കോണ്‍സ്റ്റാന്റിനോപ്പിളിലെ അതിസമ്പന്നമായ കുടുംബത്തിലാണ് ഒളിമ്പിയാസ് ജനിച്ചത്. മാതാപിതാക്കൾ നേരത്തേ മരിച്ചതിനാൽ പിതൃസഹോദരനായ പ്രൊക്കോപ്പിയൂസിന്റെ കീഴിൽ ഭക്തയായ തെയോഡോഷ്യായുടെ സംരക്ഷണത്തിൽ അവൾ വള൪ന്നുവന്നു.
ക്രിസ്തീയ പുണ്യങ്ങളിൽ അടിപ്പെട്ടിരുന്ന ഒളിമ്പിയയുടെ ജീവിതം പതിനെട്ടാം വയസിൽ ക്രിസ്‌തീയ പുണ്യങ്ങളുടെ നിദാന്ത മാതൃകയായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. പിന്നീട് ഒളിമ്പിയ ധനികനായ നെബ്രിഡിയസിനെ വിവാഹം ചെയ്തു. രണ്ട് വർഷങ്ങൾക്ക് ശേഷം നെബ്രിഡിയസ് അന്തരിച്ചു.
ഒളിമ്പിയ വീണ്ടും വിവഹത്തിനായി മറ്റുള്ളവരാൽ നിർബന്ധിക്കപ്പെട്ടു. അപ്പോൾ ഒളിമ്പിയയുടെ മറുപടി ഇങ്ങനെയായിരുന്നു: “ഒരു വിവാഹജീവിതം തുടരുകയായിരുന്നു എന്നെക്കുറിച്ചുള്ള ദൈവഹിതമെങ്കിൽ അവിടുന്നൊരിക്കലും എന്റെ ജീവിതപങ്കാളിയെ തിരിച്ചുവിളിക്കുകയില്ലായിരുന്നു. അതോടെ വിവാഹജീവിതവുമായുള്ള എന്റെ ഉടമ്പടി അവസാനിച്ചു. ഇനി ദൈവത്തിൽ മാത്രം ശരണപ്പെട്ടുകൊണ്ടുള്ളതാണ് എന്റെ ജീവിതം.”
കോൺ സ്റ്റാന്റിനോപ്പിളിലെ ആർച്ച് ബിഷപ് നെക്‌ടാറിയസ ഒളിമ്പിയായെ അൾത്താര ഒരുക്കൽ, പുരോഹിതരെ ഉപവിപ്രവർത്തനങ്ങളിൽ സഹായിക്കൽ, സു വിശേഷപ്രഘോഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്‌കൽ എന്നീ സഭാശുശ്രൂഷകൾക്കായി നിയമിച്ചു.
നെക്‌ടാറിയസിന്റെ പിൻഗാമിയായ വിശുദ്ധ ജോൺ ക്രിസോസ്റ്റം ഒളിമ്പിയായുടെ സഹകരണത്തോടെ അഗതികൾക്കും വൃദ്ധർക്കുമായി ആശുപത്രികൾ സ്ഥാപിച്ചിരുന്നു.
പ്രാ൪ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും അവൾ തന്റെ ജീവിതത്തെ വിശുദ്ധിയിലേക്ക് നയിച്ചു. സ്വത്തുവകകൾ സഭയ്ക്കും ദരിദ്ര൪ക്കുമായി ദാനംചെയ്തു. വി .ക്രിസോസ്റ്റം, വിശുദ്ധ എപ്പിഫാനിയൂസ്,വിശുദ്ധ പീറ്റ൪ സെബാസ്റ്റ് എന്നിവരെല്ലാം അവളുടെ വിശുദ്ധിയെ സമാദരിച്ചു.