭിച്ചു കഴിഞ്ഞു.

മറ്റുള്ളവരെ ബോധിപ്പിക്കാനല്ല പ്രാർത്ഥിക്കേണ്ടത്, ഏകാന്തതയുടെ നിശബ്ദതയിൽ ദൈവത്തോട് മൗനമായി പ്രാർത്ഥിക്കുക, വാചാലതയുടെ വാക്ക്പെരുമ അനിവാര്യമല്ലതാനും.

ഏകാന്തതയിലെ അവന്റെ മൗനപ്രാർത്ഥനയാണ് ഇതിനെല്ലാംനമുക്ക് മാതൃക. നമ്മുടെ ആവശ്യങ്ങളറിയുന്ന ദൈവത്തിന്റെ മുമ്പിൽ, പ്രത്യാശയോടെ, ലളിതമായി പ്രാർത്ഥിക്കുക. കാരണം, വ്യക്തിപരമായ പ്രാർത്ഥനയിൽ, രഹസ്യസ്വഭാവവും, തുറവിയും, വ്യക്തിബന്ധവും ഉൾച്ചേർന്നിരിക്കുന്നു.

നോമ്പിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട്, നമുക്കും നമ്മെ സ്വയം പരിവർത്തന വിധേയമായേക്കാം. വ്യക്തിപരമായ പ്രാർത്ഥനയിലൂടെ, ദൈവവുമായുള്ള വ്യക്തിബന്ധത്തിൽ വളരാം.

പ്രശംസയുടെ പ്രതിഫലം പറ്റാതെ, വികൃതങ്ങളുടെ കപടമുഖം പേറാതെ, ദാനധർമ്മവും ഉപവാസവും അനുഷ്ഠിക്കാം. എല്ലാറ്റിനും മാതൃകയായി, ക്രൂശിതനീശോ നമ്മുടെ മുമ്പിലുണ്ട്.