ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ ഉത്തരവ് സ്വാഗതാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് തയ്യാറാക്കപ്പെട്ടിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്.

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ വിശദമായ പഠനങ്ങൾക്ക് ശേഷം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് പത്തു മാസത്തോളമാകുന്നു. എന്നാൽ, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചർച്ച ചെയ്യാത്തതിലും, വിവിധ സർക്കാർ വകുപ്പുകൾക്ക് കമ്മീഷൻ റിപ്പോർട്ട് നൽകി അഭിപ്രായം ആരാഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാകാതിരുന്നതിലും, കമ്മീഷൻ റിപ്പോർട്ട് ഇതുവരെയും പൂർണ്ണമായി പുറത്തുവിടാത്തതിലും ക്രൈസ്തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്.

ചീഫ് സെക്രട്ടറിക്ക് പുറമെ പൊതുഭരണ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാരും അംഗങ്ങളായ പുതിയ സമിതി അർഹിക്കുന്ന ഗൗരവത്തോടെ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കുകയും സത്വരമായ തുടർ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായി പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, തുടർ ചർച്ചകളിൽ ക്രൈസ്തവ സമൂഹങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുന്നു.

ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു താത്ക്കാലിക നീക്കമല്ല എന്ന് സർക്കാർ തെളിയിക്കേണ്ടതുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന തുടർച്ചയായ അവഗണനകൾക്കും വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥകൾക്കും പരിഹാരം കണ്ടെത്താനുള്ള ആത്മാർത്ഥമായ നീക്കം ഇനിയെങ്കിലും സർക്കാരിൽനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI അറിയിച്ചു.

error: Content is protected !!