Daily Prayers Reader's Blog

നമ്മുടെ സാമിപ്യവും വാക്കും പ്രവർത്തിയും മറ്റുള്ളവർക്ക് അനുഗ്രഹമാകണം

ഒന്നിപ്പിക്കുന്ന ചിന്തകൾ 1
നീ ഒരു അനുഗ്രഹമാണ്.

ഫാ ജയ്സൺ കുന്നേൽ mcbs

2025 ലെ ആദ്യ സുപ്രഭാതത്തിൽ ധാരാളം പുതുവത്സരാശംസകൾ കിട്ടിയെങ്കിലും മനസ്സിൽ വേഗത്തിൽ പതിഞ്ഞ ആശംസ you are a blessing Happy New year 2025 എന്നതായിരുന്നു. നീ ഒരു അനുഗ്രഹമാണ് പുതുവത്സരാശംസകൾ 2025.

സത്യമാണല്ലോ അനുഗ്രഹമാകാനാണല്ലോ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മൾ അനുഗ്രഹമാകാൻ 5 കാരണങ്ങൾ ദൈവ വചനത്തിൻ്റെ വെളിച്ചത്തിൽ മനസ്സിലാക്കുയാണ് ഈ കൊച്ചു കുറിപ്പിൻ്റെ ലക്ഷ്യം.

1.ദൈവ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവർ

ദൈവം അതുല്യമായി മെനഞ്ഞെടുത്ത വിശിഷ്ട വ്യക്തികളാണ് നമ്മൾ അതിനാൽ ഈ ലോകത്തിലുള്ള നമ്മുടെ സാന്നിധ്യം അവൻ്റെ ദൈവീകമായ കരവേലയുടെ പ്രതിഫലനമാണ്. “ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു; എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു;അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം.”(സങ്കീ 139 :14) ദൈവത്തിൻ്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമുക്കു അനുഗ്രഹമാവുക എന്ന ദൗത്യത്തിൽ നിന്നു ഒഴിഞ്ഞുമാറാനാവില്ല.

2.സ്നേഹത്തിൻ്റെ ഒരു ഉപകരണം ആണ്

സ്നേഹം ജീവിത സാഹചര്യങ്ങളിൽ വെളിച്ചമായി വരുമ്പോൾ ജീവിതം അനുഗ്രഹീതം ആകും.”നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍.” (1 കോറി 16 : 14)മറ്റുള്ളവരെ സ്നേഹിക്കാനും വിലമതിക്കാനുമുള്ള നമ്മുടെ കഴിവ് നമ്മളെ കൂടുതൽ വിനയവും അനുകമ്പയും ഉള്ളവരാക്കുന്നു.
.
3.ലോകത്തിൻ്റെ പ്രകാശമാണ്

നമ്മൾ അനുഗ്രഹമമാകുന്ന മൂന്നാമത്തെ മാർഗ്ഗം ഈശോയാകുന്ന പ്രകാശം സ്വീകരിച്ച് നമ്മളും പ്രകാശമാകുന്നു എന്ന തിരിച്ചറിവാണ്. “നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല.”(മത്താ 5 : 14).പ്രകാശമായ നമ്മുടെ ജീവിതത്തിനു മറ്റുള്ളവരെ നയിക്കുവാനും പ്രചോദിപ്പിക്കാനു അന്ധകാര സമയങ്ങളിൽ പ്രതീക്ഷയുടെ പുതിയ തിരി തെളിക്കാനുമുള്ള ശക്തിയുണ്ട്.

4.ദൈവത്തിൻ്റെ വിവിധ ദാനങ്ങളുടെ കാര്യസ്ഥർ

ദൈവത്തിൻ്റെ വിവിധ ദാനങ്ങളുടെ വിശ്വസ്തതരായ കാര്യസ്ഥരായി നമ്മൾ മാറുമ്പോൾ നമ്മുടെ സാമിപ്യവും വാക്കും പ്രവർത്തിയും മറ്റുള്ളവർക്ക് അനുഗ്രഹമാകും.”ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്‌ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ.”(1 പത്രോ 4 : 10). അനുഗ്രഹമായ നമ്മുടെ ജീവിതം മറ്റുള്ളവർക്കും വേണ്ടി അവകാശപ്പെട്ടതാണ് എന്ന ചിന്ത നമുക്കു മറക്കാതിരിക്കാം.

5.ദൈവകൃപയുടെ വിശ്വസ്ത പാത്രങ്ങൾ

അനുഗ്രഹമായ നമ്മൾ ദൈവകൃപ വഹിക്കുന്ന വിശ്വസ്ത പാത്രങ്ങളാണ്. ദൈവത്തിൻ്റെ കൃപ സ്പർശിച്ച നമ്മുടെ ജീവിതം വഴി നാം കണ്ടുമുട്ടുന്ന എല്ലാവർക്കും സമാധാനവും സന്തോഷവും പകർന്നു നൽകുന്നു. “കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.

അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.”(സംഖ്യ 6 : 24-25 ). പുതുവർഷത്തിൽ പുതുമ കളയാതെ മനസ്സിൽ കോറിയിടേണ്ട ഒരു യാഥാർത്ഥ്യമാണ് ഞാൻ ഒരു അനുഗ്രഹമാണ് എന്ന ചിന്ത. സ്വയം അനുഗ്രഹമാണ് എന്ന് കരുതുന്ന വ്യക്തിക്ക് മാത്രമേ മറ്റുള്ളവരുടെ ജീവിതങ്ങളിൽ അനുഗ്രഹമാകുവാനും അപരന് സംതൃപ്തിയും സന്തോഷവും സമാധാനവും പകരാനാവു.