വിശുദ്ധ സ്റ്റാനിസ്ലാവൂസ് 1030 ജൂലൈ 26ന് ക്രാക്കോവിന് അടുത്തുള്ള സിപ്പാനോവില്‍ ജനിച്ചു. മാതാപിതാക്കള്‍ കുലീന പ്രഭുകുടുംബത്തില്‍പെട്ടവരും ഭക്തരായ കത്തോലിക്കരുമായിരുന്നു. അതുകൊണ്ട്, അവരുടെ ഏകപുത്രന്‍ പൗരോഹിത്യം സ്വീകരിച്ചു കാണാന്‍ തല്പരരുമായിരുന്നു.
മാതാപിതാക്കളുടെ മരണശേഷം സ്റ്റാനിസ്ലാവൂസ് തനിക്കു പാരമ്പര്യമായി ലഭിച്ച ഭീമമായ സമ്പത്തെല്ലാം പാവങ്ങളുടെ ഇടയില്‍ വിതരണം ചെയ്തു. പൗരോഹിത്യം സ്വീകരിച്ച് അധികനാള്‍ കഴിയുന്നതിനു മുമ്പേ അദ്ദേഹം ക്രാക്കോവിലെ വികാരി ജനറാളായി നിയമിതനായി.
പോപ്പ് അലക്‌സാണ്ടര്‍ രണ്ടാമന്റെ ആജ്ഞ അനുസരിച്ച് 1072-ല്‍ സ്റ്റാനിസ്ലാവൂസ് ക്രാക്കോവിന്റെ മെത്രാന്‍സ്ഥാനം ഏറ്റെടുത്തു. സത്യത്തിനും നീതിക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത അദ്ദേഹം രാജാവിനെപ്പോലും അക്കാര്യത്തില്‍ ഒഴിവാക്കിയില്ല.
വിഷയലമ്പടനും ക്രൂരനുമായിരുന്ന പോളീഷ് രാജാവ് ബോള്‍സ്ലാസ് രണ്ടാമനെ നന്നാക്കാന്‍ പ്രാര്‍ത്ഥനയും ഉപദേശങ്ങളും ഒന്നും ഫലപ്രദമാകാതെ വന്നപ്പോള്‍, സകല സഭാകാര്യങ്ങളില്‍നിന്നും സ്റ്റാനിസ്ലാവൂസ് അദ്ദേഹത്തെ ഒഴിവാക്കി. എന്നിട്ട്, ക്രാക്കോവിന്റെ ഉള്‍പ്രദേശത്തുള്ള സെ. മൈക്കിള്‍സ് ചാപ്പലിലേക്ക് അദ്ദേഹം താമസം മാറ്റുകയും ചെയ്തു.
ക്രുദ്ധനായ രാജാവ് 1079 ഏപ്രില്‍ 11-ന് ബിഷപ്പ് സ്റ്റാനിസ്ലാവൂസിനെ വധിക്കാന്‍ കൊലയാളികളെ അയച്ചു. പക്ഷേ, ആജ്ഞ നടപ്പാക്കാന്‍ കൊലയാളികള്‍ മടിച്ചു. ഇതറിഞ്ഞ് ചീറിപ്പാഞ്ഞെത്തിയ രാജാവ് ചാപ്പലിലേക്ക് ചാടിക്കയറി. ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന വി. സ്റ്റാനിസ്ലാവൂസിന്റെ ശിരസ് അദ്ദേഹം വാളുകൊണ്ട് വെട്ടിപ്പിളര്‍ന്നു.
പോപ്പ് ഗ്രിഗരി ഏഴാമന്‍ ഉടനടി പോളണ്ടിന്റെമേല്‍ നടപടിയെടുത്തു. 1081-ല്‍ രാജാവ് അധികാര ഭ്രഷ്ടനാകുകയും നാടുകടത്തപ്പെടുകയും ചെയ്തു. രണ്ടുവര്‍ഷത്തിനുശേഷം പശ്ചാത്താപവിവശനായ രാജാവ് ഹങ്കറിയിലെ ഒരു ബനഡിക്‌ടൈന്‍ ആശ്രമത്തില്‍ എത്തിച്ചേർന്നു.
1089-ല്‍ ബിഷപ്പ് ലാംബര്‍ട്ട് III ക്രാക്കോവിലെ കത്തീഡ്രലിന്റെ അള്‍ത്താരയ്ക്കു സമീപം സ്റ്റാനിസ്ലാവൂസിന്റെ ഭൗതികാവശിഷ്ടം അടക്കംചെയ്തു. പോപ്പ് ഇന്നസെന്റ് IV 1253-ല്‍ അസ്സീസിയില്‍വച്ച് സ്റ്റാനിസ്ലാവൂസിനെ പോളണ്ടിന്റെ പ്രഥമ വിശുദ്ധനായി പ്രഖ്യാപിച്ചു.