Reader's Blog

സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് പാലായിൽ പ്രാർഥനാപൂർണമായ തുടക്കം

പാലാ: സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ പ്രാർഥനാപൂർണമായ തുടക്കം. സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ആമുഖ പ്രഭാഷണം നടത്തി.

വൈകിട്ട് അഞ്ചരയോടെ ആരാധനയും ജപമാലയും നടന്നു. അസംബ്ലിക്രമം സംബന്ധിച്ച് കമ്മിറ്റി സെക്രട്ടറി റവ. ഡോ.ജോജി കല്ലിങ്കൽ വിശദീകരിച്ചു. സിനഡ് സെക്രട്ടറി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി മുൻ അംസംബ്ലിയുടെ റിപ്പോർട്ടിങ് നടത്തി. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അസംബ്ലി അംഗങ്ങൾക്കുള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

സമ്മേളനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒൻപതിന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ബിഷപ് ഡോ. ലിയോ പോൾദോ ജിറെല്ലി നിർവഹിക്കും. മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ജോർജ് കുര്യനും യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രീഗോറിയോസും പങ്കെടുക്കും. ഉച്ചയ്ക്കു പ്രബന്ധാവതരണത്തിനും ചർച്ചകൾക്കും ശേഷം മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും.

മാർ ആലഞ്ചേരിക്കുള്ള ആദരം സമർപ്പണവും നടക്കും. കൊച്ചിയിലെ സിനഡിൽനിന്ന് 40 ബിഷപ്പുമാർ ഒരുമിച്ച് വൈകിട്ട് അഞ്ചരയോടെയാണ് താമസസ്ഥലമായ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്.