തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി.
1898 ജനുവരി പത്താം തീയതി സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. സന്യാസത്തിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ സഹനങ്ങളും രോഗങ്ങളും ക്ലേശങ്ങളും പ്രലോഭനങ്ങളും അവളെ ഏറെ അലട്ടി. അതുപോലെതന്നെ സ്വർഗ്ഗീയ ആനന്ദവും ഉണ്ടായിരുന്നു.
അവളുടെ എല്ലാ ആധ്യാത്മിക സംഘട്ടനങ്ങളും ദൈവീക വെളിപാടുകളും മേനാച്ചേരി പിതാവിനെ അദ്ദേഹത്തിന്റെ കല്പനപ്രകാരം അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെ രചിക്കപ്പെട്ട എൺപതോളം കത്തുകൾ ‘എവുപ്രസ്യാമ്മയുടെ ലിഖിതങ്ങൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1900 മെയ് ഇരുപത്തിനാലാം തീയതി ഒല്ലൂരിൽ സ്ഥാപിതമായ സെന്റ് മേരീസ് മഠത്തിന്റെ ആശിർവാദ ദിനത്തിൽ സിസ്റ്റർ എവുപ്രാസ്യ നിത്യവ്രത വാഗ്ദാനം ചെയ്തു. തുടർന്നുള്ള 48 വർഷത്തോളം എവുപ്രസ്യാമ്മ ഈ ഒല്ലൂർ മഠത്തിൽ തന്നെയാണ് താമസിച്ചിട്ടുള്ളത്.
നോവീസ് മിസ്ട്രസ്, മഠ അധിപ തുടങ്ങിയ ഉത്തരവാദിത്വങ്ങളിൽ നിയോഗിക്കപ്പെട്ട സിസ്റ്ററുടെ പ്രാർത്ഥന ജീവിതവും നിയമാനുഷ്‌ഠന താൽപര്യവും താപസ കൃത്യങ്ങളും ജീവിതകാലത്തുതന്നെ പ്രത്യേകം ശ്രദ്ധേയമായിരുന്നു.
എളിയ ഭാവത്തോടെ എപ്പോഴും വ്യാപിക്കാനും കർത്താവ് നൽകിയ ആത്മീയ വരങ്ങൾ സന്തോഷപൂർവ്വം മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ചെലവഴിക്കാനും എവുപ്രാസ്യമ്മ സദാ ഉത്സുകയായിരുന്നു.
നീണ്ട മണിക്കൂറുകൾ തിരുസന്നിധിയിൽ ഭക്തിപൂർവ്വം പ്രാർത്ഥിച്ചും ജപമാല ചൊല്ലിയും കഴിഞ്ഞിരുന്ന ഈ സുകൃതിനി ‘പ്രാർത്ഥിക്കുന്ന അമ്മ’ എന്ന അപരനാമത്തിലാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. ‘പണത്തിൽ കുറഞ്ഞാലും പുണ്യത്തിൽ കുറയരുത്’, എന്ന് എല്ലാവരോടും പറഞ്ഞിരുന്നു.
1952 ഓഗസ്റ്റ് 29 ന് എവുപ്രാസ്യമ്മ ദൈവസന്നിധിയിലേക്ക് യാത്രയായി.1987-ൽ ദൈവദാസിയായി പ്രഖ്യാപിച്ചു. 2006 ൽ വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയർത്തിയ എവുപ്രാസ്യമ്മയെ 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.