വിശുദ്ധ പ്രോസസ്, വിശുദ്ധ മാർട്ടിനിയൻ: ജൂലൈ 2

ജൂലൈ 2 ന് സഭ ആഘോഷിക്കുന്ന വിശുദ്ധന്മാരാണ് പ്രോസസ്സും മാർട്ടിനിയനും. വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു.

ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു അവിടെ തടവുകാരായി ഉണ്ടായിരുന്നത്. അവരില്‍ കുറച്ച്‌ പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും, അവരുടെ പ്രബോധനങ്ങളെ കേള്‍ക്കുകയും ചെയ്ത പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റിയുള്ള അറിവിനാല്‍ അനുഗ്രഹീതരായി.

അപ്പസ്തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി വന്നതിനു ശേഷം പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. അവര്‍ പത്രോസ് അപ്പസ്തോലനില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിക്കുകയും പിന്നീട് അദ്ദേഹത്തെ തടവറയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.

ആ കാരഗ്രഹത്തിന്റെ മേലധികാരിയായിരുന്ന പോളിനൂസിന് ഇതിനെപ്പറ്റിയുള്ള അറിവ് കിട്ടിയപ്പോള്‍ അദ്ദേഹം വിശുദ്ധന്മാരായ പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവിലുള്ള വിശ്വസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധരാകട്ടെ സധൈര്യം യേശുവിലുള്ള തങ്ങളുടെ വിശ്വാസത്തെ ഏറ്റു പറയുകയും, ജൂപ്പീറ്ററിന്റെ സ്വര്‍ണ്ണംകൊണ്ടുള്ള പ്രതിമയുടെ മുഖത്ത് തുപ്പുകയും ചെയ്തു.

ഇത് കണ്ട പോളിനൂസ് അവരുടെ മുഖത്ത് അടിക്കുവാന്‍ പടയാളികളോട് ഉത്തരവിട്ടു. തുടര്‍ന്നു അവരെ ക്രൂരമായി പീഡിപ്പിക്കുവാന്‍ പോളിനൂസ് ഉത്തരവിട്ടു. വിശുദ്ധന്മാരെ ഇരുമ്പ് കമ്പികൊണ്ടടിക്കുകയും, തീപന്തങ്ങള്‍ കൊണ്ട് പൊള്ളിക്കുകയും ചെയ്തതിനു ശേഷം അവരെ വീണ്ടും കാരാഗ്രഹത്തിലടച്ചു.

ചക്രവർത്തിയുടെ കൽപ്പന പ്രകാരം അവരെ ശിരഛേദം ചെയ്തു. അവരുടെ രക്തസാക്ഷിത്വത്തിനുശേഷം, ലൂസിന എന്ന സ്ത്രീ അവരെ സ്വന്തം സെമിത്തേരിയിൽ അടക്കം ചെയ്തതായി പറയപ്പെടുന്നു. അവരുടെ മരണത്തിനും സംസ്‌കാരത്തിനും ശേഷം പല അത്ഭുതങ്ങളും സംഭവിച്ചതായി പറയപ്പെടുന്നു.

error: Content is protected !!