സ്വാർത്ഥത വെടിയാം ; പങ്കുവയ്പ്പിന്റെ അനുഭവത്തിലേയ്ക്ക് വളരാം .…

ലൂക്കാ 20 : 9 – 19
പങ്കുവെക്കൽ

തോട്ടത്തിൻ്റെ ഉടമ ഓഹരിയ്ക്ക് വേണ്ടി മാത്രമാണ് വരുന്നത്. അവരുടെ നേട്ടത്തിൽ നിന്നും ഒരു ഓഹരി. അതു പോലും അവർ നിഷേധിക്കുകയാണിവിടെ. തോട്ടത്തിനു വേണ്ടതെല്ലാം ഒരുക്കി നൽകിയ ഉടമ, വിളവ് മുഴുവൻ അല്ല ആവശ്യപ്പെടുന്നത്, തനിക്ക് അർഹതപ്പെട്ടത്‌ മാത്രം.

സ്വാർത്ഥതയുടെ മുഖംമൂടി അണിഞ്ഞ കൃഷിക്കാർ, എന്നാൽ, ആർത്തിയോടെ എല്ലാം പിടിച്ചു വെയ്ക്കുന്നു. അവകാശപ്പെട്ടവരുടെ ഉപരി ആഗ്രഹിക്കുന്നതാണ്, നമ്മിലെ സ്വാർത്ഥത. ദൈവം നല്കിയ ഒരുപാട് നന്മകളുടെ കൂടാരമാണ് നമ്മുടെ ജീവിതം.

ഈ നന്മക്കൾക്ക് നടുവിൽ ദൈവത്തിന്റെ സ്ഥാനം എവിടെ? എല്ലാം നൽകിയവൻ നമ്മിലെ ഫലം ആവശ്യപ്പെടുമ്പോൾ, നമ്മുടെ പ്രതികരണം എന്താണ്? ഈ രണ്ട് ചോദ്യങ്ങൾ മരപ്പണിക്കാരനീശോ നമ്മുടെ മുമ്പിൽ വയ്ക്കുന്നു. നാം ഉത്തരം കണ്ടെത്തിയേ മതിയാകൂ.

ജീവിതത്തിൽ സൗഭാഗ്യങ്ങൾ കടന്നു വന്നപ്പോൾ, സൗകര്യങ്ങൾ ഏറിയപ്പോൾ, തങ്ങളിലെ ഉത്തരവാദിത്വവും, കടമയും മറക്കുന്ന കൃഷിക്കാർ. ഒരുപക്ഷേ, ഇതു എന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയാകാം.

ചെറുതെങ്കിലും എന്റെ ജീവിത കടമകൾ ഞാൻ ശരിയായി നിർവ്വഹിക്കുന്നുണ്ടോ? നമ്മുടെ ആവശ്യങ്ങൾ കഴിഞ്ഞു നാം കരുതിവെയ്ക്കുന്നതെല്ലാം നമ്മുടേതല്ലാ, മറ്റുള്ളവരുടെ അവകാശങ്ങൾ ആണെന്ന് തിരിച്ചറിയുക.

പലപ്പോഴും, നമ്മുടെ മുമ്പിൽ അർഹതയുടെ കരങ്ങൾ നീട്ടി, ദൈവം പലരെയും അയക്കാറുണ്ട്. അവരെ നാം കണ്ടില്ലാ എന്നു നടിച്ചാൽ, നമ്മുടെ കണ്ണുകളിൽ സ്വാർത്ഥതയുടെ തിമിരം ബാധിച്ചു എന്നു തിരിച്ചറിയുക. പങ്കുവെക്കലിന്റെ ശസ്ത്രക്രിയയിലൂടെ നമ്മുക്ക് മങ്ങിയ കാഴ്ച വീണ്ടെടുക്കാം.

ദാനമായവയെ അവകാശമായി കരുതരുത് എന്നും, അർഹതപ്പെട്ടവരെ അവഗണിക്കരുത് എന്നും, സ്വാർത്ഥതയുടെ മാറാപ്പിൽ നിന്നും പങ്കുവെക്കലിന്റെ തുറവിലേക്ക് നാം വളരണമെന്നും, മരപ്പണിക്കാരനീശോ ഈ ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നു. മനസ്സിലാക്കാം,തിരുത്താം,വളരാം… അവനിലേക്ക്, അവനോളം അല്ലെങ്കിലും…അവനുവേണ്ടി..

error: Content is protected !!