ആകുലതകളെ അകറ്റി നിർത്താം; ദൈവ പരിപാലനയിൽ ആശ്രയിക്കാം…

ലൂക്കാ 12 : 29 – 34
ജീവിതാകുലതകൾ

ലോകസുഖങ്ങളോടുള്ള ആസക്തിയാണ്, നമ്മിൽ ആകുലത ഉളവാക്കുന്നത്. ദൈവാശ്രയബോധത്തിൽ ജീവിച്ചാൽ, ജീവിതത്തിൽ ശാന്തതയും സമാധാനവും കൈവരും. ദൈവപരിപാലനയുടേയും കരുതലിന്റേയും മുമ്പിൽ, മറ്റൊന്നിനും സ്ഥാനമില്ല എന്ന ബോധ്യം നമ്മിൽ വളർത്താം.

ദൈവമനുഷ്യബന്ധത്തിൽ ആകുലതയ്ക്ക് ഇടമില്ല. കാരണം, അന്നന്ന് വേണ്ടുന്നതെല്ലാം, അവിടുന്ന് അളവിൽ കൂടുതൽ നല്കുന്നവനാണ്. അവൻ നമ്മെ പഠിപ്പിച്ച പ്രാർത്ഥനയും അതായിരുന്നല്ലോ, “അന്നന്ന് വേണ്ട ആഹാരം…”. നമ്മുടെ ആവശ്യങ്ങൾ മുൻകൂട്ടിയറിയുന്ന ഒരു ദൈവമാണ് നമുക്കുള്ളത്.

നമുക്ക് ഇവയെല്ലാം പ്രദാനം ചെയ്യുന്ന ദൈവത്തെ നാം അന്വേഷിച്ചു കണ്ടെത്തിയാൽ, നമ്മുടെ ആകുലതകൾക്ക് അവധി നൽകാൻ കഴിയും. അവിടുത്തെ ശക്തമായ കരുതലിൻ കീഴിൽ, താഴ്മയോടെ നിൽക്കാൻ കഴിഞ്ഞാൽ മാത്രം മതി.

യേശുശിഷ്യർ സ്വന്തമാക്കേണ്ടത്, സമ്പത്തോ, സൗഭാഗ്യങ്ങളോ അല്ല, മറിച്ച്, ഈലോകത്തിലുള്ള സകലതിനേയും സൃഷ്ടിച്ചു, പരിപാലിക്കുന്ന, സർവ്വശക്തനായ ദൈവത്തെയാണ്. എങ്കിൽ ഇവയെല്ലാം നമ്മോട് കൂട്ടിച്ചേർക്കപ്പെട്ടുകൊള്ളും.

അങ്ങനെ നാം ഈലോകത്തിന്റെ മക്കളാകാതെ, ദൈവത്തിന്റെ മക്കളായി മാറും.ആദ്യം, ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അത് കണ്ടെത്തിയാൽ, അതിൽനിന്നും ഉരിത്തിരിയുന്ന ദൈവമനുഷ്യ സ്നേഹബന്ധമാണ് നമ്മുടെ ബലം.

നമ്മുടെ ജീവിതം, അവിടുന്നിലുള്ള വിശ്വാസത്തിലും, അവിടുത്തെ കരങ്ങളിലും ഭരമേൽപ്പിക്കുക. പിന്നീട് അവിടുന്ന് നമ്മെ നോക്കിക്കൊള്ളും. നമ്മിൽ ദൈവഹിതം നിറവേറട്ടെ. ഈലോകസമ്പത്ത് നശ്വരമാണ്. എന്നാൽ, ഹൃദയസമ്പന്നത അനശ്വരവും. ദൈവസന്നിധിയിലുള്ള സമ്പന്നതയാണ് എന്നും സ്വീകാര്യം. കാരണം, സർവ്വസമ്പന്നൻ അവിടുന്നാണ്.

നശിക്കാത്ത നമ്മുടെ ഏക സമ്പത്തും, അവിടുന്നു തന്നെ. നമുക്കും ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചു ജീവിക്കാം. ആ സ്നേഹബന്ധം നമ്മിൽ ഹൃദയസമ്പത്തിന് വഴിതെളിക്കും. ആകുലതകളെ അകറ്റി നിർത്താം…ദൈവാശ്രയത്തിൽ ജീവിക്കാം.

error: Content is protected !!