mother mary
Daily Saints Reader's Blog

സെപ്റ്റംബർ 08: പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാൾ

ഇന്ന് സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്.

ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിച്ചു .

ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധിയുള്ളവളും, എല്ലാ മനുഷ്യരുടേയും ആത്മീയ മാതാവുമായ കന്യകാ മറിയം, ലോകരക്ഷകന്റെ അമ്മയാകുവാന്‍ വേണ്ടിയാണ് ഈ ഭൂമിയില്‍ ജനിച്ചത്.

അവളുടെ മകന്റെ അനന്തമായ യോഗ്യതകള്‍ കാരണം, അവള്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായതും, ജനിച്ചു വീണതും പരിപൂര്‍ണ്ണ അമലോത്ഭവയും, ദൈവാനുഗ്രഹം നിറഞ്ഞവളുമായിട്ടാണ്. സ്വര്‍ഗ്ഗത്തിന്റേയും, ഭൂമിയുടേയും രാജ്ഞിയായ അവളിലൂടെ സകലമനുഷ്യര്‍ക്കും എല്ലാ കൃപാവരങ്ങളും ലഭിക്കപ്പെടുന്നു.

പരിശുദ്ധ ത്രിത്വത്തിന്റെ ഇഷ്ടപ്രകാരം അവളിലൂടെ അവിശ്വാസികളായിട്ടുള്ളവര്‍ക്ക് വിശ്വാസവും, ക്ലേശിതര്‍ക്ക് ആശ്വാസവും ലഭിക്കപ്പെടുന്നു; കൂടാതെ ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് കര്‍ത്താവിന്റെ മാതൃകയില്‍ വളരുവാനുള്ള കൃപാവരവും ലഭിക്കുന്നു.

എല്ലാ മാനുഷിക ഭാവങ്ങളും പരിശുദ്ധ മറിയത്തില്‍ വിളങ്ങുന്നു. പുരാതനകാലം മുതലേ തിരുസഭ അനുവര്‍ത്തിക്കുന്നത് പോലെ തന്നെ അവളുടെ ജനനത്തിരുനാളില്‍ നമ്മളും ആഹ്ലാദിക്കുന്നു.

തിരുസഭയുടെ ദിനസൂചികയില്‍ ആഘോഷിക്കപ്പെടുന്ന മൂന്ന്‍ ജന്മദിനങ്ങളില്‍ ഒന്നാണ് പരിശുദ്ധ മാതാവിന്റെ ജന്മദിനം. ക്രിസ്തുവിന്റെ ജന്മദിനം (ഡിസംബര്‍ 25), സ്നാപക യോഹന്നാന്റെ ജന്മദിനം (ജൂണ്‍ 24), പരിശുദ്ധ മറിയത്തിന്റെ ജന്മദിനം എന്നിവയാണ് ആ മൂന്നു ജന്മദിനങ്ങള്‍.

ഇവര്‍ മൂന്ന് പേരും ജന്മപാപമില്ലാതെ ജനിച്ചവരാണ്. മറിയവും, യേശുവും ഗര്‍ഭത്തില്‍ ഉരുവായത് തന്നെ ജന്മപാപമില്ലാത്തവരായിട്ടായിരുന്നു, എന്നാല്‍ വിശുദ്ധ സ്നാപക യോഹന്നാന്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായിരിക്കുമ്പോള്‍ പരിശുദ്ധ മറിയത്തിന്റെ സന്ദര്‍ശനത്താല്‍ ജന്മപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു.

വേനല്‍കാലത്തിനു അവസാനമാവുകയും, മഞ്ഞു കാലം തുടങ്ങുകയും ചെയ്യുന്നതിനാല്‍ സെപ്റ്റംബര്‍ 8 എന്ന ദിവസത്തോട് ബന്ധപ്പെട്ട് നിരവധി നന്ദിപ്രകാശന ആഘോഷങ്ങളും, ആചാരങ്ങളും നിലവിലുണ്ട്.

ഈ ദിനത്തില്‍ വേനലിലെ വിളവെടുപ്പിനെ അനുഗ്രഹിക്കുകയും, പുതിയ വിത്തുകള്‍ പാകുകയും ചെയ്യുന്ന ഒരാചാരം പുരാതന റോമന്‍ ആചാരങ്ങളില്‍ നിലവിലുണ്ടായിരുന്നു.

ഫ്രാന്‍സിലെ മുന്തിരി കൃഷിക്കാര്‍ ഈ ആഘോഷത്തെ “മുന്തിരി വിളവെടുപ്പിന്റെ പരിശുദ്ധ കന്യക” (Our Lady of the Grape Harvest) എന്നാണ് വിളിച്ചിരുന്നത്. ഈ ദിവസം ഏറ്റവും നല്ല മുന്തിരിപഴങ്ങള്‍ പ്രാദേശിക ദേവാലയത്തില്‍ കൊണ്ട് വന്ന് വെഞ്ചിരിക്കുകയും, അതില്‍ കുറച്ച് മുന്തിരികുലകള്‍ മാതാവിനു സമര്‍പ്പിക്കുകയും ചെയ്യുക പതിവായിരുന്നു. പുതിയ മുന്തിരി പഴങ്ങള്‍ ഉള്‍പ്പെട്ട ഒരു ഉത്സവ സദ്യയും ഈ ആഘോഷ ദിവസത്തിന്റെ ഭാഗമായിരുന്നു.

ഓസ്ട്രിയായിലെ ആല്‍പ്സ് പര്‍വ്വത പ്രദേശങ്ങളില്‍ ഈ ആഘോഷത്തെ “ഇറക്കത്തിന്റെ ദിവസം” (Drive-Down Day) എന്നാണ് വിളിക്കുന്നത്. ഈ ദിവസം കുന്നിന്‍ ചെരുവുകളില്‍ മേയാന്‍ വിട്ടിരിക്കുന്ന കന്നുകാലികളെ അടിവാരങ്ങളിലുള്ള അവരുടെ ശൈത്യകാല തൊഴുത്തുകളിലേക്ക് കൊണ്ട് വരും.

പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിന്റെ പേരില്‍ ഓസ്ട്രിയായിലെ ചില ഭാഗങ്ങളില്‍ ഈ ദിവസത്തെ പാലും, ബാക്കി വരുന്ന ഭക്ഷണവും പാവങ്ങള്‍ക്ക് നല്‍കുന്ന പതിവുമുണ്ട്.

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ആദ്യകിരണമെന്ന നിലയിലാണ് പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിനെ നാം കൊണ്ടാടുന്നത്. മനുഷ്യവംശത്തിന്റെ രക്ഷാകര ചരിത്രത്തില്‍ പരിശുദ്ധ മാതാവിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. മാത്രമല്ല ദൈവം തന്റെ സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ ഏറ്റവും ഉന്നതമായ ദൗത്യമാണ് പരിശുദ്ധ അമ്മക്ക് നല്‍കിയിട്ടുള്ളത്.