Meditations Reader's Blog

വിശ്വസ്തനായ ഭൃത്യൻ ദൈവദൃഷ്ടിയിൽ ഭാഗ്യവാനാണ്

മത്തായി 24 : 45 – 51
സ്വർഗ്ഗസൗഭാഗ്യവാൻ.

ഈ ഉപമ അവൻ തന്റെ ശിഷ്യന്മാരെ പൊതുവെ ഉദ്ദേശിച്ചു പറഞ്ഞതാണ്. കാരണം, ഇത് ഒരു പൊതുനിർദ്ദേശമാണ്. ഒരു സേവകനെന്നാൽ, അവൻ തന്റെ സഹസേവകർക്ക് ശുശ്രൂഷചെയ്യാൻ കടപ്പെട്ടവനാണ്.

തങ്ങളിൽ ആരാണ് വലിയവൻ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിലുണ്ട്. അവൻ നമ്മെ പഠിപ്പിക്കുന്നു, വലിയവൻ മറ്റുള്ളവരുടെ ശുശ്രൂഷകനും ദാസനുമായിരിക്കണം. നമ്മിലെ യഥാർത്ഥ വലുപ്പം, നാം ചെറുതാകുന്നതിലാണ്.

വിശ്വസ്ത ഭൃത്യൻ യേശുവിന്റെ കാഴ്ചപ്പാടിൽ ഭാഗ്യവാനാണ്. അത് ഭൗതികസൗഭാഗ്യങ്ങൾക്കതീതമാണ്. കാരണം, അവൻ നൽകിയ അഷ്ടഭാഗ്യങ്ങളിൽ, അവ സ്പഷ്ടമായി അവൻ പറഞ്ഞിട്ടുമുണ്ട്.

ഭൂമിയിലെ നിർഭാഗ്യവാനാണ് സ്വർഗ്ഗത്തിലെ ഭാഗ്യവാൻ. ദൈവത്തോടുള്ള വിശ്വസ്തതയിൽ നിലനിൽക്കാൻ, അവഹേളനങ്ങളും പീഡനങ്ങളും മടികൂടാതെ സ്വീകരിച്ചവരാണിവർ.

വിശ്വസ്തതയെന്നാൽ, അവന്റെ കണ്ണിൽ തന്റെ കീഴിൽ ഉള്ളവരെ ശുശ്രൂഷിക്കുന്നതാണ്. അവർ അവൻ ഒരുക്കിയിരിക്കുന്ന രക്ഷയിൽ പങ്കുകാരാകും. എന്നാൽ ദുഷ്ടഭൃത്യർ കഠിനശിക്ഷക്ക് അർഹരാകും.

അവൻ കപടനാട്യക്കാരുടെ കൂടെ എണ്ണപ്പെടുകയും, വിലാപവും പല്ലുകടിയുമായി കഴിയുകയും ചെയ്യും. കാരണം, അവർ ഭൗതികസൗഭാഗ്യങ്ങൾ അനുഭവിച്ചവരാണ്. അവയെല്ലാം ഈ ലോകത്തിൽ അവസാനിക്കുന്നു. കാരണം, സഹോദരങ്ങളോടുള്ള അവരുടെ സമീപനവും മനോഭാവവും മറ്റൊന്നായിരുന്നു.

അതിനാൽതന്നെ അവരുടെ വിധി പൂർണ്ണമായിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ, അവർ അത് സ്വയം കണ്ടെത്തിയ, വിധി തന്നെയാണ്. ഈ ലോകത്തിൽത്തന്നെ അവർക്കുള്ള പ്രതിഫലവും ലഭിച്ചു കഴിഞ്ഞു.

ഈ വചനഭാഗം ഗ്രഹിച്ചു, ഉചിതമായ തീരുമാനങ്ങൾ എടുക്കാം. സഹോദരങ്ങളോടുള്ള മനോഭാവത്തിൽ മാറ്റങ്ങൾ വരുത്താം. ഈ ലോകജീവിതത്തിൽത്തന്നെ മറുലോകത്തിലേക്കുള്ള സൗഭാഗ്യങ്ങൾ കരുതിവെയ്ക്കാം. അവിടുന്ന് നമ്മേയും നോക്കി കാത്തിരിക്കുന്നു….’ഭാഗ്യവാനെന്ന’ വിളിയോടെ…..