നമ്മുടെ കുറവുകളെക്കുറിച്ച് ബോധവാൻമാരാകാം; വിനയത്തേടും, വിശ്വാസത്തോടും കൂടെ പ്രാർത്ഥിക്കാം

ലൂക്കാ 7 : 1 – 10
വിശ്വാസമാതൃക.

ജന്മംകൊണ്ട് വിജാതീയനും, കർമ്മംകൊണ്ടു യഹൂദന് സമനുമായി മാറിയ വ്യക്തിയാണ് ഈ ശതാധിപൻ. അവന് യേശുവിൽ ഏറെ വിശ്വാസവും, അതിലുപരിയായി, അവന്റെ അധികാരത്തെ സ്വയം അംഗീകരിക്കുകയും ചെയ്യുന്നു എന്നത് ഇവിടെ ഏറെ ശ്രദ്ധേയമാണ്.

തന്റെ അധികാരത്തേയും കുറവുകളേയും കുറിച്ചു, അയാൾ ബോധവാനാകയാൽ, വിനയാന്വിതനായി അയാൾ സ്വയം മാറുന്നു. യേശുവിനെ സമീപിക്കാൻപോലും, താൻ അനർഹനെന്നു അയാൾ കരുതുന്നു. എന്നാൽ, വിശ്വാസത്തിന്റെ കാര്യത്തിൽ മറ്റാരേയുംകാൾ, അയാൾ യേശുവിന്റെ ചാരെ തന്നെയുണ്ടുതാനും. കാരണം, അവന്റെ ഒരു വാക്കിൽ അയാൾ അത്ഭുതം പ്രതീക്ഷിക്കുന്നു.

അയാളുടെ വരവ് തന്നെ, കേട്ടറിവിൽ നിന്നും ഉരുത്തിരിഞ്ഞ വിശ്വാസത്തിന്റെ പിൻബലത്തിലാണ്. അയാൾ യഹൂദർക്ക് ചെയ്ത സൽപ്രവൃത്തികൾ ചൂടിക്കാട്ടി, മറ്റുള്ളവർ അയാളുടെ അർഹതയുടെ സാധ്യതകൾ നിരത്തുമ്പോൾ, അവയൊന്നും മാനദണ്ഡമായി യേശു കരുതുന്നില്ല.

എന്നാൽ, തന്റെ അനർഹത അയാൾ അംഗീകരിച്ചു ഏറ്റുപറയുകയും, വിനയപ്പെടുകയും ചെയ്യുമ്പോൾ, അവന്റെ വിശ്വാസ ആഴപ്പെടലിന്റെ അർഹത യേശു തിരിച്ചറിയുന്നു. വിനയവും, വിശ്വാസവും ഇവിടെ അർഹതയുടെ മാനദണ്ഡങ്ങളായി മാറുന്നു. അവൻ പണികഴിച്ച സിനഗോഗല്ല, അവന്റെ വിശ്വാസജീവിതസിനഗോഗാണ് ഇവിടെ ചിന്തനീയം.

നമ്മെ വിസ്മയിപ്പിക്കുന്നതും ഈ ശതാധിപന്റെ വിശ്വാസവും, അയോഗ്യതാബോധവുമാണ്. സകല വിജാതീയരുടേയും വിശ്വാസപ്രതിനിധിയായും, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ എന്ന് കരുതുന്നവർക്ക് ഒരു വെല്ലുവിളിയും, ഇയാൾ മാറി.

ലൂക്കാ സുവിശേഷകൻ, വിശ്വാസത്തിന്റെ അനന്യമാതൃകയായി ശതാധിപനെ ഇവിടെ വരച്ചുകാട്ടുന്നു. ഈ വിശ്വാസത്തിനുമുമ്പിൽ, അവൻ ഒരു വാക്കുപോലും ഉച്ചരിക്കാതെ, സൗഖ്യം നൽകി എന്നതാണ് മറ്റൊരു സത്യം. ഈ വചനഭാഗം ഒരുപാട് ചിന്തകൾ നമ്മിൽ വിതയ്ക്കുന്നു. ചിന്തകൾക്കതീതമായി, മാറ്റങ്ങൾ വരേണ്ടത് നമ്മിലാണെന്നു മറക്കാതിരിക്കാം.

error: Content is protected !!