മർക്കോസ് 8 : 31 – 9 : 1
നിത്യജീവൻ…
അവനിവിടെ സ്വയം “മനുഷ്യപുത്രൻ” എന്ന് വിശേഷിപ്പിക്കുന്നു. കാരണം, അവൻ ഒരേസമയം സഹിക്കുന്നവനും മരിക്കുന്നവനും മഹത്വീകൃതനുമാണ്.
ദൈവീകപദ്ധതിയുടെ ഭാഗമായി, അവൻ സഹിക്കുകയും മരിക്കുകയും ഉയിർക്കുകയും ചെയ്യേണ്ടത്, മനുഷ്യരക്ഷയുടെ ഭാഗം തന്നെയാണ്. എന്നാൽ, അവന്റെ ഈ വെളിപാട്, ശിഷ്യർക്ക് അഗ്രാഹ്യവും അസ്വീകാര്യവുമായിരുന്നു.
കാരണം, ശക്തനായ രാജാവ് എന്ന അവരുടെ മാനുഷീക സങ്കൽപ്പത്തെ, സഹനദാസനോട് ഉപമിക്കാൻ അവർ തയ്യാറല്ലായിരുന്നു. ആയതിനാലാവണം, അധികാര ധാർഷ്ട്യത്തോടെ, പത്രോസ് തടസ്സങ്ങൾ സൃഷ്ടിക്കുന്നത്. സാത്താനെന്ന് വിളിച്ചു, യേശു അവനെ ശാസിച്ചു മാറ്റിനിർത്തുന്നു.
പലപ്പോഴും അജ്ഞതയുടെ അഹംഭാവത്താൽ, നാമും ദൈവീക പദ്ധതികൾക്ക് തടസ്സം നിൽക്കാറുണ്ട്. ഒരിക്കലും, അവനാൽ “സാത്താനെന്ന” വിളിപ്പേരിന് നാം അർഹരാകാതിരിക്കട്ടെ. അതിനായി മാനുഷീകതലത്തിൽനിന്നും, നമ്മുടെ ചിന്തകളെ, ദൈവീകതലത്തിലേക്ക് ഉയർത്തുവാൻവേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാം.
ജീവിതസഹനത്തെ ഒഴിവാക്കാനുള്ള ശിഷ്യരുടെ മനോഭാവം മനസ്സിലാക്കി, ശിഷ്യത്വജീവിതത്തിലെ സഹനത്തിന്റെ അനിവാര്യത, അവൻ തുടർന്ന് അവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു.
ശിഷ്യത്വത്തിന്റെ ആദ്യപടി ആത്മപരിത്യാഗമാണെന്നും, അതിന്റെ മൂർത്തീഭാവമായി കുരിശെടുക്കണമെന്നും, നിർഭയം അവനെ അനുഗമിക്കണമെന്നും, ഈ യാത്രയിലുണ്ടാകുന്ന സഹങ്ങളേയും അപമാനങ്ങളേയും മരണത്തെത്തന്നെയും, സ്വീകരിക്കാൻ തയ്യാറാകണമെന്നും, അവൻ അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു.
സ്നേഹം സഹനവും, സഹനം മരണവും, മരണം നിത്യജീവനും കാംക്ഷിക്കുന്നു. ആയതിനാൽ, നഷ്ടപ്പെടുത്തലുകൾ, നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടികളാണ്. ലോകസുഖങ്ങൾ ദൈവീക നേട്ടങ്ങളുടെ നഷ്ടപ്പെടുത്തലും, സ്വയംത്യജിക്കൽ നിത്യജീവിതത്തിലേക്കുള്ള കവാടവുമാണ്.
അതിനാൽ, അവൻ നമുക്ക് ഒരു വാഗ്‌ദാനം നൽകുന്നു. മേൽപ്പറഞ്ഞവ അനുവർത്തിക്കുന്നവർ, അവന്റെ മഹത്വപൂർണ്ണമായ ആഗമനത്തിൽ ഭാഗഭാക്കുകളാകും. ക്രൂശിതനെ അനുഗമിച്ചാൽ, കുരിശ് ഒഴിവാക്കാനാവില്ല.
ആത്മപരിത്യാഗം അവിടെ അനിവാര്യതയുടെ മേലങ്കിയണിയും. സ്ഥാനമാനങ്ങളും സുഖസൗകര്യങ്ങളും, ഉപേക്ഷിക്കലിന്റെ വഴിതേടാൻ നിർബന്ധിതമാകും. ജീവത്യാഗം, നിത്യജീവനിലേക്ക് വഴിതെളിക്കും. അവനോടുള്ള വിശ്വസ്തതയാണ് എല്ലാറ്റിന്റേയും അടിസ്ഥാനം. ഈ നോമ്പിൽ, നമ്മെത്തന്നെ പ്രാർത്ഥിച്ചൊരുക്കാം.